Islah Monthly

പുസ്തകം - 2ലക്കം -12April 2013


അല്ലാഹുവിന്റെ അനുഗ്രഹം ശിര്‍ക്കാക്കി മാറ്റുന്ന ജമാഅത്തെ ഇസ്ലാമി

അറേബ്യയിലെ വളരെ പ്രാചീനമായ ഒരു സമുദായമായിരുന്നു ഥമൂദ്. മലമ്പാറകള്‍ വെട്ടിത്തുരന്ന് അവയില്‍ വീടുണ്ടാക്കാനും, പരപ്പായി കിടക്കുന്ന സമതലങ്ങളില്‍ വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കാനും സവിശേഷമായ പാടവമുള്ളവരായിരുന്നു അവര്‍. ബഹുദൈവാരാധനയില്‍ ആണ്ടുപോയ, സ്രഷ്ടാവിനോടുള്ള ബാധ്യതയില്‍ അജ്ഞരായി ജീവിച്ചുപോന്ന ആ ജനതയെ മാനവീകമായി പിഴയറ്റ ജനതയാക്കാനും അല്ലാഹുവിനെ കുറിച്ചും പുനരുത്ഥാനത്തെ കുറിച്ചുമെല്ലാം മുന്നറിയിപ്പ് നല്‍കാനുമായി അവരിലേക്ക് സ്വാലിഹ് നബി(അ)യെ അല്ലാഹു നിയോഗിച്ചു. ദൃഡഗാത്രരും ഊര്‍ജ്ജസ്വലരുമായ അവരെ തൌഹീദിലേക്ക് ക്ഷണിച്ചപ്പോള്‍ വളരെ ധിക്കാരത്തോടെയാണ് അവര്‍ സ്വാലിഹ് നബി(അ)യോട് പ്രതികരിച്ചത്. പകരം വെക്കാനില്ലാത്തതായ തങ്ങളുടെ അഭിവൃദ്ധിയില്‍ നിഗളിച്ചിരുന്ന അവര്‍ ദൈവനിഷേധികളായി മാറിയ ചരിത്രമാണ് പരിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നത്.
എന്നാല്‍, ഈ ഒരു ചരിത്രത്തെ തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കുള്ള പ്രാമാണികമായ തെളിവായി വളച്ചൊടിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളായ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുതിര്‍ന്നു. അതിനുവേണ്ടി അദ്ദേഹം അല്ലാഹുവിന്റെ പേരിലും പ്രവാചകന്‍മാരുടെ പേരിലും പച്ചക്കള്ളം ബഹുജനസമക്ഷത്തില്‍ വിളിച്ചു പറഞ്ഞു. “ഇസ്ലാമിക പ്രബോധന രംഗത്ത് ഒരൊറ്റ പ്രവാചകനും അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയാണ് ഇവിടുത്തെ പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരിടുന്നത്”(ജമാഅത്തെ ഇസ്ലാമി ഒരു ലഘുപരിചയം. ശൈഖ് മുഹമ്മദ് കാരക്കുന്ന്. പേജ്. 84) എന്ന് എഴുതിയ വ്യക്തിക്ക് പ്രവാചകന്‍മാരുടെ ദൌത്യത്തെകുറിച്ച് കോട്ടിമാട്ടാനാണോ പ്രയാസം? പുനര്‍വായനക്കും, പുനരാലോചനക്കുമായി അദ്ദേഹത്തിന്റെ പ്രസ്തുത പ്രഭാഷണം പകര്‍ത്തിയെഴുതിയതാണ് ചുവടെ:
“ഥമൂദ് ഗോത്രത്തിലേക്ക് പ്രവാചകനായ സ്വാലിഹ്(അ) വന്നു. സ്വാലിഹ്(അ) വന്നപ്പോള്‍ ആ സമൂഹത്തില്‍ വിഗ്രഹാരാധകര്‍ ഉണ്ടായിരുന്നു. ബഹുദൈവാരാധകര്‍ ഉണ്ടായിരുന്നു. ആ ബഹുദൈവാരാധനയെ പ്രവാചകനായ സ്വാലിഹ് എതിര്‍ത്തു. അതേപോലെ തന്നെ മലമുകളില്‍ പാറകള്‍ തുരന്ന് വീടുണ്ടാക്കുന്നവരായിരുന്നു അവര്‍. പൊങ്ങച്ചം നടിക്കുന്നവരായിരുന്നു. അതിനേയും എതിര്‍ത്തു. രണ്ടും ഒരുപോലെ എതിര്‍ത്തു. ഒന്നിനേയും അവഗണിച്ചില്ല. അവരിലുണ്ടായ തൌഹീദിനു വിരുദ്ധമായ രണ്ടിനേയും ഒരുപോലെ എതിര്‍ക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് പ്രവാചകനായ സ്വാലിഹ്(അ) അവരോട് ചോദിച്ചതായി വിശുദ്ധ ക്വുര്‍ആന്‍ ഉദ്ധരിക്കുന്നു; “നിങ്ങള്‍ പര്‍വതങ്ങളില്‍ പാറകള്‍ തുരന്ന് വീടുണ്ടാക്കി പൊങ്ങച്ചം നടിച്ചു കൊണ്ട് നിങ്ങള്‍ അഹങ്കരിക്കുകയാണോ” എന്നവരോട് ചോദിച്ചു. അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ സ്വീകരിച്ചില്ല. അവരെയും അല്ലാഹു ഭൂമിയില്‍ അവന്റെ ശാപകോപങ്ങള്‍ക്ക് വിധേയമാക്കി ശിക്ഷിച്ചു. ഇന്നും ചരിത്രത്തില്‍ പാഠമെന്ന നിലക്ക് മദീനയില്‍ നിന്ന്……… റിയാദിന്റെയും മദീനയുടെയും ഇടയിലുള്ള ഏകദേശം മദീനയില്‍ നിന്ന്.. ഏകദേശം അഞ്ച് മണിക്കൂര്‍ നേരത്തെ യാത്ര ചെയ്താല്‍ എത്തുന്ന പ്രദേശമുണ്ട്. മദാഇന്‍ സ്വാലിഹ് എന്ന സ്ഥലം. അവിടെ നിങ്ങള്‍…… നിങ്ങളില്‍ ചെലരെങ്കിലും ക്വുര്‍ആന്റെ ചരിത്രഭൂമിയിലൂടെ എന്ന കാസറ്റ് കണ്ടിട്ടുണ്ടായിരിക്കും. അതില്‍ ഈ ഥമൂദ് ഗോത്രത്തിന്റെ ചരിത്രാവിശിഷ്ടങ്ങള്‍, പാറ തുരന്ന് വീടുണ്ടാക്കിയതിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. അഥവാ ആ സമൂഹത്തിന്റെ തിന്‍മയും അതായിരുന്നു. അതുകൊണ്ട് അവരിലേക്ക് നിയോഗിതനായ പ്രവാചകനായ സ്വാലിഹ് നബി(അ) അത് അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ സ്വീകരിച്ചില്ല. അവരെ ശിക്ഷിച്ചു. അവരെ പരിചയപ്പെടുത്തിയപ്പോള്‍ ക്വുര്‍ആന്‍ പറഞ്ഞു; “വ സമൂദല്ലദീന ജാബുസ്സ്വഖ്റ ബില്‍ വാദ്” താഴ്വാരങ്ങളില്‍ പാറകള്‍ തുരന്ന് വീടുണ്ടാക്കിയിരുന്ന ഥമൂദ് ഗോത്രത്തില്‍ നിന്റെ നാഥന്‍ ചെയ്തതെന്താണെന്നറിയാമൊ? “ഫ സ്വബ്ബ അലൈഹിം റബ്ബുക സൌത അദാബ്” അവരെ ശിക്ഷിച്ച കഥ ക്വുര്‍ആന്‍ വിശദമായി പറയുകയാണ് ചെയ്യുന്നത്.”
പ്രിയപ്പെട്ട സഹോദരങ്ങളെ, ജീവിച്ചിരിക്കുമ്പോള്‍ തിരുത്തിയില്ലെങ്കില്‍ പരലോകത്ത് അത്യധികം ഖേദിക്കേണ്ടിവരുന്ന ഗുരുതരമായ കളവാണ് അല്ലാഹുവിന്റെ പേരില്‍ ഈ പ്രാസംഗികന്‍ ആരോപിച്ചിട്ടുള്ളത്. ക്വുര്‍ആനിലെവിടെയും പാറ തുരന്ന് വീടുണ്ടാക്കിയതിനെ ഒരു തിന്‍മയായി അല്ലാഹുവോ അവന്റെ ദൂതനായ സ്വാലിഹ് നബി(അ)യോ വിശേഷിപ്പിച്ചിട്ടില്ല. എന്നാല്‍ ശൈഖ് അവര്‍കള്‍ പറയുന്നത് പാറ തുരന്ന് വീടുണ്ടാക്കിയത് തൌഹീദിന് വിരുദ്ധവും (ശിര്‍ക്കും), സ്വാലിഹ് നബി(അ)യുടെ സമൂഹത്തിന്റെ മുഖ്യ തിന്‍മയുമാണ് എന്നതായിരുന്നു. എന്തുമാത്രം ഖേദകരമാണ് ശൈഖിന്റെ പ്രസ്താവന! സത്യത്തില്‍, പാറ തുരന്ന് വീടുണ്ടാക്കാനുള്ള കഴിവ് അവര്‍ക്ക് നല്‍കപ്പെട്ട അല്ലാഹുവിന്റെ ഒരനുഗ്രഹമായിരുന്നു. ആ നിലക്കാണ് അല്ലാഹു ക്വുര്‍ആനില്‍ അതിനെ സംബന്ധിച്ച് വ്യക്തമാക്കിയതും. അതിനെയാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് ശിര്‍ക്കാക്കി മാറ്റിയത്!
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനല്ലാതെ വേറെയൊരു ദൈവവുമില്ല എന്നും പറഞ്ഞതിനുശേഷം അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ എടുത്തു പറയുന്നുണ്ട്:
“ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരുകയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൌധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങളോര്‍ത്തു നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്.” (അഅ്റാഫ്. 74)
വാസ്തവത്തില്‍, പാറ തുരന്ന് വീടുണ്ടാക്കാനുള്ള കഴിവ് നല്‍കിയ അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനായിരുന്നു സ്വാലിഹ് നബി(അ) ഥമൂദ് ജനതയെ ഉപദേശിച്ചത്. അല്ലാഹു നല്‍കിയ ഈയൊരനുഗ്രഹത്തെയാണ് ശൈഖ് അവര്‍കള്‍ തൌഹീദിനു വിരുദ്ധമായ അഥവാ ശിര്‍ക്കായ പ്രവൃത്തിയായി എടുത്തു കാണിച്ചത്. ബഹുദൈവാരാധനയോട് തുല്യപ്പെടുത്തികൊണ്ട് പാറ തുരന്ന് വീടുണ്ടാക്കുന്നത് മഹാപാപമായി കാണിക്കാന്‍ ശ്രമിച്ചത്, രാഷ്ട്രീയ തിമിരത്തോടെ ഇസ്ലാമിനെ പഠിക്കാന്‍ അദ്ദേഹം ശ്രമിച്ചത് കൊണ്ട് മാത്രമാണ്. അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കുകയും ചെയ്യുന്ന യാഥാസ്ഥിക വിഭാഗത്തോട് വിട്ടുവീഴ്ച്ചയില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്വ്ലാഹീ മുന്നേറ്റത്തെ നിസാരവത്കരിക്കാനും, തങ്ങള്‍ ചെയ്യുന്നതാണ് യഥാര്‍ത്ഥ തൌഹീദി പ്രബോധനമെന്ന് പ്രകടിപ്പിക്കാനും സ്വീകരിച്ച മാര്‍ഗം ആശാസ്യമല്ലാത്ത ബുദ്ധിമോശത്തിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്. ഒരു കൂട്ടര്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ക്വുര്‍ആനിനെ തെറ്റായി എടുത്തുദ്ധരിക്കുമ്പോള്‍, മറ്റൊരു കൂട്ടര്‍ തങ്ങളുടെ രാഷ്ട്രീയമായ ‘ആധികാരികത’ കാണിക്കാന്‍ അതേ പാത തന്നെ പിന്തുടരുന്നു. കഷ്ടം!
ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഇത്തരം കുരുട്ടുവിദ്യകളെ തടുത്തു നിര്‍ത്താന്‍ അല്ലാഹുവില്‍ ഭയമുള്ള, പരലോകത്തെ പേടിക്കുന്ന ആരും തന്നെയില്ലെ ജമാഅത്തുകാരുടെ കൂട്ടത്തില്‍? ഇത്തരം തട്ടിപ്പുകളുമായി ജമാഅത്തെ ഇസ്ലാമി ജനങ്ങള്‍ക്കിടയില്‍ വന്നാല്‍ അതിന്റെ വാസ്തവികത മനസിലാക്കികൊടുക്കേണ്ട ഉത്തരവാദിത്വം അല്ലാഹുവിന്റെ ദീന്‍ ഇഷ്ടപ്പെടുന്ന സത്യവിശ്വാസികള്‍ക്കുണ്ട്. ആ കര്‍ത്തവ്യം ഞങ്ങള്‍ ഇവിടെ നിര്‍വ്വഹിക്കുന്നതോടൊപ്പം തീര്‍ത്തും ഗുണകാംക്ഷയോടെ ജമാഅത്ത്കാരോട് ഒരപേക്ഷ, പ്രിയ സഹോദരങ്ങളെ, നിങ്ങള്‍ നിലകൊള്ളുന്ന വക്രമായ പ്രസ്ഥാനത്തെ വെടിഞ്ഞ് ഇനിയെങ്കിലും അല്ലാഹുവിന്റെ റസൂല്‍(സ്വ) പഠിപ്പിച്ചു തന്ന അവക്രമായ മാര്‍ഗത്തിലേക്ക് കടന്നു വരിക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.

ലേഖകന്‍
Apr-2012
 
  • mohammed ali kc

    കാമ്പില്ലാത്ത ലേഖനം. എന്തെങ്കിലും എഴുതണമല്ലോ എന്ന് കരുതി ഉണ്ടാക്കിയ ലേഖനമല്ലേ ഇത്? സത്യത്തില്‍ ശൈഖ്‌ സാഹിബ് തന്റെ പ്രഭാഷണത്തില്‍ മലകള്‍ തുരന്നു അഹങ്കരിക്കുന്നവരെ കുറിച്ചാണ് പറയുന്നത്. വെറുതെ മല തുരന്നു എന്നതല്ല. പൊങ്ങച്ചം നടിച്ചു കൊണ്ടുള്ള ആ പ്രവൃത്തിയാണ് എതിര്‍ത്തത്‌. ഈ ലേഖനത്തില്‍ എടുത്തുദ്ധരിച്ച പ്രഭാഷണ ശകലം തന്നെ മുഴുവന്‍ വായിച്ചാല്‍ ആ കാര്യം വ്യക്തമാവും. പക്ഷെ ലേഖകന്‍ നോമ്പ് നോറ്റിരിക്കുന്നത് കുറ്റം പറയാന്‍ വല്ലതുമുണ്ടോ എന്നാണു.
    മലകള്‍ തുരന്നതല്ല അഹങ്കരിച്ചു കൊണ്ടും അല്ലാഹുവിനെ മറന്നു കൊണ്ടും ആ പ്രവൃത്തികള്‍ ചെയ്യുന്നതിനെ കുറിച്ചാണ് തൌഹീദിന് വിരുദ്ധമായ കാര്യം എന്ന് പറഞ്ഞത്‌. അല്ലാഹുവിനെക്കാള്‍ സ്ഥാനം തങ്ങളുടെ ഇച്ചക്ക് നല്‍കി എന്ത് പ്രവൃത്തി ചെയ്താലും അത് തൌഹീദിന് വിരുദ്ധം തന്നെയാണ്. മുറി തൌഹീദും കൊണ്ട് ഊര് ചുറ്റുന്നവര്‍ക്ക് അത് മനസ്സിലാവില്ല.
    ജമാഅത്തിനെതിരെയുള്ള നിങ്ങളുടെ മുന്‍കാല കള്ള പ്രചാരണങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് കണ്ട എനിക്ക് ഇതിലൊരു പുതുമയും തോന്നുന്നില്ല.

    • Ziyanet2003

       നീണ്ട ലിസ്റ്റ് വായിച്ചാ താങ്കള്‍ സത്യം അന്വഷിക്കുന്ന ആളാണെങ്കില്‍
      അതിന്റെ ഒറിജിനല്‍ കോപ്പി യോ , വെടിഒയോ ഒന്ന് കാണാന്‍ തയ്യാറായെങ്കില്‍
      കൊള്ളാമായിരുന്നു. പിന്നെ ഇപ്പോള്‍ എല്ലാ ജമാത് ഇസലാമി കാരും പൂര്‍ണ  മുറി
      തൌഹീട് കാരായി മാറിയിരിക്കുകയാണ് വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചതൂട് കൂടി
      എന്നും കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.

  • SALIH65

    അല്ലാഹു  ഥമൂദ് ഗോത്രത്തിന് ചെയ്തു കൊടുത്ത ആ അനുഗ്രഹം അവര്‍ മനസ്സിലാക്കാനോ,അല്ലാഹുവിനെ കണ്ടെത്തുവാണോ അവര്‍ ശ്രമിച്ചില്ല,തങ്ങളുടെ ശക്തി കൊണ്ടാണ് ഞങ്ങള്‍ പാറ തുരന്നു വീണ്ടുണ്ടാക്കുന്നതെന്ന് അവര്‍ അഹങ്ങരിച്ചു,,,അവരെ സാലിഹ് നബി ഉപദേശിച്ചു,,,ഉപദേശം അവര്‍ ചെവി കൊണ്ടില്ല..അല്ലാഹുവില്‍ വിശ്വസിച്ചില്ല….അങ്ങിനെ അവര്‍ സ്വയം നാശം ഏറ്റു വാങ്ങി…ഇതേ കാര്യം തന്നെയല്ലേ ഷെയ്ഖ്‌ സാഹിബും പറഞ്ഞത്….ജമാഅത്ത്കാര്‍ എന്ത് എഴുതിയാലും എതിര്‍ക്കണം എന്ന ചിന്തയില്‍ നിന്നും ഉതിര്‍ന്നു വീണതാണ് ഈ ലേഖനം…അത് കൊണ്ട് തന്നെ നിലവാരം തീരെ ഇല്ല….

  • Kpa Muhsin

    നിലവാരം തീരെ ഇല്ലാത്ത പ്രതികരണങ്ങള്‍