Islah Monthly

പുസ്തകം - 2ലക്കം -12April 2013


രൂപത്തിലും ഭാവത്തിലും പേരിലും ബിദ്അത്ത്

രൂപത്തിലും ഭാവത്തിലും പേരിലും ബിദ്അത്ത്

ബിദ്അത്തുകള്‍ അവസാനിക്കുന്നില്ല. അത് പുതിയ രൂപത്തിലും ഭാവത്തിലും ദിനേന രംഗത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതിന്റെ ആനുകാലിക ഉദാഹരണമാണല്ലോ ജന്‍മദിനാഘോഷം? മഹാനായ മുഹമ്മദ് നബി(സ്വ)ക്കോ അവിടുത്തെ വര തെറ്റാതെ അനുകരിച്ച സ്വഹാബത്തിനോ താബിഉകള്‍ക്കോ തബഉത്താബിഉകള്‍ക്കോ കേട്ടറിവുപോലുമില്ലാത്ത ഈ പച്ചയായ ബിദ്അത്ത് വല്ലാത്തൊരു തരം വാശിയോടെയാണ് ഖുറാഫികള്‍ ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ രൂപത്തിലും കോലത്തിലും ഭാവത്തിലുമെല്ലാം ഓരോ വര്‍ഷവും മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഈ മാറ്റം തന്നെയാണ് നബിദിനാഘോഷം ഇസ്ലാമികമല്ല എന്നതിന്റെ പ്രകടമായ ഒരു തെളിവ്. ഇസ്ലാമിലെ ആഘോഷങ്ങള്‍ക്ക് തിരുനബിയുടെ കാലത്തുള്ള കോലം തന്നെയാണ് ഇപ്പോഴും. അത് ലോകാവസാനം വരെ അങ്ങനെയായിരിക്കുകയും ചെയ്യും. മറിച്ച്, മനുഷ്യന്‍ മതത്തിന്റെ പേരില്‍ ഉണ്ടാക്കിയ ഒരു അനാചാരം മനുഷ്യന്റെ അഭിരുചി മാറുന്നതിനനുസരിച്ച് അതിന്റെ രൂപവും കോലവും ശൈലിയും മാറിമാറി വരും. കഴിഞ്ഞ വര്‍ഷം കേള്‍ക്കാത്ത പേരുകളും പരിപാടികളുമാണ് ഇക്കുറി നബിദിനാഘോഷത്തിന്റെ പേരില്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. “നബിയെക്കുറിച്ച് എന്തും പുകഴ്ത്തിപ്പറഞ്ഞോളൂ, ക്രൈസ്തവര്‍ ഈസാനബിയെക്കുറിച്ച് പറഞ്ഞത് പോലെ ദൈവപുത്രനും ദൈവവുമെന്ന് മാത്രം പറയാതിരുന്നാല്‍ മതി” എന്നാണ് ഖുറാഫീ പുരോഹിതന്‍മാരുടെ തിട്ടൂരം. ആ ലൈസന്‍സും കയ്യില്‍ പിടിച്ച് തോന്നിയതെന്തും വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുകയാണിപ്പോള്‍ ഖുറാഫീ മക്കള്‍. തിരുനബിയോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത് നബി(സ്വ) കാണിച്ച് തന്ന ചര്യകളും മാര്‍ഗ്ഗങ്ങളും വിശ്വാസങ്ങളും പിന്‍പറ്റിക്കൊണ്ടാണ് എന്ന സലഫുകളുടെയും സലഫികളുടെയും വീക്ഷണത്തെ പരിഹാസത്തോടെ പുച്ഛിച്ച് തള്ളുന്നവരാണ് ഖുറാഫീ പാതിരിമാര്‍. മറിച്ച്, അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നത്, നിസ്കരിക്കാത്തവനും നോമ്പ് നോല്‍ക്കാത്തവനുമെല്ലാം ജന്‍മദിനാഘോഷത്തില്‍ പങ്കെടുത്താല്‍ സ്വര്‍ഗ്ഗപ്രവേശം ലഭിക്കുമെന്നാണ്. അവിശ്വാസികള്‍ക്ക് മാതൃകയായി ക്വുര്‍ആന്‍ എടുത്ത് പറഞ്ഞ അബൂലഹബിന്റെ ഒരു കള്ളക്കഥയാണ് ഈ വിഷയത്തില്‍ കേരളാ ഖുറാഫികള്‍ക്ക് തെളിവ്. അതുകൊണ്ട് തന്നെ യാതൊരു ഇസ്ലാമിക ചിഹ്നവും ലക്ഷണവും ജീവിതത്തിലില്ലാത്തവനും ജന്‍മദിനാഘോഷത്തില്‍ സജീവമായി പങ്കെടുക്കുന്നു. തിരുനബിയുടെ ജന്‍മദിനത്തില്‍ സന്തോഷിച്ച് ‘ആനന്ദലഹരിയില്‍ ആറാടുക’ എന്നാണ് പുരോഹിതന്‍മാര്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുള്ളത്. ഇസ്ലാം അനുവദിച്ച ആഘോഷങ്ങളായ രണ്ട് പെരുന്നാളുകള്‍ക്ക് ‘ആനന്ദലഹരിയില്‍ ആറാടാന്‍’ ഇവര്‍ ആഹ്വാനം ചെയ്യാറില്ല. ഇസ്ലാമിലെ ആഘോഷങ്ങളും ഇബാദത്തുകളാണ്. അല്ലാതെ ആറാട്ടുകളല്ല. ആറാടാനുള്ള ആഹ്വാനം ഉള്‍കൊണ്ട് കൊണ്ട് വിവരവും ദീനും ലവലേശമില്ലാത്ത ഭൂരിപക്ഷജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആറാടുക തന്നെയാണ് ചെയ്യാറുള്ളത്. നേര്‍ച്ചയും ഉറൂസും ഉല്‍സവവും പോലെ ഉന്‍മാദ ലഹരി കണ്ടെത്താനുള്ള അവസരമായി ജന്‍മദിനാഘോഷം ഇപ്പോള്‍ മാറിയിരിക്കുന്നു. അതിന് വേണ്ടി ഉത്തരേന്ത്യന്‍ സൂഫികളില്‍ നിന്നും കടമെടുത്ത ഖവാലികളും വെസ്റേണ്‍ സ്റൈലിലുള്ള മൌലിദ് സദസ്സുകളും സംഘടിപ്പിച്ച് അതിന്റെ രാഗത്തിനൊത്ത് തെരുവുകളില്‍ നൃത്തം ചവിട്ടുന്ന ഖുറാഫീ അനുയായികളെയാണ് ഏതാനും വര്‍ഷങ്ങളായി നാം കണ്ട് കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോള്‍ ഇവരുടെ ജന്‍മദിനാഘോഷത്തിന്റെ ആധുനിക കോലം. അതിന് പറ്റിയ ചില പേരുകള്‍ കൂടി ഇവര്‍ രംഗത്തിറക്കിയിട്ടുണ്ട്. ‘സ്വീറ്റ് ഓഫ് മദീന, ബഹാറെ മദീന, ആവാസേ മദീന, സുബ്ഹെ ത്വൈബ മജ്ലിസ്, തസ്ലീമെ ഇശ്ക് നാത് ശരീഫ്’ തുടങ്ങിയ പേരുകളാണ് ഇക്കുറി ഖുറാഫീ പുരോഹിതന്‍മാര്‍ രംഗത്തിറക്കിയിട്ടുള്ളത്. സത്യത്തില്‍ ‘ഇശ്ക്’ എന്ന പ്രയോഗം തന്നെ സൂഫികളുടെ സമ്മാനമാണ്. കാമുകീ കാമുകന്‍മാരും ഭാര്യാ ഭര്‍ത്താക്കന്‍മാരും തമ്മിലുള്ള സ്നേഹത്തിനാണ് ‘ഇശ്ക്’ എന്ന് പറയാറുള്ളത്. അല്ലാഹുവിനോടും റസൂലിനോടുമുള്ള പ്രിയത്തിന് പ്രയോഗിക്കാന്‍ പറ്റിയ വാക്കല്ല അത്. മുന്‍ഗാമികളാരും തന്നെ അല്ലാഹുവിനോടും നബിയോടുമുള്ള സ്നേഹത്തിന് ആ പദം പ്രയോഗിച്ചിട്ടില്ല. അവര്‍ അതിന് പ്രയോഗിച്ച വാക്ക് ‘മഹബ്ബത്ത്’ എന്നാണ്. കാമുകീ കാമുകന്‍മാര്‍ തമ്മില്‍ ‘ഇശ്ക്’ ഉണ്ടായാല്‍ പിന്നെ നാണവും മാനവുമില്ലാതെ എന്തും പറയാമല്ലോ? അതാണിവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നതും
കണ്ണൂര്‍ ജില്ലയിലെ മടക്കരയില്‍ നിന്നും കൌതുകകരമായ മറ്റൊരു ബിദ്അത്ത് കൂടി രംഗത്ത് വന്നിരിക്കുന്നു. ‘സ്വലാത്ത് സമര്‍പ്പണം’ എന്നാണ് ഈ ബിദ്അത്തിന് പേര് വീണിരിക്കുന്നത്. തിരുനബിയുടെ പേരിലുള്ള സ്വലാത്ത് പുണ്യം ലഭിക്കുന്ന കാര്യം തന്നെ. പക്ഷെ അത് സമര്‍പ്പിക്കേണ്ടത് അല്ലാഹുവിന്റെ മുന്നിലാണെന്ന് മാത്രം. അല്ലാതെ കേരളത്തിലെ ബിദഇകളായ ഖുറാഫീ പുരോഹിതന്‍മാരുടെ മുന്നിലല്ല. എന്നാല്‍, മടക്കരയിലെ പുരോഹിതന്‍മാരുടെ ആഹ്വാനം, ഓരോരുത്തരും ചൊല്ലുന്ന സ്വലാത്ത് അവിടത്തെ പുരോഹിതന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പറയണമെന്നാണ്. ശേഷം അതെല്ലാം സംഭരിച്ച് മദീനയിലേക്ക് സമര്‍പ്പിക്കുകയാണ് പോലും?! കഴിഞ്ഞ വര്‍ഷം 11 കോടിയിലധികം സ്വലാത്തുകള്‍ ഇങ്ങനെ സംഭരിച്ച് തിരുനബിക്ക് അര്‍പ്പിച്ചുവെന്ന് ഇവര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധനങ്ങള്‍ സംഭരിക്കുന്നത് പോലെ ഏതെങ്കിലുമൊരു പുരോഹിതന്‍ സംഭരിച്ച് ശേഖരിക്കേണ്ട ഒന്നല്ല മുത്ത്നബിയുടെ പേരിലുള്ള സ്വലാത്ത്. താന്‍ ചൊല്ലുന്ന സ്വലാത്ത് തന്റെ മനമറിഞ്ഞ് പുണ്യം തരുന്നവന്‍ അല്ലാഹുവാണ്. ഏതെങ്കിലുമൊരു ഖുറാഫീ സ്ഥാപനത്തില്‍ നാലഞ്ച് വര്‍ഷം തിണ്ണ നിരങ്ങി പുറത്ത് വന്ന പുരോഹിതന് അതിലെന്ത് കാര്യം? അവന്റെ മൊബൈല്‍ നമ്പറില്‍ ഇത് വിളിച്ചറിയിക്കണമെന്ന തിട്ടൂരം ഏത് പിശാചിന്റെ തലയില്‍ നിന്നാണ് വന്നതെന്നറിയില്ല. ആരുടെ എരണം കെട്ട തലയില്‍ നിന്ന് വന്നാലും സമീപഭാവിയില്‍ അവന്‍ അതിന് ഫീസ് ഏര്‍പ്പെടുത്തുമെന്ന് തീര്‍ച്ച. ബിദ്അത്തുകളുടെ ചിത്രവും ചരിത്രവുമതാണ്. ബിദ്അത്തുണ്ടാക്കുന്നവന്റെ ലക്ഷ്യം ഒരിക്കലും പരലോക മോക്ഷമായിരിക്കുകയില്ല. പരലോകമോക്ഷത്തിന് തിരുനബിയുടെ സുന്നത്ത് തന്നെ ധാരാളം. ബിദ്അത്തുണ്ടാക്കുന്നവരുടെ ലക്ഷ്യം ഇഹലോക നേട്ടം മാത്രമാണ്. അതവര്‍ എമ്പാടും സമ്പാദിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷത്തില്‍ പുതിയ കോലത്തിലും രൂപത്തിലും പേരിലുമായിരിക്കും നബിദിനാഘോഷം രംഗത്ത് വരിക. അത്തരം ബിദ്അത്തുകളില്‍ നിന്ന് വിട്ട് നില്‍ക്കാനും ബിദ്അത്തുകളെ വെറുക്കാനും അതിനെതിരെ പ്രതികരിക്കാനും സുന്നത്തുകളെ പരമാവധി പ്രചരിപ്പിക്കാനുമുള്ള ശക്തിയും സാഹചര്യവും അല്ലാഹു നമുക്ക് പ്രദാനം ചെയ്യട്ടെ – ആമീന്‍.

Feb-2012
 
  • rafeeque..sharjah

    ammeen

  • Hakkim

    AAMEEEEEEEN