Islah Monthly

പുസ്തകം - 1ലക്കം -7May 2015


ഇനി പറയൂ കാന്തപുരം! ഇതാണോ മാനവികത…?

2012 ഏപ്രില്‍ മാസം 19-ാം തിയ്യതി വൈകുന്നേരം അഞ്ച് മണി നേരം. സ്ഥലം മലപ്പുറം ജില്ലയുടെ പ്രധാന പട്ടണമായ കോട്ടക്കല്‍. കേരളത്തിന്റെ അഭിമാനസ്ഥാപനമായ കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥിതി ചെയ്യുന്ന പട്ടണമായത് കൊണ്ട് തന്നെ നിരവധി വ്യാപാരങ്ങളും ജനങ്ങളും നിറഞ്ഞ ഒരു സ്ഥലമാണിത്. ഒരു മിനിറ്റ് പോലും റോഡ് ബ്ളോക്കാകാതിരിക്കാന്‍ പോലീസും കേരള ഹോംഗാര്‍ഡ്സും കിണഞ്ഞ് ശ്രമിക്കുന്നത് ഇവിടത്തെ നിത്യകാഴ്ച്ചയാണ്. ആ പട്ടണത്തിന്റെ ഹൃദയഭാഗത്ത് അന്നേ ദിവസം റോഡുകളില്‍ നിരനിരയായി വാഹനങ്ങള്‍ ബ്ളോക്കായി കിടക്കുന്നു. തിരക്കേറിയ ഒരു ടൌണില്‍ റോഡൊന്ന് ബ്ളോക്കാകണമെങ്കില്‍ ഏതെങ്കിലും രണ്ട് വാഹനങ്ങള്‍ കുറുകെ കിടന്നാല്‍ മതിയാകും. പ്രത്യേകിച്ചും കോട്ടക്കലിനെപ്പോലെ പ്രശസ്തിയും പ്രാധാന്യവുമുള്ള ഒരു സ്ഥലത്ത്. മണിക്കൂറുകളോളം ബ്ളോക്കായി കിടക്കുന്ന ആ വാഹനങ്ങളില്‍ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ മുതല്‍ കാറും ബസ്സും ലോറിയുമെല്ലാമുണ്ട്. ആ വാഹനങ്ങളില്‍ ഹോസ്പിറ്റലുകളില്‍ അവശരായി കിടക്കുന്ന രോഗികള്‍ക്ക് ഭക്ഷണവും മരുന്നിനുള്ള പണവും ഒരു വേള രക്തവും എത്തിക്കേണ്ടുന്ന അത്യാവശ്യക്കാരുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് വരുന്നവരും തിരിച്ച് പോകുന്നവരുമായ രോഗികളുണ്ട്. നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് എത്തിക്കൊള്ളാമെന്ന് വാക്ക് പറഞ്ഞവരുണ്ട്. വിദ്യാലയങ്ങള്‍ വിട്ട് വീടണയാന്‍ വെമ്പല്‍ കൊള്ളുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളുമുണ്ട്. പകലന്തിയോളം എരിപൊരി കൊള്ളുന്ന വെയിലില്‍ പണിയെടുത്ത് ഒന്നു നടുനിവര്‍ത്താന്‍ വീട്ടിലേക്ക് കുതിക്കുന്ന ജോലിക്കാരുണ്ട്. ഇരുട്ടെത്തുന്നതിന് മുമ്പ് സ്വന്തം വീട്ടിലെത്താന്‍ ആഗ്രഹിക്കുന്ന ജോലിക്കാരും അല്ലാത്തവരുമായ യുവതികളുണ്ട്. കുഞ്ഞുങ്ങള്‍ ഉറക്കം തൂങ്ങും മുമ്പ് അവര്‍ക്ക് അന്നമെത്തിക്കാന്‍ പായുന്ന കൂലിപ്പണിക്കാരായ സാധുക്കളുണ്ട്. ചുമച്ചും കിതച്ചും നില്‍ക്കാനും ഇരിക്കാനും കഴിയാതെ പ്രയാസപ്പെടുകയും ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടി വരികയും ചെയ്ത വൃദ്ധന്‍മാരും വൃദ്ധകളുമുണ്ട്. വീടുകളില്‍ രോഗികളായി കിടക്കുന്ന മാതാപിതാക്കള്‍ക്ക് എത്തിക്കേണ്ട മരുന്നുകള്‍ കയ്യില്‍ പിടിച്ച് വീട്ടിലേക്ക് കുതിക്കുന്ന മക്കളുണ്ട്. മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ച പിതാക്കന്‍മാരുണ്ട്. അങ്ങനെ നിരവധിയനവധി ആവശ്യങ്ങളുമായി അതിരാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ടവരാണ് അവരില്‍ പലരും. അവരെല്ലാം ഒരേയൊരു വിലങ്ങുതടിക്ക് മുന്നില്‍ കുടുങ്ങി അക്ഷമയോടെ പ്രാകിയും ഭ്രാന്ത് പിടിച്ചും നിര്‍ത്തിയിട്ട വാഹനങ്ങളില്‍ സമയം പോക്കുന്നു. സമുദായത്തിന്റെ സ്വര്‍ഗ്ഗയാത്രക്ക് മുന്നില്‍ എന്നേ വിലങ്ങുതടിയായി മാറിയ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ എന്ന മനുഷ്യനാണ് മുകളില്‍ വിവരിച്ച ആയിരക്കണക്കിന് അത്യാവശ്യ യാത്രക്കാരുടെ മുന്നില്‍ കൈകള്‍ വിരിച്ച് തടസ്സമായി നിന്ന വഴിമുടക്കി. ‘മാനവിക ഉണര്‍ത്തുന്നു’ എന്ന പേരില്‍ കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍ഗോഡ് നിന്നും തെക്കേയറ്റമായ തിരുവനന്തപുരത്തേക്ക് അയാള്‍ നടത്തിയ ആര്‍ഭാടയാത്ര ആയുര്‍വേദത്തിന്റെ നാട്ടില്‍ ആടിത്തിമിര്‍ത്ത ദിവസമായിരുന്നു അന്ന്. അതിനും ദിവസങ്ങള്‍ക്ക് മുമ്പേ അരപ്പിരി ലൂസായ ചില കാന്തപുരം ഭക്തമാര്‍ നട്ടപ്പാതിരയെന്നോ നട്ടുച്ചയെന്നോ വ്യത്യാസമില്ലാതെ സ്വയം പരിഹാസ കഥാപാത്രങ്ങളായി മാറുന്നതിനും കോട്ടക്കല്‍ സാക്ഷ്യം വഹിച്ചിരുന്നു. നട്ടുച്ച നേരത്തെ പൊരിവെയില്‍ വക വെക്കാതെ ഒരു കാന്തപുരം ഭക്തന്‍ ഒറ്റക്ക് മുദ്രാവാക്യം വിളിച്ച് ആര്യവൈദ്യശാലയുടെ മുന്നിലൂടെ താഴോട്ടും മേലോട്ടും മുക്രയിട്ട് പായുന്നതിനും കോട്ടക്കലിലെ ജനങ്ങള്‍ സാക്ഷിയായി. ഇതൊക്കെ വലിയ സംഭവങ്ങളാണെന്നാണ് അന്തമില്ലാത്ത അവറ്റകളുടെ ധാരണ. കണ്ട് നില്‍ക്കുന്ന പൊതുജനം എത്ര പരിഹാസത്തോടെയാണ് ഇത് നോക്കിക്കാണുന്നതെന്ന് അവറ്റകള്‍ ചിന്തിക്കാറില്ല. ഇവനെയൊക്കെ കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് ഉന്തിത്തള്ളിക്കയറ്റി തലയില്‍ നെല്ലിക്കാത്തളം വെച്ചാല്‍ തീരുന്ന അസുഖമൊന്നുമല്ല ഇത്. ഇതിന് ചികിത്സ കുതിരവട്ടം ഭ്രാന്താശുപത്രിയിലേ കാണൂ.

കഴിഞ്ഞ ഒരു മാസമായി കാന്തപുരത്തിന്റെ ഭക്തമാരുടെ ഇബാദത്ത് തന്നെ കേരളയാത്രയാണ്. കേരളയാത്ര തുടങ്ങിയ അന്ന് അക്ഷരാര്‍ത്ഥത്തില്‍ അയാളുടെ ഭക്തജനങ്ങള്‍ക്ക് പെരുന്നാളായിരുന്നു. അന്നേ ദിവസം എന്റെ നാടായ ഒതുക്കുങ്ങല്‍ ടൌണ്‍ സലഫി പള്ളിയിലും തൊട്ടടുത്ത സുന്നി പള്ളിയിലും സുബ്ഹി ജമാഅത്ത് നടക്കുന്നു. അതേ സമയം ടൌണില്‍ ‘കാന്തമാനിയ’ ബാധിച്ച ഏതാനും ഭക്തന്‍മാര്‍ കാന്തപുരത്തിന് മുദ്രാവാക്യം വിളിക്കുന്നു. “അസ്സ്വലാത്തു ഖൈറും മിനന്നൌം” എന്ന ബാങ്കൊലി കേട്ട് ഉണര്‍ന്ന വിശ്വാസീ സമൂഹം പള്ളികളിലേക്ക് സുബ്ഹി നമസ്കാരത്തിന് പോകുമ്പോള്‍ കണ്ടത് “അല്‍ കേരളയാത്ര ഖൈറും മിനസ്സ്വലാത്ത്” എന്ന മട്ടില്‍ കോമാളിവേഷം കെട്ടിയാടുന്ന കാന്തപുരം ഭക്തന്‍മാരെയാണ്. ഒരു വ്യക്തിയോടുള്ള ഭക്തി മൂത്താല്‍ അല്ലാഹുവോടുള്ള ഭക്തി കുറയുമെന്നതിന്റെ ജീവിതസാക്ഷ്യങ്ങളാണ് ഓരോ കാന്തപുരം മുരീദും. സത്യസായി ബാബയുടെയും രവിശങ്കറിന്റെയും അമൃതാനന്ദമയിയുടെയും ഭക്തന്‍മാരെപ്പോലെ കുറെ കാന്തഭക്തരും കേരളത്തിലുണ്ടെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ആ ഭക്തന്‍മാരാണ് ഏതാനും ആഴ്ച്ചകളായി കാന്തപുരത്തിന്റെ കേരളയാത്രയുടെ പേരില്‍ പൊതുജനത്തിന് നിരന്തരമായി ശല്യമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ യാത്ര കൊണ്ട് കേരളത്തിലെ പൊതുസമൂഹത്തിന് ഉപദ്രവമല്ലാതെ എന്ത് ഉപകാരമാണ് ലഭിച്ചത്? കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പൊതുജനം ഇവരുടെ കേരളയാത്രയുടെ ഉത്സവത്തിമിര്‍പ്പില്‍ നട്ടം തിരിഞ്ഞുവെന്നല്ലാതെ യാതൊരു നേട്ടവും ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. കിട്ടിയത് മുഴുവന്‍ കാന്തപുരത്തിന് തന്നെയാണ്. ഇതിന്റെ പേരില്‍ നടന്ന പിരിവില്‍ ഇതിനകം എത്ര കോടികള്‍ പിരിച്ചെടുത്തു എന്നത് ആര്‍ക്കുമറിയില്ല. പിന്നെ ലാഭം കിട്ടിയത് ഫ്ളക്സ് ബാനര്‍ പ്രിന്റ് ചെയ്യുന്ന കടക്കാര്‍ക്കും. ഇതല്ലാതെ, തങ്ങളുടെ കേരളയാത്ര കൊണ്ട് പൊതുസമൂഹത്തിന്, വിശിഷ്യാ, വിശ്വാസീ സമൂഹത്തിന് ഇന്നയിന്ന നേട്ടങ്ങളുണ്ടായി എന്ന് വസ്തുനിഷ്ഠാപരമായി പറയാന്‍ ഏതെങ്കിലും കാന്തഭക്തന് സാധിക്കുമോ? ഓരോ സ്വീകരണ കേന്ദ്രത്തിലും കാന്തപുരം മുസ്ല്യാരെ വാനോളം പൊക്കിക്കൊണ്ട് അയാളുടെ അനുയായികളും ചില രാഷ്ട്രീയക്കാരും പ്രസംഗിക്കുകയും അതിന് ശേഷമുള്ള കാന്തപുരത്തിന്റെ ബഡായിപ്രസംഗവുമാണ് കേരളയാത്രയുടെ ആകെത്തുക. തന്റെ സ്ഥിരം ബഡായിയില്‍ പുട്ടിന് തേങ്ങയിടുന്നത് പോലെ ഇടക്കിടെ ‘മാനവികത’ എന്ന വാക്ക് പ്രയോഗിച്ചത് കൊണ്ട് അയാളുടെ അനുയായികള്‍ നന്നായിട്ടില്ല. നന്നാവുകയുമില്ല. തൊലിക്കട്ടിയുള്ള ശരീരവും ഉളുപ്പില്ലാത്ത സംസാരവും എങ്ങോട്ട് വളച്ചാലും വളയുന്ന എല്ലില്ലാത്ത ഒരു നാവും കയ്യടിക്കാന്‍ മാനവികതയും മാനവും തിരിച്ചറിയാത്ത കുറച്ച് രാഷ്ട്രീയക്കാരും അതെല്ലാം കേട്ട് ഒന്നും മനസ്സിലാകാഞ്ഞിട്ടും തക്ബീര്‍ വിളിക്കാന്‍ തയ്യാറുള്ള കുറച്ച് ഭക്തജനങ്ങളുമുണ്ടെങ്കില്‍ കാന്തപുരത്തിന് ഇനിയും മാനവികത പ്രസംഗിക്കാം. ഈയിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സാഹോദര്യത്തിന്റെ സന്ദേശം പത്രങ്ങളില്‍ ഒറ്റപ്പേജില്‍ പരസ്യമായി വന്നിട്ട് നമ്മള്‍ കേരളീയര്‍ വായിച്ച് സഹിച്ചില്ലേ? സുനാമിയും ചിക്കുന്‍ഗുനിയയും വന്നപ്പോഴും നമ്മള്‍ പിടിച്ച് നിന്നില്ലേ? അത് കൊണ്ട് തന്നെ കാന്തപുരത്തിനും മാനവികത പറയാം. ഇന്ത്യന്‍ ഭരണഘടന അതിനുള്ള സ്വാതന്ത്യ്രം കാന്തപുരത്തിനും നല്‍കുന്നുണ്ട്. ആ ഒരു കാരണം കൊണ്ട് തന്നെ ആരും അയാളുടെ നാവിന് കൂച്ചുവിലങ്ങിടാന്‍ പോകുന്നില്ല. ആ ധൈര്യത്തിലായിരിക്കാം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിരുദ്ധമായി മുസ്ല്യാര്‍ പിന്നെയും ഓരോന്ന് തട്ടിവിടുന്നത്. അത്തരത്തിലൊരു ബഡായി 2012 ഏപ്രിലില്‍ പുറത്തിറങ്ങിയ സുന്നിവോയ്സിന്റെ ‘മാനവീയം കേരളയാത്ര പതിപ്പി’ലും കാണാനിടയായി. ആദ്യം അതൊന്ന് വായിക്കുക. കാന്തപുരം പറയുന്നു.

“മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാതിരിക്കുക. മനുഷ്യനെ മനുഷ്യനായി കാണുക. അതാണ് യാത്രയുടെ ലക്ഷ്യം. എന്റെ ജീവിതത്തില്‍ ഉണ്ടായ ഒരനുഭവം പറയാം. ഞാന്‍ രാവിലെ അഞ്ച് മണിക്ക് എന്റെ വീട്ടില്‍ നിന്ന് വരികയാണ്. താമരശ്ശേരിക്ക് ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് ലോറിയും ബസ്സും കൂട്ടിയിടിച്ച് കുറെ ആളുകള്‍ നിലവിളിക്കുന്നു. ഞാന്‍ കാര്‍ നിര്‍ത്തി. ആരുമില്ല. അഞ്ചുമണി സമയം. ഞാനുടനെ എന്റെ കാറില്‍ പത്തുപതിനഞ്ചാളുകളെ വലിച്ചു കയറ്റി താമരശ്ശേരി ആശുപത്രിയിലെത്തിച്ചു. അക്കൂട്ടത്തില്‍ അല്ലാഹ് എന്ന് കരയുന്ന മുസ്ലിംകളുണ്ട്. അയ്യോ എന്ന് കരയുന്ന ഹിന്ദുക്കളുണ്ട്. യേശുവിനെ വിളിക്കുന്ന കൃസ്ത്യാനികളുണ്ട്. (യാ ശൈഖ് മുഹ്യിദ്ദീന്‍ എന്ന് വിളിക്കുന്ന ഖുറാഫികളില്ലെന്ന് തോന്നുന്നു-ലേഖകന്‍) നിസ്കാരത്തഴമ്പ് നെറ്റിയിലുള്ളവരുണ്ട്. നെറ്റിയില്‍ പൊട്ട് തൊട്ടവരുണ്ട്. കഴുത്തില്‍ കുരുശുമാല ധരിച്ചവരുണ്ട്. ഞാനതൊന്നും നോക്കിയില്ല. ഞാന്‍ നോക്കിയത് ഇത് മനുഷ്യരാണ്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും. അതുമാത്രമേ നോക്കിയുള്ളൂ. ഈയൊരു കാര്യം എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഈ സന്ദേശം ലോകത്തിന് നല്‍കാനാണ് ഈ യാത്ര.” [പേജ് 8]

മറ്റുള്ളവരുടെ വിശ്വാസം ഹനിക്കാതിരിക്കുക എന്നതാണല്ലോ കാന്തപുരം പറഞ്ഞ ഒന്നാമത്തെ വിഷയം. അതില്‍ നിന്ന് തന്നെ തുടങ്ങാം നമുക്ക് മറുപടി. നമുക്കറിയാം, കേരള മുസ്ലിം സമൂഹമെന്നത് വ്യത്യസ്ത ആശയവും വീക്ഷണവും അതിനൊത്ത ആചാരങ്ങളും കൊണ്ട് സമ്പന്നമാണ്. ദര്‍ഗകള്‍ക്ക് മുമ്പില്‍ സുജൂദ് ചെയ്യുന്ന ക്വുബൂരിയും അത് കടുത്ത ശിര്‍ക്കാണെന്ന് പ്രബോധനം ചെയ്യുന്ന സലഫികളും ഇത് രണ്ടിന്റെയും ഇടയില്‍ നിന്ന് ഞാണിന്‍മേല്‍കളി നടത്തുന്ന തബ്ലീഗുകാരും ഇതെല്ലാം ശാഖാപരമാണെന്ന് വിധിയെഴുതി കൊക്കക്കോള കുടിച്ചും കരിമണല്‍ വിറ്റും ആറുവരിപ്പാതയിലൂടെ സഞ്ചരിച്ച് ജനങ്ങള്‍ നരകത്തില്‍ പോകുമോ എന്ന് ആകുലപ്പെട്ട് തല പുണ്ണാക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഈ മുസ്ലിം സമൂഹത്തിനുള്ളില്‍ തന്നെയാണ് പെടുക. എന്ന് വെച്ച് ദര്‍ഗകള്‍ക്ക് മുന്നില്‍ സുജൂദ് ചെയ്യുന്ന ക്വുബൂരിയെ അവിടെ നിന്നും വലിച്ചിടാന്‍ ഒരു സലഫിക്ക് അധികാരമില്ല. എന്തുകൊണ്ടെന്നാല്‍ അത് അവന്റെ വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരമാണ്. അതുപോലെ ദര്‍ഗയുടെ മുമ്പിലുള്ള സുജൂദ് കടുത്ത തെറ്റായിക്കാണുന്ന ഒരു സലഫിയെ വലിച്ച് കൊണ്ട് വന്ന് ദര്‍ഗയുടെ മുന്നില്‍ കമിഴ്ത്തിക്കിടത്തി സുജൂദ് ചെയ്യിക്കാന്‍ ഒരു ക്വുബൂരിക്ക് അധികാരമില്ല. കാന്തപുരത്തിന്റെ കയ്യിലുള്ള കള്ളമുടി വെള്ളത്തിലിട്ട് മോന്താന്‍ അയാളുടെ ഭക്തന്‍മാര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. അത് മോന്തിയ ഖുറാഫിയുടെ അണ്ണാക്കില്‍ കയ്യിട്ട് ഛര്‍ദ്ദിപ്പിക്കാന്‍ ഒരു സലഫിക്ക് അവകാശമില്ല. മറ്റുള്ളവരുടെ വിശ്വാസം ഹനിക്കാതിരിക്കുക എന്ന് കാന്തപുരം പറഞ്ഞതിന്റെ മിനിമം വിശദീകരണമാണ് ഞാനീ പറഞ്ഞത്. എന്നാല്‍ ഇത്തരം തിന്‍മകള്‍ കാണുമ്പോള്‍ ‘അരുത്’ എന്ന് ഉപദേശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അതിനുള്ള സ്വാതന്ത്യ്രം ഇന്ത്യാമഹാരാജ്യത്തെ ഭരണഘടന നമുക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, പേരറിയുന്നതും അറിയാത്തതുമായ, മുസ്ലിമോ അമുസ്ലിമോ ആയ, മനുഷ്യനോ പട്ടിയോ എന്ന് തിരിച്ചറിയാത്ത ഏതെങ്കിലും ജീവികളെ കുഴിച്ചിട്ട മണ്‍കൂനകള്‍ക്ക് മുമ്പില്‍ വിവരമില്ലാത്ത ഒരു ഖുറാഫി സാഷ്ടാംഗം ചെയ്യുമ്പോള്‍ “അരുത് സഹോദരാ” എന്ന് മതം പഠിച്ച ആര്‍ക്കും പറയാം. അത് പറയാന്‍ ആര്‍ക്കും സ്വാതന്ത്യ്രമുണ്ട്. അല്ലാഹുവല്ലാത്തവരെ വിളിച്ച് പാര്‍ത്ഥിക്കുന്നവനോട് “അതിന് ഏത് കാന്തപുരം തെളിവ് പറഞ്ഞാലും അത് വിശുദ്ധ ക്വുര്‍ആനിനും പ്രവാചകന്‍മാരുടെ അധ്യാപനങ്ങള്‍ക്കും എതിരാണ്, അത്കൊണ്ട് അത് ചെയ്യരുത് സുഹൃത്തേ” എന്ന് സലഫികള്‍ക്ക് പറയാം. അതിനവന് സ്വാതന്ത്യ്രമുണ്ട്. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കൊണ്ട് വന്ന മുടി തിരുനബിയുടേതല്ലെന്നും അത് മുംബൈ തെരുവില്‍ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്ന ഏതോ അലവലാതിയുടേതായിരിക്കാമെന്നും നമുക്ക് പറയാം. അതിനും നമുക്ക് സ്വാതന്ത്യ്രമുണ്ട്. ക്വുര്‍ആനില്‍ നിന്നും ആയത്തുദ്ധരിച്ച് ഇത് സ്ത്രീധനം വാങ്ങാനുള്ള തെളിവാണ് എന്ന് പേരോട് സഖാഫി പറയുമ്പോള്‍ അത് ആയത്ത് ദുര്‍വ്യാഖ്യാനമാണെന്നും സ്ത്രീധനം അനിസ്ലാമികമാണെന്നും നമുക്ക് പറയാം. അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കണമെന്നത് ഇബ്ലീസിന്റെ വാദമാണെന്ന് ഹാഷിം നഈമി എന്ന കാന്തപുരം ഭക്തന്‍ എഴുതി വിടുമ്പോള്‍ അവനാ പറഞ്ഞതാണ് സാക്ഷാല്‍ ഇബ്ലീസിന്റെ വാദമെന്ന് നമുക്ക് മാലോകരോട് ധൈര്യമായി പറയാം. ലോകത്തെവിടെയും സ്ത്രീകള്‍ പള്ളിയില്‍ പോകുന്നില്ലെന്നും ബഹറൈനിലെ അറാദ് പള്ളിയില്‍ തീരെയും പോകുന്നില്ലെന്നും കാന്തപുരം തട്ടി വിടുമ്പോള്‍ അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്ന് നമുക്ക് പറയാം. അതിന് നമുക്ക് സ്വാതന്ത്യ്രമുണ്ട്. അത് പ്രമാണത്തിലധിഷ്ഠിതമായ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ആ വിശ്വാസത്തെ ഹനിക്കാന്‍ ഒരു ഖുറാഫിയും രംഗത്ത് വരരുത് എന്നാണ് കാന്തപുരം പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത് പറയുന്നതിന്റെ പേരില്‍ ഇവിടെയുള്ള സലഫികളെ കൂകി വിളിക്കാനും കല്ലെറിയാനും കൊല്ലാനും ആരും ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കലായി മാറും. ഇതില്‍ കാന്തപുരത്തിന് അങ്ങേയറ്റം ഉല്‍കണ്ഠയുണ്ടെന്നാണ് അയാള്‍ പറഞ്ഞ് വരുന്നത്. പക്ഷെ ഇത് പറയുന്ന മുസ്ല്യാരുടെ അനുയായികള്‍ തന്നെയാണ് മറ്റുള്ളവരുടെ വിശ്വാസത്തെയും ആചാരത്തെയും ഹനിക്കാന്‍ ഏറ്റവുമധികം ഒരുമ്പെട്ടിറങ്ങിയിട്ടുള്ളത് എന്നതാണ് രസകരമായ വൈരുദ്ധ്യം. ചേകനൂര്‍ മൌലവി അയാളുടെ വിശ്വാസമനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനും ശ്രമിച്ചപ്പോള്‍ അയാളുടെ വിശ്വാസവും ജീവനും ഹനിച്ചത് ഈ മുസ്ല്യാരുടെ ശിഷ്യന്‍മാരായിരുന്നു എന്നാണ് പറപ്പെടുന്നത്. ഇന്ന് സലഫികളുടെ പ്രഭാഷണം നടക്കുമ്പോള്‍ ചുവപ്പ് കണ്ട കാളക്കൂറ്റന്‍മാരെപ്പോലെ സ്റേജിലേക്ക് പാഞ്ഞ് വരുന്നവരില്‍ ഈ മുസ്ല്യാരില്‍ നിന്ന് ദീന്‍ പഠിച്ച സഖാഫികളുണ്ട്. മുജാഹിദുകളുടെ സ്റേജിലേക്ക് സ്ഫോടക വസ്തുക്കള്‍ എറിയുന്നത് നരേന്ദ്രമോഡിയുടെ അനുയായികളല്ല. കാന്തപുരത്തിന്റെ ഭക്തന്‍മാരാണ്. ഇത്തരം സ്റേജിന് ചുറ്റും നിന്ന് കുറുക്കന്‍മാരെപ്പോലെ ഓരിയിടുന്നവരുടെ തൊണ്ടയില്‍ നിന്ന് തന്നെയാണ് കാന്തപുരത്തിന്റെ കാറ് കാണുമ്പോള്‍ തക്ബീര്‍ മുഴങ്ങുന്നതും. മുജാഹിദ് സ്റേജിലേക്ക് ഇരച്ച് കയറി പ്രസംഗിക്കുന്ന മൌലവിയുടെ മുഖത്തേക്ക തുപ്പുന്ന നീചന്റെ വൃത്തികെട്ട ചുണ്ടുകള്‍ തന്നെയാണ് കാന്തപുരത്തിന്റെ കരങ്ങളില്‍ ആദരവോടെ പതിയുന്നത്. എണ്‍പത് വയസ്സുള്ള വൃദ്ധമുജാഹിദിന്റെ തലയെറിഞ്ഞ് പൊട്ടിച്ചവന്‍ തന്നെയാണ് കാന്തപുരത്തെ കാണുമ്പോള്‍ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത്. മുജാഹിദ് മൌലവിയുടെ മുഖത്തേക്ക് നായ്ക്കുരണയുടെ കുല വലിച്ചെറിഞ്ഞവന്റെ നശിച്ച കരങ്ങള്‍ തന്നെയാണ് കാന്തപുരത്തിന്റെ കോടിക്കണക്കിന് രൂപ വില വരുന്ന കാറിന്റെ ടയറില്‍ പോലും ആദരവോടെ തലോടുന്നത്. മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും എന്ന് ആകുലപ്പെടുന്ന മുസ്ലിയാരുടെ അനുയായികള്‍ തന്നെയാണ് പൂനൂര്‍ അബൂബക്കര്‍ മൌലവിയെ നിഷ്ഠൂരമായി കൊന്ന് തള്ളിയത്. ഇയാളുടെ ഈ ഗീര്‍വാണങ്ങള്‍ക്ക് മുമ്പില്‍ വായും പൊളിച്ചിരിക്കുന്ന അനുയായി തന്നെയാണ് ഒരു മുജാഹിദ് മരണപ്പെടുമ്പോള്‍ അവന്റെ മയ്യിത്ത് തടയാനും അവന് ഒരു മൃഗത്തിന്റെ പരിഗണന പോലും കൊടുക്കാതെ ക്വബ്ര്‍സ്ഥാന്‍ ബഹിഷ്കരിക്കാനും ശ്രമിക്കുന്നത്. ഒരു മുജാഹിദിന് കുടിവെള്ളം പോലും കൊടുക്കരുതെന്ന് എഴുതി വിട്ടതും ഇയാളുടെ കരങ്ങള്‍ കൊണ്ട് ബിരുദം കൊടുത്ത സഖാഫി തന്നെയാണ്. ആ ക്ഷുദ്രകൃതിക്ക് ആശംസ എഴുതിക്കൊടുത്തതാകട്ടെ, ‘മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും’ എന്ന് പേര്‍ത്തും പേര്‍ത്തും ആലോചിച്ച് ടെന്‍ഷനടിക്കുന്ന സാക്ഷാല്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ തന്നെ. അമുസ്ലിമിനെ നമ്മുടെ വേദിയില്‍ പോലും കയറ്റരുതെന്നും അവനുമായി സ്നേഹബന്ധം സ്ഥാപിക്കരുതെന്നും ഒരു ശിഷ്യന്‍ എഴുതി വിട്ടതും ഇയാളുടെ അവതാരികയോട് കൂടിത്തന്നെയാണ്. ഈ കേരളയാത്രയിലും കാന്തപുരത്തിന്റെ സ്റേജിലിരുന്ന് അയാളെ പാടിപ്പുകഴ്ത്തിയ ചില ബി.ജെ.പി നേതാക്കളും മറ്റു രാഷ്ട്രീയക്കാരുമടങ്ങുന്ന അമുസ്ലിംകള്‍ ആ വേദിയില്‍ കയറുന്നതിന് മുമ്പ് പൊന്നാനിയില്‍ പോയി സുന്നത്ത് കല്യാണം കഴിച്ച് ശഹാദത്ത് ചൊല്ലിയിരുന്നോ എന്ന് എനിക്കറിയില്ല. സുന്നീവോയ്സിന്റെ മാനവീയം പതിപ്പില്‍ തലപൊട്ടി ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഒരു വൃദ്ധന്റെ ചിത്രവും ഇവര്‍ കൊടുത്തിട്ടുണ്ട്. ‘യൌവ്വനകേരളം വൃദ്ധരോട് ചെയ്യുന്ന ദൃശ്യം’ എന്നാണ് ഈ ചിത്രത്തിന് ഇവര്‍ നല്‍കിയ തലക്കെട്ട്. കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിന് നേരെ എറിഞ്ഞ കല്ല് ലക്ഷ്യം തെറ്റി വന്ന് തല പൊട്ടിയ ഒരു വൃദ്ധന്റെ ചിത്രമാണത്രെ അത്. ‘മാനവികതയുടെ പുനസ്ഥാപനം എത്രമേല്‍ പ്രാധാന്യമാണെന്ന് ഈ ചിത്രം വിളിച്ചറിയിക്കുന്നു’ണ്ടത്രെ!!! സുന്നീവോയ്സില്‍ ഈ ചിത്രം കൊടുത്ത് രോഷം കൊണ്ട കാരന്തൂരീ! നിനക്കെത്ര ചിത്രം വേണം ഇതിനേക്കാള്‍ ഭീകരമായിട്ടുള്ളത്? നീ എറിഞ്ഞ് തല പൊളിച്ചത്, നീ അടിച്ച് എല്ല് പൊട്ടിച്ചത്, നീ സ്ഫോടക വസ്തു എറിഞ്ഞ് പരിക്ക് സൃഷ്ടിച്ചത്………..അങ്ങനെയങ്ങനെ എത്രയെത്ര ഭീബല്‍സമായ ചിത്രം വേണം നിനക്ക്? ഹര്‍ത്താലനുകൂലിയുടെ ഏറ് ലക്ഷ്യം തെറ്റി ഒരുത്തന് കൊള്ളുമ്പോള്‍ അത് മാനവികാവിരുദ്ധവും നീ എറിഞ്ഞ് കൃത്യമായി ലക്ഷ്യത്തില്‍ കൊണ്ട് തലയോട്ടി പൊട്ടുമ്പോള്‍ അത് മാനവികതയും ആയി മാറിമറിയുന്ന മായാജാല മസ്അല ഞങ്ങള്‍ കേരളീയര്‍ക്ക് തിരിയുന്നില്ല കാന്തപുരം പൂജകരേ. ആ മസ്അല തിരിയണമെങ്കില്‍ കാരന്തൂര്‍ മര്‍ക്കസില്‍ പോയി കാന്തപുരത്തിന്റെ ദര്‍സിലിരുന്ന് കിതാബോതുക തന്നെ വേണ്ടി വരും. അത്തരമൊരു ദുരവസ്ഥ കേരളീയ സമൂഹത്തിന് വരാത്തത് കൊണ്ടാണല്ലോ ഇന്നീ മുടിയുടെ വിഷയത്തില്‍ ഈ മുസ്ല്യാര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടതും.

മനുഷ്യനെ മനുഷ്യനായി കാണണമെന്നാണല്ലോ മുസ്ല്യാരുടെ രണ്ടാമത്തെ പൊയ്വെടി. എങ്കില്‍ ചോദിക്കട്ടെ! കേരളത്തിലെ മുജാഹിദുകള്‍ ഏറ്റവും ചുരുങ്ങിയത് മനുഷ്യരാണെന്നെങ്കിലും കാന്തപുരം അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പണ്ട് കുവൈറ്റില്‍ വെച്ച് ഇതേ കാന്തപുരം അവരുമായി കരാറെഴുതി ഒപ്പിട്ടത് എന്തിനായിരുന്നു? അവരും മനുഷ്യരാണെന്ന് അംഗീകരിക്കുന്നുവെങ്കില്‍ അവര്‍ക്ക് വെള്ളം പോലും നല്‍കരുതെന്ന് എഴുതിവിട്ട പുസ്തകത്തിന് ഈ മുസ്ല്യാര്‍ എന്തിന് അവതാരികയെഴുതിക്കൊടുത്തു? അവരും മനുഷ്യരാണെങ്കില്‍ പിന്നെന്ത് കൊണ്ട് ആ മനുഷ്യന്‍ മരിക്കുമ്പോള്‍ മറവ് ചെയ്യുന്നിടത്ത് പോലും ഇയാളുടെ അനുയായികള്‍ സംഘര്‍ഷമുണ്ടാക്കുന്നു? ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത കാന്തപുരത്തിനുണ്ട്. കാരണം, ‘മാനവികത’ എന്ന മഹത്തായ ശബ്ദം കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെപ്പോലുള്ള ഒരു പുരോഹിതപ്രഭുവിന് ബഡായി പറഞ്ഞ് വെടക്കാക്കാനുള്ളതല്ല. മലയാളഭാഷയില്‍ അങ്ങനെയൊരു വാക്ക് കണ്ടുപിടിച്ചവര്‍ അതിന് വാക്കുകളില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയാത്തത്ര അര്‍ത്ഥതലങ്ങള്‍ ഉദ്ദേശിച്ചിട്ടുണ്ട്.

പിന്നെ മുസ്ല്യാര്‍ പറഞ്ഞ ഒരു വലിയ കാര്യം, താമരശ്ശേരിയില്‍ ആക്സിഡന്റായ സമയത്ത് പതിനഞ്ചാളുകളെ തന്റെ കാറില്‍ താന്‍ ഒറ്റക്ക് വലിച്ച് കയറ്റി ആശുപത്രിയിലാക്കി എന്നാണ്. ഒരു കാറില്‍ പതിനഞ്ചാളുകളെയൊക്കെ-അതും ആക്സിഡന്റായി പരിക്കുകളോടെ-കൊണ്ടു പോകാന്‍ സാധിക്കുമോ എന്നൊന്നും പ്രിയ വായനക്കാര്‍ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല. ഇത് വായിച്ചപ്പോള്‍ എനിക്കും തോന്നിയ ഒരു സംശയമാണിത്. അവസാനം ഒരുപാട് ആലോചിച്ച് രണ്ട് നിഗമനത്തിലാണ് ഞാന്‍ എത്തിയത്. ആ നിഗമനത്തില്‍ തന്നെ തല്‍ക്കാലം വായനക്കാരും തൃപ്തിപ്പെടേണ്ടി വരും. അതല്ലാതെ വേറെ വഴിയില്ല. ഒന്ന്, അമ്പതാളുകളെ ഒരു അരിഷ്ടക്കുപ്പിയുടെ കഷ്ണം കൊണ്ട് നേരിട്ട് തുരത്തിയോടിച്ച പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ എന്ന വ്യക്തിയുടെ ഉസ്താദാണ് കാന്തപുരം. അത് വിശ്വസിക്കാമെങ്കില്‍ ഇതും വിശ്വസിക്കാം. ഒരു കുപ്പിക്കഷ്ണം കൊണ്ട് അമ്പതാളുകളെ തുരത്താമെങ്കില്‍ ഒരു കാറില്‍ പതിനഞ്ചല്ല, വേണമെങ്കില്‍ നൂറ്റമ്പതാളുകളെയും കയറ്റാം. ഈയൊരു സംഭവം ‘ശൈഖുന’യുടെ മരണശേഷം കറാമത്ത് സംഭവങ്ങളില്‍ സ്ഥാനം പിടിക്കുമെന്ന് കരുതുന്നു. രണ്ട്, ഒരു പക്ഷെ, വാഗണ്‍ ട്രാജഡി സംഭവം പോലെ ഈ ആക്സിഡന്റായ ആളുകളെയൊക്കെ കാറില്‍ അട്ടിയട്ടിയായി കുത്തിനിറച്ച് കൊണ്ട് പോയതായിരിക്കാം. ഏതായാലും ആ പതിനഞ്ചാളുകളും ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതി നമുക്ക് സമാധാനിക്കാം. അല്‍ഹംദുലില്ലാഹ് രാജാവിനെക്കാളും വലിയ രാജഭക്തിക്കാര്‍

ജനുവരി ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാനെഴുതിയിരുന്നു, മഹാബുദ്ധിമാനായ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ വോട്ടും മഹാമന്ദബുദ്ധിയായ ഒരു കാരന്തൂരിയുടെ വോട്ടും ബാലറ്റ് പെട്ടിയില്‍ വീണാല്‍ അതിന് തുല്യമൂല്യമാണുള്ളതെന്ന് തിരിച്ചറിയുന്ന രാഷ്ട്രീയക്കാര്‍ വേദി കിട്ടിയാല്‍ വാസ്തവവിരുദ്ധമായി ചുമ്മാ കാന്തപുരത്തെ പുകഴ്ത്തിക്കൊണ്ടിരിക്കുമെന്ന്. ഈ കേരളയാത്രയിലും ചില രാഷ്ട്രീയക്കാര്‍ക്ക് അര്‍ത്ഥം കിട്ടിയപ്പോള്‍ അര്‍ദ്ധരാത്രിയില്‍ കുട പിടിച്ചു. കേരളയാത്രയുടെ സ്റേജില്‍ ഒരു കസേരയും സംസാരിക്കാന്‍ അഞ്ച് മിനിറ്റ് സമയവും കിട്ടിയപ്പോള്‍ അവര്‍ പതിവ് തെറ്റിച്ചില്ല. അത്തരക്കാരുടെ വാചാടോപങ്ങള്‍ നാം മുഖവിലക്കെടുക്കേണ്ടതില്ലെങ്കിലും അതില്‍ രണ്ട് പേരുടെ വാക്കുകള്‍ ശ്രദ്ധിക്കാതിരിക്കാനും തോന്നിയില്ല. പുകഴ്ത്തി പുകഴ്ത്തി വാക്കുകള്‍ കിട്ടാതായപ്പോള്‍ പണ്ടൊരു സ്വാഗത പ്രാസംഗികനായ രാഷ്ട്രീയക്കാരന്‍ “യശ്ശശരീരനും നല്ലൊരു സ്വാര്‍ത്ഥമനസ്സിന്റെ ഉടമയും സര്‍വ്വോപരി നിഷ്കളങ്കനും നിഷ്ക്രിയനുമായ ബഹുമാനപ്പെട്ട ദിവംഗതനായ മന്ത്രിയെ ഞാന്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച് കൊള്ളുന്നു” എന്ന് പറഞ്ഞതായി ഒരു കഥയുണ്ട്. അതുപോലെ പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടാതായപ്പോള്‍ അതിര് വിട്ട രണ്ട് രാഷ്ട്രീയക്കാരുടെ കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. അതിലൊരാള്‍ കെ.ടി.ജലീല്‍ എം.എല്‍.എ ആണ്. കാന്തപുരത്തിന്റെ കപടനാടകത്തില്‍ പങ്കെടുക്കാതെ മാറി നിന്നവരോട് ഈ എം.എല്‍.എ പറഞ്ഞത്, ‘പുറം തിരിഞ്ഞ് നിന്നവര്‍ മറുപടി പറയേണ്ടി വരും’ എന്നാണ്. (സിറാജ്. 2012. ഏപ്രില്‍. 20). എന്താണ് കെ.ടി. ജലീല്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സത്യത്തില്‍ എനിക്ക് മനസ്സിലായിട്ടില്ല. ആരോട് മറുപടി പറയേണ്ടി വരുമെന്നാണ് ജലീല്‍ ഭീഷണിപ്പെടുത്തുന്നത്? നാളെ റബ്ബിന്റെ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നാണോ? അതേതായാലും വേണ്ടി വരില്ല എന്ന് ഞങ്ങള്‍ക്കുറപ്പാണ്. കാരണം, അല്ലാഹുവിന്റെ മുത്ത്റസൂലിന്റെ മുടിയാണെന്ന പേരില്‍ കാന്തപുരം കൊണ്ട് വന്ന ഒരു കള്ളമുടിയുടെ പിന്നാലെയുണ്ടായ പുകിലുകളാണിതൊക്കെ. അതിന്റെ പേരിലാണ് കേരളമുസ്ലിംകളില്‍ ഇപ്പോള്‍ ഈ ചേരിതിരിവ് ഉണ്ടായത് തന്നെ. ഈ ചേരിതിരിവിന്റെയും വിവാദത്തിന്റെയും പേരില്‍ അവിടെ മറുപടി പറയേണ്ടി വരിക ഈ കാന്തപുരം മുസ്ല്യാര്‍ തന്നെയായിരിക്കുമെന്നതില്‍ ഞങ്ങള്‍ കേരളമുസ്ലിംകള്‍ക്ക് സംശയം ഒട്ടുമില്ല. അതല്ല, കെ.ടി.ജലീല്‍ ഉദ്ദേശിച്ചത് ഈ ദുനിയാവില്‍ വെച്ച് മറുപടി പറയേണ്ടി വരുമെന്നാണോ? അതിന്, കാന്തപുരം മുസ്ലിയാര്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഇന്ത്യാരാജ്യത്തെ ഒരു ഏകാധിപതിയായ ചക്രവര്‍ത്തിയായി മാറേണ്ടിവരും. അതുമല്ലെങ്കില്‍, കാന്തപുരം ഇന്ത്യയുടെ പ്രധാനമന്ത്രിയും കെ.ടി ജലീലും പി.ടി.എ റഹീമുമടക്കമുള്ളവര്‍ അയാളുടെ കീഴിലെ മന്ത്രിമാരും സഖാഫികള്‍ ഇവിടുത്തെ നിയമപാലകരുമാകുന്ന ഒരു കിരാത കാലഘട്ടം വരിക തന്നെ വേണ്ടി വരും. അപ്പൊഴത്തെ കാര്യങ്ങള്‍ അന്നാലോചിക്കാം. പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയുടെ വയറ് കുത്തിപ്പിളര്‍ന്ന് ഗര്‍ഭപാത്രത്തില്‍ നിന്നും ചോരക്കുഞ്ഞിനെ പുറത്തെടുത്ത് അതിന്റെ വായിലൂടെ പെട്രോള്‍ ഒഴിച്ച് ശൂലത്തില്‍ കോര്‍ത്ത് കത്തിച്ച് താണ്ഡവനൃത്തം ചെയ്ത നരഭോജികള്‍ക്ക് നേതൃത്വം കൊടുക്കുകയോ മൌനാനുവാദം കൊടുക്കുകയോ ചെയ്ത നരേന്ദ്രമോഡിയുടെ കീഴില്‍ ഇപ്പോഴും മുസ്ലിംകള്‍ ജീവിക്കുന്നുണ്ടല്ലോ. അവരെക്കാളും മനക്കരുത്തും വിശ്വാസദാര്‍ഢ്യതയുമുള്ളവരാണ് എന്തായാലും കേരളമുസ്ലിംകള്‍. അതുകൊണ്ട് തന്നെ അത്തരം ഭീഷണികളൊന്നും കേരളമുസ്ലിംകള്‍ക്കിടയില്‍ വിലപ്പോവുമെന്ന് ആരും തെറ്റിദ്ധരിച്ച് ആവേശം കൊള്ളേണ്ടതില്ല.

രണ്ടാമത്തെ രാഷ്ട്രീയ നേതാവ് കൊടുവള്ളി എം.എല്‍.എ പി.ടി.എ റഹീമാണ്. ‘കേരളയാത്രയുടെ എതിരാളി പിശാച് മാത്രം’ എന്നതാണ് റഹീമിന്റെ പ്രസ്താവനയുടെ തലക്കെട്ട്. “മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രാവാക്യവുമായി കാന്തപുരം നടത്തുന്ന കേരളയാത്രക്ക് ഒറ്റ എതിരാളിയേ ഉള്ളൂവെന്നും അത് ഇബ്ലീസാണ്” എന്നുമാണ് റഹീം പൊട്ടിച്ച വെടി. എന്തുപറ്റി ഈ പി.ടി.എ റഹീമിന്? രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കുമ്പോള്‍ അതിനൊത്ത വാചകം പ്രയോഗിച്ചാല്‍ പോരേ? റഹീമിന്റെ ഈ പ്രസ്താവനയെ നമുക്ക് രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന്, കാന്തപുരത്തിന്റെ ഈ കേരളയാത്ര കേരളത്തിലെ എല്ലാ മുസ്ലിംകളും അംഗീകരിക്കുന്നു, അത് അംഗീകരിക്കാത്തത് ഇബ്ലീസ് മാത്രമാണ് എന്നാണ് റഹീം ഉദ്ദേശിച്ചത്. രണ്ട്, കേരളയാത്രയെ എതിര്‍ക്കുന്നവരെല്ലാം ഇബ്ലീസുകളാണ്. ഇതിലേതാണ് താങ്കള്‍ ഉദ്ദേശിച്ചത് എന്ന് റഹീമിനോട് ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ടതില്ല. കാരണം, രാഷ്ട്രീയക്കാര്‍ എന്ന വര്‍ഗ്ഗത്തില്‍ പെട്ട പലരും സ്റേജില്‍ കയറുമ്പോള്‍ വിഷയം കൃത്യമായി പഠിച്ചിട്ടോ അവലോകനം നടത്തിയിട്ടോ പ്രസംഗിക്കുന്നവരല്ല. ഏതെങ്കിലും സ്റേജില്‍ കയറിയാല്‍ ആ സ്റേജിനൊത്ത അഭിപ്രായം തട്ടി വിടുക എന്നതാണ് പലരുടെയും രീതി. എന്താണ് പറയുന്നതെന്നോ പറഞ്ഞതെന്നോ അവര്‍ക്ക് തന്നെ ബോധ്യമുണ്ടായിക്കൊള്ളണമെന്നില്ല. “തകഴിയുടെ വിശ്വപ്രസിദ്ധമായ ‘കയര്‍’ എന്ന നോവല്‍ വായിച്ചപ്പോഴാണ് ആലപ്പുഴയിലെ കയര്‍തൊഴിലാകള്‍ നേരിടുന്ന പ്രയാസങ്ങള്‍ എനിക്ക് മനസ്സിലായത്” എന്ന് പണ്ടൊരു മന്ത്രി പ്രസംഗിച്ചതായി എവിടെയോ വായിച്ചതോര്‍ക്കുന്നു. സത്യത്തില്‍ തകഴിയുടെ ആ നോവലിന് കയറുമായി ഒരു ബന്ധവുമില്ല. ബന്ധങ്ങളുടെ തീവ്രത വിവരിക്കുന്ന നോവലാണത്രെ അത്. പക്ഷെ ‘കയര്‍’ എന്ന പേര് കണ്ടപ്പോഴേക്കും അത് കയര്‍വ്യവസായത്തെക്കുറിച്ചുള്ള കഥയായിരിക്കും എന്ന് രാഷ്ട്രീയക്കാരന്‍ കരുതി. അങ്ങനെ മാത്രമേ റഹീമിന്റെ പ്രസ്താവനയെയും കാണേണ്ടതുള്ളൂ. കേരളയാത്രയെ എല്ലാ മുസ്ലിംകളും അംഗീകരിക്കുന്നു, എതിര്‍ക്കുന്നത് ഇബ്ലീസ് മാത്രമാണ് എന്ന മുകളില്‍ കൊടുത്ത ഒന്നാം വ്യാഖ്യാനത്തിന് യാതൊരു പഴുതുമില്ല. അതുകൊണ്ട് അത് നമുക്ക് തള്ളാം. പിന്നെയുള്ള വ്യാഖ്യാനം ഇതിനെ എതിര്‍ക്കുന്നവര്‍ മൊത്തം ഇബ്ലീസുകളാണ് എന്നതാണ്. ആ വ്യാഖ്യാനത്തില്‍ പിടിച്ച് കൊണ്ട് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. റഹീം ഒരു സുന്നിയായത് കൊണ്ട് തല്‍ക്കാം മുജാഹിദുകളെ ഈ ചോദ്യത്തിന്റെ പരിധിയില്‍ നിന്നും മാറ്റി നിര്‍ത്താം. ചോദ്യങ്ങള്‍ ഇവയാണ്. കേരളയാത്രയെ എതിര്‍ക്കുന്ന പാണക്കാട് തങ്ങന്‍മാര്‍ ഇബ്ലീസുകളാണ് എന്ന് റഹീമിന് അഭിപ്രായമുണ്ടോ? കേരളയാത്രയെ എതിര്‍ക്കുന്ന സമസ്തയുടെ പണ്ഡിതന്‍മാര്‍ മൊത്തം ഇബ്ലീസുകളാണെന്ന് റഹീമിന് അഭിപ്രായമുണ്ടോ? പല കാരണങ്ങളാല്‍ കേരളയാത്രയെ എതിര്‍ക്കുന്ന നിഷ്പക്ഷരായ നിരവധി മുസ്ലിംകള്‍ ഇബ്ലീസുകളാണോ? കേരളയാത്രയെ എതിര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് സ്വാതന്ത്യ്രമുള്ളത് പോലെ എതിര്‍ക്കുന്നവരെ എതിര്‍ക്കാന്‍ കാന്തപുരത്തിനും കൂട്ടര്‍ക്കും സ്വാതന്ത്യ്രമുണ്ട്. അത് സമ്മതിച്ച് തന്നിരിക്കുന്നു. പി.ടി.എ റഹീം എന്ന രാഷ്ട്രീയക്കാരനും കേരളയാത്രയെ അനുകൂലിച്ചും പുകഴ്ത്തിയും സംസാരിക്കാം. അതും സമ്മതിച്ച് തന്നിരിക്കുന്നു. പക്ഷെ, വിശ്വാസപരമായും മറ്റ് കാരണങ്ങളാലും ഇതിനെ എതിര്‍ക്കുന്നവരെ മൊത്തം ഇബ്ലീസുകളായി ചിത്രീകരിക്കുന്നത് റഹീമിനെപ്പോലുള്ള ഒരു പൊതുപ്രവര്‍ത്തകന് ഭൂഷണമാണോ? കേരളത്തിലെ ഒരു സംഘടനയെയും അവരുടെ പ്രവര്‍ത്തനങ്ങളെയും പൂര്‍ണമായും അംഗീകരിക്കാന്‍ മറ്റ് സംഘടനകള്‍ തയ്യാറാവുകയില്ല. അത്കൊണ്ടാണല്ലോ വിവിധ സംഘടനകള്‍ ഉണ്ടായത് തന്നെ. കഴിഞ്ഞ വര്‍ഷം റഹീമിന്റെ കൂട്ടുകക്ഷി നേതാവായ പിണറായി വിജയന്‍ ഒരു കേരളമോചന യാത്ര നടത്തിയിരുന്നുവല്ലോ? അതും കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് തന്നെയായിരുന്നു. പക്ഷെ തന്റെ യാത്രയെ എതിര്‍ക്കുന്നവര്‍ ചെകുത്താന്‍മാരാണ് എന്ന് പിണറായി വിജയനോ മറ്റ് സഖാക്കളോ പറഞ്ഞിട്ടില്ല. സഹയാത്രികനും അമുസ്ലിമുമായ പിണറായി വിജയന്‍ കാണിച്ച സംസ്കാരമെങ്കിലും റഹീമിന് കാണിക്കാമായിരുന്നു. അത് കൊണ്ട് റഹീമിനോട് പറയാനുള്ളത് ഇതാണ്. താങ്കള്‍ക്ക് കാന്തപുരത്തെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അയാളുടെ കേരളയാത്രയെ വാനോളം പുകഴ്ത്തിക്കൊണ്ട് താങ്കള്‍ക്ക് വിശകലനം നടത്താം. പക്ഷെ അതിനെ എതിര്‍ക്കുന്ന ഭൂരിപക്ഷ മുസ്ലിംകളെ ഇബ്ലീസുകളാക്കി വിധിയെഴുതാന്‍ താങ്കള്‍ക്ക് അവകാശമില്ല. റഹീമിന് കാന്തപുരം വലിയ ആളായിരിക്കാം. പക്ഷെ കേരളമുസ്ലിംകള്‍ക്ക് കാന്തപുരം ഒരു ചുക്കുമല്ല എന്ന സത്യം റഹീം മനസ്സിലാക്കണം. ആല്‍മരം പിടിച്ച് കുലുക്കി ആളാകാന്‍ ശ്രമിക്കുക എന്നത് ഒരുതരം അല്‍പ്പത്തരമാണ്. റഹീമിനെപ്പോലുള്ള ഒരാളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത അല്‍പ്പത്തരമാണത്. അല്‍പ്പത്തരം യഥേഷ്ടം ചെയ്യാന്‍ കേരളത്തില്‍ കാന്തപുരവും അനുയായികളുമുണ്ടല്ലോ.

ഈ രണ്ട് ബഡായിക്കും പുറമെ മഞ്ചേരിയില്‍ വെച്ച് സ്റേജും മൈക്കും കിട്ടിയ ഒരു സ്വാമിജി രസകരമായ ഒരു താരതമ്യം കൂടി നടത്തി എന്ന് കേട്ടു. . ശ്രീകൃഷ്ണനെയും കാന്തപുരത്തിനെയും താരതമ്യം ചെയ്ത് കൊണ്ടാണത്രെ അങ്ങേര്‍ പ്രസംഗിച്ചത്. ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങള്‍ പലതും ഹൈന്ദവ ഐതിഹ്യങ്ങളില്‍ തന്നെ ശ്രുതിപ്പെട്ടതാണ്. അത്തരത്തില്‍ ചിലത് കാന്തപുരത്തിനുമുണ്ട് എന്നാണാവോ ഇയാള്‍ ഉദ്ദേശിച്ചത് എന്നറിയില്ല. എന്നെ അല്‍ഭുതപ്പെടുത്തിയ സാമ്യത അതൊന്നുമല്ല. ഈ പ്രസ്താവന വരുന്നതിന്റെ രണ്ട് ദിവസം മുമ്പ് പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് കൊണ്ട് ബി.ജെ.പി നേതൃത്വം ഒരു പരസ്യചിത്രമിറക്കി എന്നായിരുന്നു വാര്‍ത്ത. മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന്റെ തേരാളിയായി ശ്രീകൃഷ്ണന്‍ തേര് തെളിക്കുന്ന ചിത്രമില്ലാത്ത ഹൈന്ദവ വീടുകളുണ്ടാകില്ല. ആ ചിത്രത്തിലെ ശ്രീകൃഷ്ണന്റെ മുഖത്തിന്റെ സ്ഥാനത്ത് നരേന്ദ്രമോഡിയുടെ മുഖം കൊടുത്താണത്രെ ബി.ജെ.പി പരസ്യമിറക്കിയത്. നരേന്ദ്രമോഡിയെയും കാന്തപുരത്തിനെയും ശ്രീകൃഷ്ണനാക്കി അവതരിപ്പിക്കാന്‍ തോന്നിയ ചിലരുടെ മനസ്ഥിതിയെ നാം അഭിനന്ദിച്ചേ പറ്റൂ. ഗുജറാത്ത് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നരേന്ദ്രമോഡി മുസ്ലിംകളുടെ ശത്രുവാണ്. കേരളമുസ്ലിംകളെ സംബന്ധിച്ചിടത്തോളം മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുന്ന ശത്രുവാണ് കാന്തപുരം. ചിലചില വിഷയങ്ങളൊക്കെ എങ്ങനെ ഇത്ര കൃത്യമായി യോജിച്ച് വരുന്നു എന്നത് പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ബി.ജെ.പി യും കാരന്തൂരികളും തമ്മില്‍ പണ്ട് മുതലേ ഒരു ബോബനും മോളിയും ബന്ധമുള്ളതായി പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഒ. രാജഗോപാലിന്റെ മര്‍ക്കസ് സന്ദര്‍ശനം മുതലോ അതിന് മുമ്പോ തുടങ്ങിയ ബന്ധമാണത്. മാത്രവുമല്ല, ഈയിടെയായി കാന്തപുരത്തിന്റെ ശിഷ്യന്‍മാരായ പല സഖാഫികളും ബി.ജെ.പി യില്‍ ചേര്‍ന്നതിന്റെ വാര്‍ത്തകള്‍ നാം ഒരുപാട് കേട്ടതുമാണ്. ലക്ഷദ്വീപില്‍ താമര വിരിയിക്കാന്‍ ബി.ജെ.പി യും കാന്തപുരത്തിന്റെ പാര്‍ട്ടിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടാക്കിയതായുള്ള വാര്‍ത്തകളൊക്കെ ഇടക്കാലത്ത് പുറത്ത് വന്നിരുന്നു. ചേറിലേ താമര വിരിയൂ. അതാകട്ടെ കാന്തപുരത്തിന്റെ മുരീദുമാരുടെ തലയില്‍ ഇഷ്ടംപോലെ ഉണ്ട് താനും. ഈയൊരു സത്യം ബി.ജെ.പി ക്കുമറിയാം. ഏതായാലും മഞ്ചേരിയില്‍ വെച്ച് സ്വാമിജി നടത്തിയ പ്രസ്താവന വളരെ രസകരമായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.

ഓണത്തിനിടക്ക് ഒരു പുട്ടുകച്ചവടം.

മലപ്പുറം ജില്ലയിലെ ഖുറാഫീ കല്യാണങ്ങളില്‍ ചിലയിടത്ത് ഇപ്പോഴും കുറ്റിയറ്റ് പോകാത്ത രസകരവും എന്നാല്‍ ആളുകളെ പരിഹസിക്കുന്നതുമായ ഒരു ആചാരമുണ്ട്. വിവാഹത്തിന്റെ അന്ന് രാവിലെ വധുവിന്റെ വീട്ടില്‍ നിന്നും വരന്റെ വീട്ടിലേക്ക് നാട്ടിലെ ചില പ്രമാണിമാര്‍ എന്ന് നടിക്കുന്നവര്‍ ഒരു യാത്ര നടത്തും. എന്തിനാണെന്നല്ലേ ഈ യാത്ര? വിവാഹം നിശ്ചയിക്കാന്‍!!? വിവാഹത്തിന്റെ അന്നാണ് ഈ ചടങ്ങ് നടക്കുക എന്നതാണ് രസകരം. ആളുകളെ കുരങ്ങ് കളിപ്പിക്കുന്ന ഈ ആചാരത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോള്‍ ഒരാള്‍ എന്നോട് പറഞ്ഞത് ഇപ്രകാരമായിരുന്നു (അത് ശരിയാണോ എന്നറിയില്ല). വിവാഹത്തിന്റെ മുമ്പ് നടക്കുന്ന നിശ്ചയത്തിന് പല കാരണങ്ങള്‍ കൊണ്ട് പരിഗണിക്കപ്പെടാതെയോ അല്ലെങ്കില്‍ ഇടഞ്ഞ് നില്‍ക്കുന്നവരോ ആയ പ്രമാണിത്തം നടിക്കുന്ന ചിലരെ സുഖിപ്പിക്കുവാനാണത്രെ ഈ ദുരാചാരം. ഈ കാര്യം ഇപ്പോള്‍ ഓര്‍മ്മ വന്നത് കേരളയാത്രക്ക് മുമ്പ് ഒരു ജില്ലാ ഉപയാത്ര കണ്ടപ്പോഴാണ്. മലപ്പുറം ജില്ലയില്‍ പൊന്‍മള അബ്ദുല്‍ കാദിര്‍ മുസ്ല്യാരാണ് ഈ ഉപയാത്ര നയിച്ചത്. മുടിവിഷയത്തില്‍ കാന്തപുരത്തിനെ അനുകൂലിച്ച് ഇന്ന് വരെ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യാത്ത ആളാണ് പൊന്‍മള എന്നോര്‍ക്കണം. ആ ഉപയാത്രക്ക് എന്റെ നാടായ ഒതുക്കുങ്ങലില്‍ മുന്‍പന്തിയില്‍ നിന്നത് എന്റെ നാട്ടുകാരനും കാരന്തൂരികളുടെ നേതാവുമായ തോട്ടക്കോട്ട് തങ്ങള്‍ എന്ന വ്യക്തിയായിരുന്നു. കാന്തപുരം വിഭാഗത്തിന്റെ പല പരിപാടികളും എന്റെ നാട്ടില്‍ ഉദ്ഘാടനം ചെയ്യാറുള്ളത് ഇയാളാണ്. (ഉപയാത്രയും ഒതുക്കുങ്ങലില്‍ ഉദ്ഘാടനം ചെയ്തത് ഈ വ്യക്തിയാണോ എന്ന് എനിക്ക് സംശയമുണ്ട്.) ഖുറാഫികളുടെ ‘ഔലിയ’ ആകാന്‍ സകല യോഗ്യതയുമുള്ള ആളാണ് ഈ മനുഷ്യന്‍. കാരണം, ഇയാള്‍ നിസ്കരിക്കാറില്ല. എന്തിനധികം, ജുമുഅക്ക് പോലും പോകാറില്ല. ഞാന്‍ ഖുറാഫിയായിരുന്ന കാലത്ത് തന്നെ എന്റെ മനസ്സിലെ ഒരു ചോദ്യചിഹ്നമായിരുന്നു ഈ മനുഷ്യന്‍. ഇയാളുടെ വീടും മഹല്ല് പള്ളിയും തമ്മില്‍ ഒരു മതിലിന്റെ വ്യത്യാസമേയുള്ളൂ. എന്നിട്ടും ഈ മനുഷ്യന്‍ ഒരിക്കല്‍ പോലും ജുമുഅക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിട്ടില്ല. ഇയാളായിരുന്നു എന്റെ നാട്ടിലെ ഉപയാത്രയുടെ സജീവസാനിദ്ധ്യം. ഒരു മനുഷ്യന്‍ യഥാര്‍ത്ഥ മുസ്ലിമായാല്‍ പിന്നെ അവന് മാനവികത എന്താണെന്ന് പ്രത്യേകിച്ച് പഠിപ്പിച്ച് കൊടുക്കേണ്ടതില്ല. യഥാര്‍ത്ഥ മുസ്ലിമാകണമെങ്കില്‍ മിനിമം അഞ്ച് നേരം നമസ്കരിക്കുകയെങ്കിലും വേണം. മനപ്പൂര്‍വ്വം നിസ്കാരം ഒഴിവാക്കുന്നവന്‍ കാഫിറാണെന്ന് ഇവര്‍ തന്നെ ഫത്വ പുറപ്പെടുവിച്ചത് നമ്മുടെ കയ്യിലുണ്ട്. അപ്പോള്‍ ജുമുഅ പോലും നമസ്കരിക്കാത്ത ഈ മനുഷ്യന്‍ ഇസ്ലാമിന് അകത്തോ പുറത്തോ എന്ന് ഖുറാഫികള്‍ തന്നെ തീരുമാനിക്കുക.

കേരളയാത്രയെ അല്‍ഇസ്വ്ലാഹ് മാസികയും പുകഴ്ത്തിയത്രെ!!!

സുന്നിവോയ്സിന്റെ ‘മാനവീയം കേരളയാത്ര പതിപ്പി’ന്റെ അവസാന പേജില്‍ ‘കേരളയാത്രയെ പുകഴ്ത്തി അവരും’ എന്നൊരു തലക്കെട്ട് കണ്ടു. ആരൊക്കെയാണ് ഈ ‘അവര്‍’ എന്നറിയാന്‍ വേണ്ടി വായിച്ച് നോക്കിയപ്പോള്‍ ആദ്യം ഞാനൊന്ന് ഞെട്ടി. കാരണം, അതില്‍ ഒന്നാമന്‍ ഈയുള്ളവനാണ്. ജനുവരി ലക്കം മാസികയില്‍ ഞാനെഴുതിയ ‘കാന്തപുരത്തിന്റെ കേരളയാത്ര: ഉണരാന്‍ പോകുന്നത് മാനവികതയോ പൈശാചികതയോ?’ എന്ന പേരില്‍ ഞാനെഴുതിയ ലേഖനത്തിലെ ഒരു വാചകം ഇവന്‍മാര്‍ എടുത്ത് കൊടുത്തിരിക്കുന്നു. ഇവര്‍ കൊടുത്ത വാചകമിതാണ്. “സത്യത്തില്‍ കാന്തപുരം മുസ്ല്യാര്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം കാലികപ്രസക്തിയുള്ളത് തന്നെയാണ്.” ഇസ്ലാഹ് (ജനുവരി. 2012)”

ഈ വാചകം എന്റെ ലേഖനത്തില്‍ തന്നെയുള്ളതാണെന്നതില്‍ സംശയമില്ല. പക്ഷെ മുജാഹിദ് പ്രാസംഗികന്‍മാരുടെ പ്രസംഗത്തിലെ തലയും വാലും കട്ട് ചെയ്ത് ക്ളിപ്പുണ്ടാക്കുന്നതില്‍ കുപ്രസിദ്ധി നേടിയ കാരന്തൂരി എന്റെ ലേഖനത്തിലെ തലയും വാലും സമര്‍ത്ഥമായി കട്ട് ചെയ്തു. അത് കൊണ്ട് ഞാനെഴുതിയ ലേഖനത്തിലെ ആ വാചകത്തിന്റെ മുമ്പും ശേഷവുമുള്ള ഏതാനും വാചകങ്ങള്‍ ഒന്നുകൂടിഞാനിവിടെ കൊടുക്കുന്നു. ഇത് വായിക്കുന്ന കാരന്തൂരിക്ക് അത്ര മനസ്സുഖമുള്ള വാചകങ്ങളൊന്നുമല്ല ഇനി കൊടുക്കാന്‍ പോകുന്നത്. എങ്കിലും ചോദിച്ച് വാങ്ങിയത് കൊണ്ട് തരികയാണ്. “………………തീര്‍ന്നില്ല, കാന്തപുരം മുസ്ലിയാരുടെ അനുയായികളും അല്ലാത്തവരുമായ ഖുറാഫികള്‍ ഇക്കഴിഞ്ഞ 2011 ല്‍ മാത്രം മാനവികത ഉണര്‍ത്തിയ ചില പ്രദേശങ്ങള്‍ ഇവിടെ ഓര്‍മ്മപ്പെടുത്താം. മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍, ചൂരപ്പട്ട, തൃക്കലങ്ങോട്, വടശ്ശേരി, കാവനൂര്‍, വാക്കാലൂര്‍, പൊന്ന്യാകുര്‍ശ്ശി, ഒടമല, ചുങ്കത്തറ, പറവണ്ണ, പട്ടര്‍കുളം, പാലക്കാട് ജില്ലയിലെ വല്ലപ്പുഴ, പറക്കുന്ന്, എറണാംകുളം ജില്ലയിലെ ആലുവ, പള്ളിക്കര, എടപ്പള്ളി, കളമശ്ശേരി, കൊല്ലം ജില്ലയിലെ ഓച്ചിറ, തൃശ്ശൂര്‍ ജില്ലയിലെ എടമുട്ടം, പാവറട്ടി, കാസര്‍ഗോഡ് ജില്ലയിലെ അണങ്കൂര്‍, ചെര്‍ക്കള, ആനക്കല്ല്, ബയാര്‍, നീലേശ്വരം, പടന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, എടച്ചേരി, കോഴിക്കോട് ജില്ലയിലെ പൊക്കുന്ന്, തിരുവമ്പാടി……ഈ പ്രദേശങ്ങളൊക്കെ തീര്‍ച്ചയായും കാന്തപുരം തന്റെ യാത്രയില്‍ ഉള്‍പ്പേടുത്തേണ്ട സ്ഥലങ്ങളാണ്. കാരണം, മുജാഹിദുകള്‍ ഭരണഘടനാപരമായ സ്വാതന്ത്യ്രം ഉപയോഗിച്ച് നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇയാളുടെ അനുയായികള്‍ മൂരിക്കുട്ടന്‍ പിഞ്ഞാണക്കടയില്‍ കയറിയ പോലെ ഇരച്ച് കയറി ‘മാനവികത ഉണര്‍ത്തിയ’ സ്ഥലങ്ങളാണിതൊക്കെ. ഇവിടങ്ങളില്‍ പല സ്ഥലങ്ങളിലും മുജാഹിദുകളെ ഇക്കൂട്ടര്‍ തിരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയും തലയടിച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. എണ്‍പത് വയസ്സിന് മുകളിലുള്ള വയോവൃദ്ധനെപ്പോലും അടിച്ച് കയ്യിന്റെ എല്ലൊടിച്ച സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. കാരന്തൂരിയുടെ ഏറ് കൊണ്ട് മൂന്ന് വയസ്സുള്ള പിഞ്ചുകുഞ്ഞിന്റെ തലയില്‍ ആറ് സ്റിച്ച് ഇടേണ്ടി വന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് കണ്ട് മുജാഹിദുകളുടെ ഉമ്മമാര്‍ കരഞ്ഞിട്ടുണ്ട്. അവരുടെ ഭാര്യമാര്‍ അലമുറയിട്ടിട്ടുണ്ട്. കണ്ണൂരിലെ അമ്മമാരുടെ കണ്ണുനീരിനെപ്പറ്റിയും മക്കളുടെ അനാഥത്വത്തെക്കുറിച്ചും വികാരോജ്ജ്വലമായി പറഞ്ഞല്ലോ മിസ്റര്‍ കാന്തപുരം? കാന്തപുരത്തിന്റെ അനുയായികളുടെ അക്രമണവും പീഢനവും കണ്ട് മുജാഹിദുകളുടെ ഉമ്മമാരുടെ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങിയത് ഉപ്പുരസമുള്ള കണ്ണുനീര് തന്നെയാണ്. അല്ലാതെ തേനും പാലും സമം ചേര്‍ന്ന മിശ്രിതമല്ല. മുജാഹിദുകളുടെ ഉമ്മമാരും മക്കളെ നൊന്ത് പ്രസവിച്ചവര്‍ തന്നെയാണ്. കണ്ണൂരിലെ അമ്മമാരുടെ കണ്ണുനീര്‍ തുടക്കാന്‍ കൈ നീട്ടും മുമ്പ് കാന്തപുരം മുസ്ലിയാര്‍ ചെയ്യേണ്ടത് മുജാഹിദ് ഉമ്മമാരുടെ കണ്ണുകള്‍ നിറയാതിരിക്കാന്‍ തന്റെ അനുയായികള്‍ക്ക് മൂക്കുകയറിടുക എന്നതാണ്. മാനവികത ഉണര്‍ത്താന്‍ മുസ്ലിയാര്‍ യാത്ര തുടങ്ങേണ്ടത് യഥാര്‍ത്ഥത്തില്‍ കാരന്തൂര്‍ മര്‍ക്കസ് മുതലാണ്. സത്യത്തില്‍ കാന്തപുരം മുസ്ലിയാര്‍ തിരഞ്ഞെടുത്ത പ്രമേയം കാലികപ്രസക്തിയുള്ളത് തന്നെയാണ്. അയാളുടെ അനുയായികളില്‍ ഉറങ്ങിക്കിടക്കുന്ന മാനവികത ഇനിയും ഉണര്‍ത്താതിരുന്നാല്‍ മറ്റൊരു ആദര്‍ശത്തില്‍ വിശ്വസിക്കുന്ന സ്വന്തം പിതാവിനേയോ സ്വന്തം മക്കളെയോ ഈ അധമന്‍മാര്‍ വിഷം കൊടുത്ത് കൊല്ലില്ല എന്ന് എന്താണുറപ്പ്? കാന്തപുരത്തിന്റെ അനുയായിയുള്ള ഒരു വീട്ടില്‍ മറ്റുള്ളവര്‍ എങ്ങനെ സമാധാനത്തോടെ അന്തിയുറങ്ങും? ഒരു മനുഷ്യന്‍ മറ്റൊരു ആദര്‍ശക്കാരനായി എന്നതിന്റെ പേരില്‍ അവനെ കണ്ടാല്‍ മിണ്ടാത്ത, അവനെ കണ്ടാല്‍ ചിരിക്കാത്ത, അവന്‍ മരിച്ചാല്‍ തിരിഞ്ഞ് നോക്കാത്ത, അവന്‍ സുഖമില്ലാതെ കിടന്നാല്‍ പോയി നോക്കാത്ത, അവനെ ഒളിഞ്ഞും തെളിഞ്ഞും ദ്രോഹിക്കുന്ന, അവന് പ്രവര്‍ത്തന സ്വാതന്ത്യ്രവും പ്രബോധന സ്വാതന്ത്യ്രവും നല്‍കാത്ത, അവനെ കല്ലെറിയാനും കൂകി വിളിക്കാനും ഉത്സാഹം കാണിക്കുകയും അങ്ങനെ ചെയ്താല്‍ അല്ലാഹുവിന്റെയരികില്‍ കൂലി കിട്ടുമെന്നും വിശ്വസിക്കുന്ന കാന്തപുരം മുസ്ല്യാരുടെ അനുയായികള്‍ പറയാന്‍ പോകുന്ന മാനവികത എന്താണെന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കേരളീയര്‍ക്ക് വിശിഷ്യാ മുസ്ലിംകള്‍ക്ക് താല്‍പര്യമുണ്ട്.” (അല്‍ ഇസ്വ്ലാഹ്. 2012. ജനുവരി. പേജ്. 32)

ഇനി പറയൂ കാരന്തൂരീ! ഇത് കേരളയാത്രയെ പുകഴ്ത്തിയ വാചകങ്ങളാണോ? അല്ലേയല്ല. മറിച്ച്, കാന്തപുരത്തിന്റെ ശ്രദ്ധ പതിയേണ്ടുന്ന അടിസ്ഥാനപരമായ മേഖല അയാള്‍ക്കൊന്ന് പറഞ്ഞ് കൊടുക്കുകയായിരുന്നു ഞാന്‍. അയാളുടെ കയ്യിലുള്ള പ്രമേയം കാലികപ്രസക്തിയുള്ളതാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ നടത്തുന്ന യാത്ര ഉഷാറാണ് എന്നല്ല. കുരങ്ങന്റെ കയ്യിലുള്ള പൂമാല വളരെ മനോഹരമാണ് എന്ന് പറഞ്ഞാല്‍ ആ കുരങ്ങന്‍ വാല്‍ മരത്തില്‍ ചുറ്റിയും തലകുത്തനെ കിടന്ന് കൈകള്‍ ആട്ടിയും നടത്തുന്ന മരഞ്ചാട്ടത്തെ അഭിനന്ദിക്കുന്നു എന്നാണോ കാരന്തൂരീ അതിനര്‍ത്ഥം? ജോര്‍ജ്ബുഷും ഒബാമയും ബ്രിട്ടനും ഇസ്രായേലും മുന്നോട്ട് വെക്കുന്ന ‘ലോകസംരക്ഷണം’ എന്ന ആശയം നല്ലതാണ് എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം, അവര്‍ അതിന്റെ പേരില്‍ ലോകരാഷ്ട്രങ്ങളില്‍ നടത്തുന്ന നരനായാട്ടിനെ അഭിനന്ദിക്കുന്നു എന്നാണോ? ഇതുപോലും അറിയാത്ത മനുഷ്യാ! നീ എത്തിപ്പെട്ട പാളയം തെറ്റിയിട്ടില്ല. കാന്തപുരത്തിന്റെ ഒറിജിനല്‍ ഭക്തന്‍ തന്നെയാണ് നീ. അയാളുടെ ഭക്തനാകാനുള്ള എല്ലാ യോഗ്യതകളും (വിവരക്കേട്, ബുദ്ധിമാന്ദ്യം, പൈശാചികത, കളവ്, ചതി, വഞ്ചന, ദുര്‍വ്യാഖ്യാനപ്രവണത) നിനക്കുണ്ട്. വെല്‍ഡന്‍ മൈ ഖുറാഫീ….

നട്ടെല്ല് നഷ്ടപ്പെട്ട കാന്തപുരവും നാണമില്ലാത്ത അനുയായികളും

ഏറ്റവുമൊടുവില്‍ മുടിവിഷയത്തില്‍ കേരളത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഒരു വെല്ലുവിളിയാണ്. വെല്ലുവിളിച്ചിരിക്കുന്നത് ഔദ്യോഗിക സമസ്തയുടെ നേതാവായ ബഹാവുദ്ദീന്‍ നദ്വി കൂരിയാടാണ്. അത് സഖാഫിമാരും അഹ്സനിമാരും നടത്തുന്നത് പോലെയുള്ള വെല്ലുവിളി നാടകമല്ല. മറിച്ച്, മുടിവിഷയത്തില്‍ കാന്തപുരം മുസ്ല്യാര്‍ മുബാഹലക്ക് തയ്യാറുണ്ടോ എന്നതാണ് ഔദ്യോഗിക സമസ്തക്കാരുടെ വെല്ലുവിളി. ‘മുബാഹല’ എന്ന പദമോ അതുകൊണ്ടുള്ള ഉദ്ദേശ്യമെന്തെന്നോ ഇന്ന് കാന്തപുരത്തിന് മുദ്രാവാക്യം വിളിച്ച് നടക്കുന്ന പിള്ളേര്‍ക്ക് അറിഞ്ഞ് കൊള്ളണമെന്നില്ല. അതിനെക്കുറിച്ച് സമസ്തയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സത്യധാര’ തന്നെ പറയട്ടെ.
“ചുരുക്കത്തില്‍ അണുഅളവ് സത്യവിശ്വാസവും ആത്മാര്‍ത്ഥതയും സത്യദീക്ഷയും ദൈവഭയവുമുണ്ടെങ്കില്‍ തന്റെ കയ്യിലുള്ള കേശത്തിന്റെ സാധുത തെളിയിക്കാന്‍ മുബാഹല നടത്തുന്നതിന് കാന്തപുരം തയ്യാറായേ പറ്റൂ. തിരുകേശമാണെന്ന് ഉറപ്പുള്ളത് കൊണ്ട് സങ്കോചിക്കേണ്ട കാര്യം യാതൊന്നുമില്ലല്ലോ.

എന്റെ കൈവശമുള്ളതും മാസങ്ങളായി കേരളത്തില്‍ വിവാദവിധേയവുമായ കേശം മുഹമ്മദ് നബിയുടേത് തന്നെയാണ്, ഇക്കാര്യത്തില്‍ ഞാന്‍ നുണ പറയുകയാണെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്റെ മേല്‍ ഉണ്ടായിക്കൊള്ളട്ടെ എന്ന് കാന്തപുരം പറയണം. പിന്നെ മറുപക്ഷത്തിന്റെ ഊഴമായി. കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ കൈവശമുള്ളതും മാസങ്ങളായി കേരളത്തില്‍ വിവാദവിധേയവുമായ കേശം മുഹമ്മദ് നബിയുടേതല്ല, പ്രവാചകന്റെ പേരില്‍ കെട്ടിച്ചമക്കപ്പെട്ട വ്യാജകേശമാണത്, ഇക്കാര്യത്തില്‍ ഞാന്‍ നുണ പറയുകയാണെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്റെ മേല്‍ ഉണ്ടായിക്കൊള്ളട്ടെ എന്ന് ഞങ്ങളുടെ പ്രതിനിധിയും പറയും. ഇത് പൊതുസമ്മേളനത്തിലോ ഏതാനും മാധ്യസ്ഥ പ്രതിനിധികളുടെ സാന്നിധ്യത്തിലോ പത്ര-മാധ്യമക്കാരുടെ മുമ്പിലോ ഒക്കെ ആകാവുന്നതാണ്.

ഇങ്ങനെയെങ്കിലും കാന്തപുരം കേരളീയ സമൂഹത്തിന് ചെറിയൊരു സമാശ്വാസം നല്‍കാന്‍ തയ്യാറാകണം. മരിച്ച് പോകണമെന്നും പാരത്രിക ജീവിതം നയിക്കണമെന്നും വിശ്വാസമുള്ള കാന്തമുശാവറാംഗങ്ങളും മറ്റു വെള്ളത്തലപ്പാവുകാരും അല്ലാത്തവരുമായ അനുയായികളും മാത്രമല്ല, പൊതുസമൂഹം മുഴുക്കെ തന്നെ കാന്തപുരത്തെ ഇതിനായി പ്രേരിപ്പിക്കട്ടെ. മാനവികതയെ ഉണര്‍ത്താനും അതിനായി യാത്ര ചെയ്യാനും തനിക്ക് അര്‍ഹതയുണ്ടെന്ന് അങ്ങനെ കാന്തപുരം തെളിയിക്കുമെന്ന് പ്രത്യാശിക്കാം.” (സത്യധാര. ഏപ്രില്‍. 16-30. പേജ്. 23)

ഇതിനൊരു മറുപടി ഇന്ന് വരെ ഉയര്‍ന്ന് കേട്ടിട്ടില്ല. കാന്തപുരം പൂജകരായ ചില വായാടി പ്രാസംഗികരുടെ നാവില്‍ നിന്നും ഇതിനുള്ള മറുപടി വന്നിട്ടില്ല. വരികയുമില്ല. മുടിയുടെ വിഷയം സംസാരിച്ചാല്‍ തൊട്ടാവാടിച്ചെടിയില്‍ ചവിട്ടിയത് പോലെ ഏത് കാന്തപുരംമുരീദും ചൂളിപ്പോകുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. കാന്തപുരത്തിന്റെ കയ്യിലുള്ള മുടി നബി(സ്വ)യുടെ മുടിയാണെന്ന് അയാള്‍ക്ക് ഉത്തമബോധ്യമുണ്ടെങ്കില്‍, നട്ടെല്ലിന്റെ സ്ഥാനത്ത് അതിന്റെ ഫോട്ടോസ്റാറ്റെങ്കിലുമുണ്ടെങ്കില്‍ ഈ മുബാഹല വെല്ലുവിളി സ്വീകരിക്കാന്‍ കാന്തപുരം മുന്നോട്ട് വരണം. മുടിവിഷയത്തില്‍ സത്യം ആരുടെ കയ്യിലാണെന്ന് കാണട്ടെ കേരളജനത. ദീനുല്‍ ഇസ്ലാമിന്റെ അടിത്തറ മാന്തുന്ന വാദങ്ങളുമായി മുമ്പും പലരും രംഗപ്രവേശം ചെയ്തപ്പോഴും അന്നത്തെ ഇസ്ലാമിക പണ്ഡിതന്‍മാര്‍ അത്തരക്കാരെ മുബാഹലക്ക് വെല്ലുവിളിച്ചിട്ടുണ്ട്. മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയെപ്പോലുള്ള കള്ളപ്രവാചകന്‍മാര്‍ രംഗത്ത് വന്ന കാലഘട്ടത്തില്‍ അന്നത്തെ ഇസ്ലാമിക പണ്ഡിതനായ സനാഉല്ലാ അമൃതസരി അയാളെ മുബാഹലക്ക് വെല്ലുവിളിച്ചതും അതിന്റെ അനന്തരഫലമായി സംഭവിച്ച കാര്യങ്ങളും ലോകമുസ്ലിംകള്‍ക്ക് ആവേശത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. അന്ന് സനാഉല്ലാ അമൃതസരിയുടെ വെല്ലുവിളി മിര്‍സാഗുലാം അഹ്മദ് ഖാദിയാനി നിവൃത്തിയില്ലാതെ ഏറ്റെടുത്തു. അയാള്‍ കാണിച്ച ധൈര്യത്തിന്റെ പത്തിലൊന്നെങ്കിലും കാന്തപുരം കാണിക്കണം. തങ്ങള്‍ പറയുന്നത് കളവാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കള്ളവാദമുള്ളവന്‍ നിന്ദ്യനായി മരിക്കട്ടെ എന്നായിരുന്നു അന്ന് മിര്‍സയും സനാഉല്ലാഅമൃതസരിയും നടത്തിയ മുബാഹലയുടെ രത്നച്ചുരുക്കം. അതിന്റെ അനന്തരഫലമറിയാന്‍ ലോകം കണ്ണും കാതും കൂര്‍പ്പിച്ച് കാത്തിരുന്നു. വര്‍ഷം ഒന്ന് തികഞ്ഞില്ല. പതിനൊന്ന് മാസമായപ്പോഴേക്കും മിര്‍സാഗുലാം അഹ്മദ് ഖാദിയാനി എന്ന കള്ളപ്രവാചകന്‍ നിന്ദ്യനും നികൃഷ്ടനുമായി മരണപ്പെട്ടു. എത്രത്തോളമെന്നാല്‍, വായിലൂടെ മലം പോലും പുറത്ത് വന്നാണ് അയാള്‍ ജീവന്‍ വെടിഞ്ഞത് എന്ന് ചരിത്രം പറയുന്നു. ദീനുല്‍ ഇസ്ലാമിനെ കുളംതോണ്ടാന്‍ ഇറങ്ങിത്തിരിച്ച് മുബാഹല നടത്തിയവരുടെയൊക്കെ സ്ഥിതി ഇതായിരുന്നു. ആ ചരിത്രമൊന്നും വായിക്കാത്തവനായിരിക്കില്ല കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും. അതുകൊണ്ട് ധൈര്യവും ആദര്‍ശബോധവുമുണ്ടെങ്കില്‍ കാന്തപുരം മുസ്ല്യാര്‍ മുബാഹലക്ക് തയ്യാറാകണം. ഇല്ലെങ്കില്‍ ഇന്നീ മുടിയുടെ പേരില്‍ നട്ടം തിരിയുന്ന കാന്തപുരത്തിന് വരുംകാലങ്ങളില്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്നും ചാക്കുകളിലാക്കി റോഡുകളില്‍ തള്ളുന്ന വെയ്സ്റ് മുടിക്കെട്ടിന്റെ വില പോലും മുസ്ലിം കൈരളി വകവെച്ച് തരില്ല.
വാല്‍ക്കഷ്ണം: ഈയിടെ ഫെയ്സ്ബുക്കില്‍ ഒരു ചിത്രവും അടിക്കുറിപ്പും വന്നതായി ഒരു സുഹൃത്ത് പറയുകയുണ്ടായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ തന്റെ നീട്ടി വളര്‍ത്തിയ മുടിയുമായി നില്‍ക്കുന്നു. അതിന് താഴെ ഒരു അടിക്കുറിപ്പും. “പന്ന്യാ……..ഓടിക്കോ, കാന്തപുരം വരുന്നുണ്ട്.”

ലേഖകന്‍
May-2012
 
  • oru pavam

    assooya kushump marunnillla ithinu

  • kodungallurShafiSaquafi

    മുസ്ലിം കൈരളി പൂര്വ്വാധികം ഭക്തിയും, സ്നേഹവും നല്കുന്ന രംഗ മാണ് കേരളീയര് കണ്ടുകൊണ്ടിരിക്കുന്നത്. ഉസ്താദിന്റെ ഒരു ദിവസത്തെ പൊതു പ്രവര്ത്തനം ഈ ലേഖകന് ഒരു ആയുസ്സില് ചെയ്യാനൊക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് കേരളീയര്,,,, അല്പ ബുദ്ധിക്കാരെ സമൂഹം തിരിച്ചറിയാന് ഈ ലേഖനം തന്നെ ധാരാളം…