Islah Monthly

പുസ്തകം - 2ലക്കം -12April 2013


ചരിത്രവും ജമാഅത്തിന്റെ ഭൂതകണ്ണാടിയും

ദേശ ഭാഷാ വ്യത്യാസമില്ലാതെ ഏതൊരു സാധാരണക്കാരനും സ്വീകരിക്കാനുതകുന്ന രീതിയിലാണ് ഇസ്ലാമിലെ വിശ്വാസവും അനുബന്ധമായ ശാസനകളും.  ലോകവസാനം വരെയുള്ള വിശ്വാസികള്‍ക്ക് അത് തനതായ രൂപത്തില്‍ ലഭ്യമാകുവാന്‍ വേണ്ട നടപടികള്‍ (സംരക്ഷണം) അല്ലാഹു തന്നെ ഒരുക്കിയിട്ടുണ്ട് എന്നത് അതിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ ദീന്‍ വരച്ചുകാണിക്കുന്ന ചരിത്രം അപഗ്രഥിക്കുമ്പോള്‍ അതിനോട് നൂറ് ശതമാനം കൂറ് കാണിക്കാന്‍ അതിന്റെ അനുയായികള്‍ക്ക് വിഷമകരമല്ല. കാരണം നബി(സ്വ)യും സ്വഹാബികളും അവരില്‍ നിന്നു കേട്ടുപഠിച്ച സച്ചരിതരും പൂര്‍വ്വസൂരികളുമായ പണ്ഡിതശ്രേഷ്ഠരുടെ അഭിപ്രായങ്ങള്‍ ഇന്ന് അകൃത്രിമമായ രൂപത്തില്‍ ലഭ്യമാണ്. അവയായിരിക്കണം ദീന്‍ പഠിക്കാന്‍ നമ്മുടെ  ബുദ്ധി മുഖ്യമായും ആശ്രയിക്കേണ്ടത്. അതല്ലാതെ ബുദ്ധിയില്‍ ഉദിച്ചുയരുന്ന ആശയങ്ങളെ ശരിവെക്കുന്നതിനു വേണ്ടി നിഘണ്ടുകള്‍ മുമ്പില്‍ വെച്ചുകൊണ്ടുള്ള പരിശോധനയല്ല ആരുടെയും പഠനത്തിനുള്ള ആധാരം. അപ്രകാരം ബുദ്ധിയെ ആശ്രയിക്കുകയും സലഫുകളുടെ പാത വെടിയുകയും ചെയ്തുകൊണ്ട് തലച്ചോറില്‍ രൂപപ്പെടുന്ന വിചാരങ്ങള്‍ സൈദ്ധാന്തവല്‍കരിക്കാന്‍ ശ്രമിച്ചാല്‍, അതിനായി ചരിത്രത്തിലൂടെ തെളിവ് പരതിയാല്‍ തങ്ങളുടെ ആശയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടത്ര തെളിവ് കിട്ടാതെ വരികയും അതില്‍പ്പിന്നെ ദീനിന്റെ പേരില്‍ വലിയ മൂഢത്വം തന്നെ വിളിച്ചുപറയേണ്ടുന്ന ഗതികേടില്‍ എത്തിച്ചേരുകയും ചെയ്യും. ദാ ഇതുപോലെ:
“മൌലാനാ മൌദൂദി അവിടെയിരിക്കട്ടെ, അദ്ദേഹത്തിനെന്ന പോലെ അല്ലാഹു നമുക്കും നല്‍കിയ ബുദ്ധിയുപയോഗിച്ചു സൂറഃ യൂസുഫ് ഒന്ന് പഠിച്ചുനോക്കാമല്ലോ. പൂര്‍വ്വിക വ്യാഖ്യാതാക്കളില്‍ ആരും തന്നെ ഞങ്ങളേക്കാള്‍ അറിവുള്ളവര്‍ ഇനി ഈ ഭൂമിയില്‍ ജനിക്കുകയില്ല എന്ന് എവിടെയും എഴുതിവെച്ചിട്ടില്ലല്ലോ?!” (ബോധനം ദ്വൈമാസിക, മെയ്-ജൂണ്‍ 2010, പേജ് 57)
പൂര്‍വ്വകാല പണ്ഡിതന്‍മാരേക്കാളും തങ്ങളുടെ മൌലാനക്ക് അധീശത്വം കല്‍പിക്കാന്‍ വേണ്ടി എഴുതിപ്പിടിപ്പിച്ച വരികളാണ് മുകളിലേത്. ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് എന്ന പഴമൊഴിയനുസരിച്ച് ഇതിലും വലിയത് അവരില്‍ നിന്ന് പ്രതീക്ഷിക്കാം. സലഫുകളെ ഇകഴ്ത്തുന്ന ഇതുപോലെയുള്ള ശിഷ്യന്‍മാര്‍ മൌലാനയുടെ പുറകെ വരുന്നതില്‍ അത്ഭുതപ്പെടേണ്ടതുമില്ല. അതെന്താണെന്നോ, ക്വുര്‍ആനിന്റെ അവതരണവേളയില്‍ സുഗ്രാഹ്യമായിരുന്ന ചില സാങ്കേതിക ശബ്ദങ്ങള്‍ പൂര്‍വികരായ പണ്ഡിതന്‍മാരില്‍ നിന്നും ക്രമേണ ക്രമേണ നഷ്ടപ്പെട്ടുപോയി എന്ന വങ്കത്തവും പിന്നീട് അതെല്ലാം തനിക്കാണ് മനസ്സിലായത് എന്ന ധ്വനിയും (അബുല്‍അഅ്ലാ മൌദൂദി, ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, പേജ് 14) മെനഞ്ഞത് ഇവരുടെ ഉസ്താദ് മൌദൂദിയാണ്. അതുകൂടാതെ അദ്ദേഹം നടത്തിയ മറ്റൊരു പ്രസ്താവന ശ്രദ്ധിക്കൂ:
“നമ്മുടെ നിത്യസംസാരങ്ങളില്‍ നടപ്പായിക്കഴിഞ്ഞിട്ടുള്ള ചില വാക്കുകളും പദങ്ങളുമുണ്ട്; എല്ലാവരും ഉപയോഗിക്കാറുണ്ടെങ്കിലും അവയുടെ സാക്ഷാലുദ്ദേശ്യം ഗ്രഹിക്കുന്നവര്‍ നന്നെ കുറവായിരിക്കും. ധാരാളമായി ഉപയോഗിച്ചതുകാരണം ഒരു പൊതുവിഭാവനം മാത്രം ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ടായിരിക്കും. ഉച്ചരിക്കുന്നവര്‍ അതേ വിഭാവനത്തില്‍ അവ ഉച്ചരിക്കുകയും കേള്‍ക്കുന്നവര്‍ അതേ അര്‍ത്ഥത്തില്‍ ഗ്രഹിക്കുകയും ചെയ്യും. എന്നാല്‍, പ്രസ്തുത വാക്കുകള്‍ വാസ്തവത്തില്‍ നിശ്ചയിക്കപ്പെട്ടിരുന്ന സാക്ഷാല്‍ ആശയങ്ങളെ സംബന്ധിച്ചു പാമരന്‍മാരെന്നല്ല, വലിയ വലിയ പണ്ഡിതന്‍മാര്‍പോലും അജ്ഞരായിരിക്കും. ഉദാഹരണമായി, ‘ഇസ്ലാമി’നേയും ‘മുസ്ലി’മിനേയുമെടുക്കാം. ഈ പദങ്ങള്‍ ധാരാളമായി നാം ഉപയോഗിക്കുന്നുണ്ട്. പക്ഷെ, അവയുടെ വിവക്ഷ ശരിക്കും ഗ്രഹിച്ചുകൊണ്ടിരിക്കുന്നവര്‍ നമ്മില്‍ എത്ര പേരുണ്ട്? വാസ്തവത്തില്‍ അവ നിശ്ചയിക്കപ്പെട്ട അതേ അര്‍ത്ഥത്തില്‍ ഗ്രഹിക്കുന്നവര്‍ കേള്‍ക്കുന്നവരിലെത്രയുണ്ട്? അമുസ്ലിംകള്‍ പോകട്ടെ, മുസ്ലിംകളില്‍ തന്നെ 99 ശതമാനത്തിന്റെയും അവസ്ഥ യെന്താണ്? തങ്ങള്‍ ‘മുസ്ലിം’കളെന്നും തങ്ങളുടെ മതം ‘ഇസ്ലാ’മെന്നും വാദിക്കുന്നുണ്ടെങ്കിലും ‘മുസ്ലിമാ’കുന്നതിന്റെ അര്‍ത്ഥമെന്തെന്നോ ‘ഇസ്ലാ’മെന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷയെന്തെന്നോ അവര്‍ക്കറിഞ്ഞുകൂടാ!” (അബുല്‍അഅ്ലാ മൌദൂദി. മുസ്ലിമിന്റെ സാക്ഷാല്‍ വിവക്ഷ. പേജ്. 1,2)
എന്തൊരു അഹങ്കൃതി! സാധാരണക്കാര്‍ക്കും വലിയ വലിയ പണ്ഡിതന്‍മാര്‍ക്കുമൊന്നും തിരിയാത്ത അര്‍ത്ഥം ആകെ തിരിഞ്ഞത് ജമാഅത്ത് സ്ഥാപകന് മാത്രം. വാസ്തവത്തില്‍ മൌദൂദിയുടെ കിതാബുകളും ശിയാക്കളുടെ മന്‍ഹജും മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ജമാഅത്തുകാര്‍ക്ക് അറിവ് സ്വീകരിക്കാന്‍ താഴെനിന്ന് മേലോട്ടാണ് നോക്കേണ്ടതെന്ന സാമാന്യബോധം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രപഠനത്തില്‍ ഇവര്‍ അവലംബമാക്കിയ സ്രോതസ്സുകള്‍ എങ്ങനെയാണ് നമുക്ക് വിശ്വസിക്കാനാവുക? അതുമാത്രമല്ല, ജമാഅത്തുകാര്‍ പേനയുന്തുമ്പോള്‍ അതിനൊരു ലക്ഷ്യമുണ്ടാകും; അതാകട്ടെ അക്വീദയില്ലാത്ത ഒരിസ്ലാമിക ഭരണവും. അല്ലാഹു അവന്റെ മതത്തില്‍ നിര്‍ബന്ധമാക്കിയിട്ടില്ലാത്ത ഇക്കാര്യം അടിച്ചേല്‍പിക്കാന്‍ വളരെ ദാരുണമായ നിലക്കാണ് ജമാഅത്തെ ഇസ്ലാമി ചരിത്രത്തെ ദുര്‍വ്യാഖ്യാനിച്ചത്. ഭരണം ലക്ഷ്യമാക്കിയുള്ള ചരിത്രവായനയില്‍ ഇവരുടെ ഭൂതകണ്ണാടി ദര്‍ശിച്ചതും അതുവഴി ഇവര്‍ ചവിട്ടിമതിക്കാന്‍ ശ്രമിച്ചതും അല്ലാഹു തൃപ്തിപ്പെട്ട അവന്റെ പ്രവാചകന്‍മാരെയും അല്ലാഹു പുകഴ്ത്തിപ്പറഞ്ഞ ആ പ്രവാചകന്‍മാരുടെ അനുയായികളെയുമാണ്. ലോകത്തു വന്ന മുഴുവന്‍ പ്രവാചകരുടെയും പരമമായ ലക്ഷ്യം ദൈവികഭരണം സ്ഥാപിക്കുകയായിരുന്നത്രെ. ലോകചരിത്രത്തില്‍ കഴിഞ്ഞു പോയ എല്ലാ പ്രവാചകന്‍മാരും രാഷ്ട്രീയവിപ്ളവം നയിക്കുവാനാണത്രെ പരിശ്രമിച്ചത്. എന്തിനേറെ, അനിസ്ലാമിക ഭരണത്തിന് വിധേയമായി ജീവിക്കുന്നതിനെ പച്ചയായ ശിര്‍ക്കായി പരിചയപ്പെടുത്തുക വഴി ഇസ്ലാമിന്റെ പ്രതിച്ഛായക്കുതന്നെ കളങ്കം വരുത്താന്‍ ഇവര്‍ മടി കാണിച്ചില്ല.
അനിസ്ലാമിക ഭരണകൂടത്തോടുള്ള അനുസരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ വികലവാദങ്ങളെ അതിന്റെ തുടക്കം മുതലേ പക്വമതികളായ പണ്ഡിതന്‍മാര്‍ പ്രമാണമുദ്ധരിച്ച് എതിര്‍ത്തിട്ടുണ്ട്. അതിലൊന്നാണ് അമുസ്ലിം ഭരണാധികാരിയായ നജ്ജാശിയുടെ അടുത്തേക്ക് സ്വന്തം അനുചരന്‍മാരെ പറഞ്ഞയച്ച പ്രവാചകന്റെ നടപടി, അതാകട്ടെ ജമാഅത്തിന് വലിയ തലവേദനയുണ്ടാക്കയിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് ഇവ്വിഷയകമായി ജമാഅത്തിന് ഇപ്രകാരം എഴുതേണ്ടി വന്നത്:
“നബി തിരുമേനി(സ) സ്വന്തം അനുയായികളെ നജ്ജാശിയുടെ നാട്ടിലേക്കയക്കുമ്പോള്‍ ഇസ്ലാമിക വ്യവസ്ഥ(ശരീഅത്ത്)യുടെ മിക്ക വശങ്ങളും അവതീര്‍ണമായിരുന്നില്ല. അതിനാല്‍ തങ്ങള്‍ക്ക് ലഭ്യമായ ഇസ്ലാമിക നിയമം പൂര്‍ണമായും പാലിച്ചു ജീവിക്കാന്‍ നജ്ജാശിയുടെ നാട്ടില്‍ അവര്‍ക്ക് ഒട്ടും തടസ്സമുണ്ടായില്ല. അവയ്ക്ക് വിരുദ്ധമായ നിയമങ്ങള്‍ അനുസരിക്കാനോ നടപ്പാക്കാനോ അവരെ ആരും നിര്‍ബന്ധിച്ചിരുന്നില്ല. ഇസ്ലാമിക വ്യവസ്ഥ പൂര്‍ണമായും പാലിച്ചു ജീവിക്കാന്‍ അവര്‍ക്ക് എല്ലാവിധ സ്വാതന്ത്യ്രവും നല്‍കപ്പെട്ടിരുന്നുവെന്നര്‍ത്ഥം. അതിനാല്‍ നബി(സ)യുടെ അനുചരന്‍മാര്‍ അനിസ്ലാമിക വ്യവസ്ഥക്കും ഭരണകൂടത്തിനും വിധേയമായി ജീവിച്ചുവെന്ന വാദം ശരിയല്ല. മക്കയില്‍ ജീവിക്കാന്‍ സാധ്യമാവാതെ വന്നപ്പോള്‍ അത് സാധ്യമാവുന്ന എത്യോപയിലേക്ക് നബി(സ) അവരെ അയക്കാന്‍ കാരണം അനിസ്ലാമിക നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അവര്‍ വിധേയരാവേണ്ടി വരില്ലെന്നതത്രെ.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുഖാമുഖം. പേജ്. 61)
നോക്കൂ, എന്തുമാത്രമാണ് വിശ്വാസികളെ ഇവര്‍ കബളിപ്പിക്കുന്നത്. വാസ്തവത്തില്‍ വിശ്വാസപരമായി തികച്ചും പക്വത വന്ന ഒരു കൂട്ടം വിശ്വാസികളെ തന്നെയാണ് അല്ലാഹുവിന്റെ റസൂല്‍(സ്വ) നജ്ജാശിയുടെ രാജ്യത്തേക്ക് പലായനം ചെയ്യിച്ചത്. തൌഹീദും ശിര്‍ക്കും റസൂല്‍(സ്വ) മാത്രം ലോകത്ത് പ്രബോധനം ചെയ്ത കാര്യങ്ങളല്ലെന്നും എല്ലാ പ്രവാചകന്‍മാരും പ്രഥമവും പ്രധാനവുമായി ജനങ്ങളെ പഠിപ്പിച്ചത് ഈ വിഷയങ്ങളായിരുന്നു എന്നും അവര്‍ക്ക് ബോധമുണ്ടായിരുന്നു. അല്ലാഹു പറഞ്ഞില്ലേ?:
“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കി കൊണ്ടല്ലാതെ നിനക്ക് മുമ്പ് നാം ഒരു ദൂതനെയും അയച്ചിട്ടില്ല.” (ക്വുര്‍ആന്‍.21:25)
വിവിധ പ്രവാചകന്‍മാരുടെ ശരിഅത്തുകള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കാലാനുസൃതമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവ തികച്ചും വിശ്യാസപരമല്ലാത്ത കാര്യങ്ങളിലായിരുന്നു എന്നത് നടെ സൂചിപ്പിച്ച ആയത്തില്‍ നിന്നും സ്പഷ്ടമാണ്. വിശ്വാസ കാര്യങ്ങളില്‍ (തൌഹീദ്, ശിര്‍ക്ക്, പരലോകം തുടങ്ങിയവ) ഒരേ ആശയം തന്നെയായിരുന്നു എല്ലാ പ്രവാചകന്‍മാരും മനുഷ്യരാശിയെ പഠിപ്പിച്ചത്. അതിനു വിരുദ്ധമായി യാതൊന്നും പൂര്‍വ്വ പ്രവാചകന്‍മാരുടെ ചരിത്രത്തില്‍ നിന്നും കാണാന്‍ കഴിയുകയില്ല. റസൂല്‍(സ്വ)യുടെ ശരീഅത്തില്‍ തന്നെ ആദ്യകാലങ്ങളില്‍ അനുവദിക്കപ്പെടുകയും, പിന്നീട് ഇസ്ലാം പൂര്‍ണമായപ്പോള്‍ അക്കാര്യം ശിര്‍ക്കായതിനാല്‍ നിരോധിക്കുകയും ചെയ്തു എന്ന് പറയപ്പെടാവുന്ന ഒരു സംഗതി കാണാന്‍ സാധ്യമല്ല എന്നര്‍ത്ഥം. എന്നാല്‍ ജമാഅത്തിന്റെ ഇബാദത്തിനുള്ള സാങ്കേതികാര്‍ത്ഥം പരിഗണിച്ചാല്‍ ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തില്‍ റസൂല്‍(സ്വ) അനിസ്ലാമിക ഭരണഘൂടത്തെ നിരുപാധികം അനുസരിക്കുക എന്ന ‘ശിര്‍ക്ക്’ അനുവദിക്കുകയും പിന്നീട് ഇസ്ലാം പൂര്‍ണമായപ്പോള്‍ അത് നിരോധിക്കുകയും ചെയ്തു എന്ന് നജ്ജാശിയുടെ നാട്ടിലേക്കുള്ള ഹിജ്റയുമായി ബന്ധപ്പെട്ട് പറയേണ്ടിവരും. ജമാഅത്തെ ഇസ്ലാമി ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ നടത്തുമ്പോള്‍ അതിന് പിന്‍ബലമേകുന്ന തെളിവുകള്‍ നല്‍കാനുള്ള വിശ്വാസ ദാര്‍ഢ്യമെങ്കിലും അവര്‍ കാണിക്കേണ്ടതല്ലെ? ഇത്ര ലാഘവത്തോടു കൂടി ഇതുപോലെയുള്ള ഗൌരവതരമായ വിഷയങ്ങള്‍ക്ക് മറുപടി പറയുന്നത് എങ്ങനെയാണ്.  ശിര്‍ക്കിന്റെ കാര്യത്തില്‍ എത്ര ശക്തമായ നിലക്കാണ് അല്ലാഹു താക്കീത് നല്‍കിയത്:
“തന്നോട് പങ്കു ചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്” (ക്വുര്‍ആന്‍. 4:48)
ഇത്രയും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് അല്ലാഹുവിന്റെ പേരില്‍ കളവു പറഞ്ഞുകൊണ്ട് സാധാരണക്കാരായ ജനങ്ങളുടെ മേല്‍ ഇവര്‍ കണ്ണടച്ചാക്ഷേപിക്കുന്നത്.
അനിസ്ലാമിക ഭരണകൂടവുമായി ബന്ധപ്പെട്ട ചര്‍ച്ച വരുമ്പോഴെല്ലാം പൊതുവില്‍ എടുത്തു പറയാറുള്ള ചരിത്രമാണ് യൂസുഫ് നബി(അ)യുടേത്. അദ്ദേഹം ഒരമുസ്ലിം രാജാവിന്റെ ഭരണത്തിനു കീഴില്‍ ഔദ്യോഗിക സ്ഥാനം വഹിച്ച വ്യക്തിയാണ്. പക്ഷെ അത് അംഗീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമി തയ്യാറല്ല. കാരണം, ഭരണം അട്ടിമറിക്കാന്‍ ഇവര്‍ മുഖ്യ ആയുധമായി പരിചയപ്പെടുത്തുന്ന ഹാകിമിയ്യാ സിദ്ധാന്തത്തിന് തിരിച്ചടിയാണ് പ്രസ്തുത ചരിത്രം. എന്നാല്‍ ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, പൂര്‍വിക പണ്ഡിതന്‍മാരെല്ലാം യൂസുഫ് നബി(അ)യെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അമുസ്ലിം രാജാവിന്റെ കീഴിലുള്ള ഉദ്യോഗം അംഗീകരിക്കുന്നു എന്നുള്ളതാണ്. അനിസ്ലാമിക ഭരണകൂടത്തിലെ ഇസ്ലാമിക വിരുദ്ധമല്ലാത്ത നിയമം അംഗീകരിക്കുന്നതും അതിന്റെ കീഴില്‍ ജോലി ചെയ്യുന്നതും ശിര്‍ക്കായിരുന്നുവെങ്കില്‍ അക്കാര്യം പൂരവ്വസൂരികള്‍ രേഖപ്പെടുത്തുകയും അത്തരം ചരിത്രത്തെ വ്യാജമായി മുദ്രകുത്തുകയും ചെയ്യുമായിരുന്നു. കാരണം, പരിശുദ്ധ ക്വുര്‍ആനിന്റെ മുഖ്യമായ സന്ദേശങ്ങളില്‍ ഒന്ന് തൌഹീദിന്റെ പ്രബോധനവും ശിര്‍ക്കിനെതിരിലുള്ള താക്കീതുമാണ്. അതുകൊണ്ടുതന്നെ അക്വീദാപരമായ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതര്‍ക്കെല്ലാം തെറ്റുപറ്റി എന്നു കരുതുന്നതില്‍ ന്യായം കാണുന്നില്ല. മാത്രമല്ല, ക്വുര്‍ആനിലും ഹദീഥിലും ഇവരുടെ വാദങ്ങള്‍ക്കെതിരിലുള്ള അനേകം തെളിവുകളുമുണ്ട്. അപ്പോള്‍ പിന്നെ പറയപ്പെട്ട ചരിത്രം ജമാഅത്തെ ഇസ്ലാമി എങ്ങിനെ രേഖീകരിക്കും. അതിനും ഇവര്‍ വഴി കണ്ടെത്തി; കൈക്രിയകള്‍ നടത്തുക തന്നെ; ദാ ഇതുപോലെ:
യൂസുഫ് നബി(അ) പ്രാര്‍ത്ഥിച്ചതായി അല്ലാഹു പറഞ്ഞു:
“എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും നീ എനിക്ക് പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു.” (ക്വുര്‍ആന്‍. 12:101)
മുകളില്‍ ഉദ്ധരിച്ച ആയത്തില്‍ ‘മിനല്‍ മുല്‍ക്’  എന്നത്  രാജാധികാരത്തില്‍ നിന്ന് അഥവാ ഭരണാധികാരത്തില്‍ നിന്ന് എന്ന് വ്യക്തമാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം യഥാവിധി കൊടുത്താല്‍ മൌദൂദിസ്റുകളുടെ ലക്ഷ്യം നടക്കില്ല എന്നു തിരിച്ചറിഞ്ഞ അവര്‍ അതിലെ ‘മിന’ യുടെ അര്‍ത്ഥം മറച്ചുവെച്ചുകൊണ്ട് പരിഭാഷകളിലെല്ലാം “നാഥാ, എനിക്കു നീ ആധിപത്യം നല്‍കി” എന്നര്‍ത്ഥം കൊടുത്തു. ഇവര്‍ മറച്ചുവെച്ച ആ പദത്തിന്റെ പ്രാധാന്യം ബോധ്യപ്പെടാന്‍ പ്രസ്തുത ഭാഗം പരാമര്‍ശിച്ചു കൊണ്ടുള്ള ഇമാം ഖുര്‍ത്തുബി(റഹി)യുടെ വാക്കുകള്‍ വായിച്ചാല്‍ മതി. അതിങ്ങനെയാണ്:
‘മിനല്‍ മുല്‍ക്’ എന്നതിലെ ‘മിന’ അധികാരത്തില്‍ നിന്ന് അല്‍പം  നല്‍കി എന്നതിനെ അറിയിക്കുന്നതാണ്.” (ഖുര്‍ത്വുബിയുടെ തഫ്സീര്‍)
ഇവിടെ മിസ്റിലെ രാജാധികാരം പൂര്‍ണമായി യൂസുഫ് നബി(അ)ക്ക് ഉണ്ടായിരുന്നില്ല എന്നും അല്ലാഹു മിസ്റിലെ രാജാധികാരത്തില്‍ നിന്ന് യൂസുഫ് നബി(അ)ക്ക് കുറച്ച് നല്‍കി എന്നതും വ്യക്തമാണ്. പക്ഷെ, ജമാഅത്തെ ഇസ്ലാമി ഇത് മുജാഹിദുകളുടെ മാത്രം വാദമാണെന്നു പറഞ്ഞ് സാധാരണക്കാരെ തെറ്റുധരിപ്പിക്കുകയാണ് ചെയ്യാറ്. അതിനുവേണ്ടി താഴെയുള്ള സൂക്തം ധാരാളം ഇവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്:
“ഭൂമിയില്‍ താനിഛിക്കുന്നേടത്ത് താമസിക്കാന്‍ നാം അദ്ദേഹത്തിന് സൌകര്യം നല്‍കി” (ക്വുര്‍ആന്‍. 12:56)
വാസ്തവത്തില്‍ ഈ ആയത്തിനോട് ചേര്‍ന്ന് വരുന്ന വചനങ്ങളും വായിച്ചാലേ അതില്‍ നിന്നും നമുക്ക് ഉള്‍കൊള്ളേണ്ട പാഠം മനസിലാക്കാന്‍ സാധിക്കൂ. അതിപ്രകാരണമാണ്:
“അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു.” (ക്വുര്‍ആന്‍. 12:56)
യൂസുഫ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ഭരണത്തിലൂടെയുള്ള സ്വാധീനം അവന്റെ കാരുണ്യമായിട്ട് ലഭിച്ചതാണെന്ന് അല്ലാഹു എടുത്തു പറയുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെ മനസിലാക്കേണ്ട സുപ്രധാനമായ കാര്യം, ഭരണം (സ്വാധീനം) എന്നത് അല്ലാഹു നമുക്ക് നല്‍കുന്ന ഭൌതികമായ അനുഗ്രഹമാണ്. അതിനുവേണ്ടി നാം പ്രവര്‍ത്തിക്കേണ്ടതുണ്ടോ ഇല്ലേ എന്നത് നമ്മള്‍ ക്വുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നുമാണ് മനസിലാക്കേണ്ടത്. ചിലപ്പോള്‍ സത്യവിശ്വാസികള്‍ക്ക് നല്‍കാതെ ഈ കാരുണ്യം സത്യനിഷേധികള്‍ക്ക് അല്ലാഹു നല്‍കും, സമ്പത്ത് പോലെ അല്ലാഹു നല്‍കുന്ന ഭൌതികമായ ഒരനുഗ്രഹം. അല്ലാഹുവിന്റെ നബിമാര്‍ ഈ ഭൂമിയില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ പട്ടിണി കിടന്നപ്പോള്‍ അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് സ്വര്‍ണ്ണകട്ടിലില്‍ കിടക്കുവാനും സുഭിക്ഷമായി ഭക്ഷിക്കുവാനും അവന്‍ അനുഗ്രഹം നല്‍കിയിട്ടുണ്ട് എന്നത് തിരിച്ചറിഞ്ഞവരാണ് നമ്മള്‍. അതുപോലെ അല്ലാഹുവിന്റെ പ്രവാചകര്‍ക്ക് ഭൂമിയില്‍ ഒരു സെന്റ് ഭൂമിയുടെ മേല്‍ പോലും അധികാരം ഇല്ലാതെ ജീവിച്ച സന്ദര്‍ഭത്തില്‍ ഭൂമിയിലെ അധികാരവും ആധിപത്യവും അവന്റെ ശത്രുക്കള്‍ക്ക് അവന്‍ നല്‍കിയത് ഏതൊരു മുസ്ലിമിനും അറിയുന്ന യാഥാര്‍ത്ഥ്യമാണ്. നംറൂദിന്റെ അഹങ്കാരത്തെ കുറിച്ച് അല്ലാഹു പറഞ്ഞല്ലോ:
“ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്).” (ക്വുര്‍ആന്‍. 2:258)
രാജാധിപത്യം നല്‍കുന്നതുമായി ബന്ധപ്പെടുത്തി എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
“നീ പറയുക, രാജത്വത്തിന്റെ അധിപനായ അല്ലാഹുവേ, നീ ഉദ്ദേശിച്ചവര്‍ക്ക് രാജത്വം നീ നല്‍കുകയും നീ ഉദ്ദേശിച്ചവരില്‍ നിന്ന് രാജത്വം എടുത്തു കളയുകയും ചെയ്യുന്നു.” (ക്വുര്‍ആന്‍. 3:26)
ഇവിടെ രാജ്യത്തിന്റെ ആധിപത്യം അല്ലാഹു നല്‍കുന്ന കാരുണ്യമായിട്ട് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഈ ആയത്തിന്റെ പരിധിയില്‍ നിന്ന് സുലൈമാന്‍ നബി(അ)യും ദാവൂദ് നബി(അ)യും നംറൂദും ഫിര്‍ഔനും സത്യവിശ്വാസിയും സത്യനിഷേധിയും ആരും തന്നെ പുറത്ത് പോകുന്നില്ല. സമ്പത്ത് പോലെ തന്നെ ഭരണാധികാരവും ജാതിമത വ്യത്യാസമില്ലാതെ അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് നല്‍കുന്ന അനുഗ്രഹമാണ് എന്ന് സുവ്യക്തം. അപ്പോള്‍ നംറൂദിനും ഫിര്‍ഔനിനും ഭരണം നല്‍കിയത് അല്ലാഹു തന്നെയായിരുന്നു എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍, പിന്നീട് അതേ അല്ലാഹു തന്നെ അവന്റെ പ്രവാചകന്‍ മുഖേന ആ ഭരണം പിടിച്ചടക്കാന്‍ സമരം ചെയ്യാന്‍ വിശ്വാസികളോട് കല്‍പിക്കുന്നു എന്ന് പറയുന്നത് അല്ലാഹുവിന്റെ പേരില്‍ കെട്ടിവെച്ച ഒന്നാം നമ്പര്‍ നുണ തന്നെ അല്ലെ?. ഇതാണ് ജമാഅത്തെ ഇസ് ലാമിയുടെ ചരിത്ര വ്യാഖ്യാനത്തിന്റെ കോലം! ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രപരമായ ദുര്‍വ്യാഖ്യാനങ്ങളുടെ ലക്ഷ്യവും ആഴവും അപകടവും തിരിച്ചറിയാന്‍ താഴെയുള്ള ഉദ്ധരണി തീര്‍ച്ചയായും സഹായകമാകാതിരിക്കില്ല:
“ഫിര്‍ഔന്‍ പോലൊരു കൊടിയ ഏകാധിപതിക്കെതിരെ പോലും മൂസാനബിയെയും ആസ്യാബീവിയെയും പോലെ ജിഹാദ് ചെയ്യണമെന്നാണ് ഈമാനും ഖുര്‍ആനും ആവശ്യപ്പെടുന്നതെങ്കില്‍, ഗവണ്‍മെന്റിനെ വരെ മാറ്റുന്നതിന് നിയമാനുസൃതമായി തന്നെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യ്രവും സൌകര്യവുമുള്ള നമ്മുടേതുപോലുള്ള ഒരനിസ്ലാമിക വ്യവസ്ഥിതിക്കെതിരില്‍ സമരം നടത്താതിരിക്കുകയും ഇസ്ലാമിക വ്യവസ്ഥിതിയുടെ സ്ഥാപനത്തിനായി പരിശ്രമിക്കാതിരിക്കുകയും ചെയ്യുന്നതെങ്ങനെ.?” (പ്രബോധനം 12-8-1987)
നോക്കൂ, എവിടേക്കാണ് ജമാഅത്തെ ഇസ്ലാമി അതിന്റെ അനുയായികളെ ക്ഷണിക്കുന്നതും അവരുടെ മനസ്സ് പാകപ്പെടുത്തുന്നതും. സത്യവിശ്വാസിനികള്‍ക്ക് മാതൃകയാണെന്ന് അല്ലാഹു പറഞ്ഞ ഒരു വനിതയെപ്പോലും ഇവര്‍ വെറുതെ വിടുന്നില്ല. യഥാര്‍ത്ഥത്തില്‍ അമുസ്ലിം ഭരണത്തിനു കീഴില്‍ അനുസരണത്തോടും അച്ചടക്കത്തോടും മാതൃകാപരമായ ഇസ്ലാമിക ജീവിതം നയിക്കാമെന്നതിന് ഫിര്‍ഔന്റെ ഭാര്യയായ ആസിയാ(അ) തന്നെ മതിയായ തെളിവാണ്. പക്ഷെ ജമാഅത്തിന് അത് ദഹിക്കുന്ന ഒന്നല്ല, അതു കൊണ്ടാണ് ഇവര്‍ ഇപ്രകാരമെഴുതിയത്:
“അതിനാല്‍ ഫറോവാ പത്നിയുടെ പ്രവൃത്തി, ത്വാഗുത്തിന്റെ കീഴില്‍ അച്ചടക്കത്തോടെ, അനുസരണത്തോടെ, സന്തോഷത്തോടെ അടങ്ങിയൊതുങ്ങിക്കഴിയണമെന്നതിനല്ല; മറിച്ച് അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കണമെന്നതിനുള്ള വ്യക്തവും അനിഷേധ്യവുമായ തെളിവാണ്.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുഖാമുഖം. പേജ്. 59)
ആസിയാ ബീവി ഫിര്‍ഔനിനെതിരെ നടത്തിയ പ്രാര്‍ത്ഥനയുമായി  ബന്ധപ്പെട്ടു കൊണ്ടുള്ളതാണ് ജമാഅത്തുകാരന്റെ മേല്‍ പ്രസ്താവന. ഇക്കാര്യം ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങിനെയാണ്:
“നാഥാ, നിന്റെയടുക്കല്‍ സ്വര്‍ഗത്തില്‍ എനിക്കൊരു ഗേഹം നല്‍കേണമേ, ഫിര്‍ഔനില്‍ നിന്നും അയാളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നെ മോചിപ്പിക്കേണമേ, ധിക്കാരികളായ ജനത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമേ എന്ന് ഫറോവാ പത്നി പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു അവരെ സത്യവിശ്വാസികള്‍ക്ക് മാതൃകയായി എടുത്തുകാണിച്ചിരിക്കുന്നു.” (ക്വുര്‍ആന്‍. 66:11)
ഫിര്‍ഔനിന്റെ ഭാര്യ ആസിയാ മൂസാ നബി(അ)യുടെ സന്ദേശത്തില്‍ അടിയുറച്ചു വിശ്വസിച്ച ഒരു മഹതിയായിരുന്നു. അവര്‍ സത്യവിശ്വാസം സ്വീകരിച്ച വിവരം മനസ്സിലാക്കിയ ഫിര്‍ഔന്‍ അവരെ ക്രൂരമായി പീഢനങ്ങളേല്‍പിച്ചു. ആ സന്ദര്‍ഭത്തില്‍ ആസിയാ ബീവി  പ്രാര്‍ത്ഥിച്ച വരിയാണ് മുകളിലെ സൂക്തം അറിയിച്ചുതരുന്നത്. വാസ്തവത്തില്‍, അങ്ങനെ ഒരു പ്രാര്‍ത്ഥനക്കുള്ള കാരണമെന്തായിരുന്നു എന്ന് നമ്മള്‍ പരതേണ്ടത് മുഫസ്സിറുകളില്‍ നിന്നാണ്. അതിനു മിനക്കെടാതെ ഇവര്‍ വാദിക്കുന്നത് നോക്കൂ:
“ആസിയാബീവിക്ക് അതിഭയങ്കര ത്വാഗൂത്തായ ഫിര്‍ഔനെ അട്ടിമറിക്കാന്‍ കഴിയാത്തതുകൊണ്ട് അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. അതില്‍ സത്യവിശ്വാസികള്‍ക്ക് മാതൃകയുണ്ടെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. അതിഭയങ്കര ത്വാഗൂത്തിന്റെ കീഴില്‍ അനുസരണത്തോടും അച്ചടക്കത്തോടും ഭാര്യയും പൌരയുമായി മാതൃകാപരമായ ഇസ്ലാമികജീവിതം നയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അയാളില്‍ നിന്ന് രക്ഷകിട്ടാന്‍ പ്രാര്‍ത്ഥിച്ചതെന്തിനാണ്? തനിക്ക് അട്ടിമറിക്കാന്‍ കഴിയാത്ത ത്വാഗൂത്തില്‍ നിന്ന് രക്ഷകിട്ടാനും പരലോക രക്ഷക്കുമായി പ്രാര്‍ത്ഥിച്ചതിലും രാജകൊട്ടാരത്തെക്കാളും ഭരണാധികാരിയുടെ ഭാര്യാപദവിയെക്കാളും സത്യവിശ്വാസത്തിന് സ്ഥാനം നല്‍കിയതിലുമാണ് ആസിയാബീവിയില്‍ സത്യവിശ്വാസികള്‍ക്ക് മാതൃകയുള്ളത്.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുഖാമുഖം. പേജ്. 59)
ഭരണത്തെ അട്ടിമറിക്കാന്‍ എന്തുമാത്രം തിടുക്കവും പ്രോത്സാഹനവുമാണ് ഇവരുടെ വരികളില്‍ നിറഞ്ഞ് നില്‍ക്കുന്നത്! ദൈവനിഷേധിയുടെയും മുശ്രിക്കിന്റെയുമൊക്കെ ഭാര്യയാകുന്നത് നിഷിദ്ധമാക്കിയിട്ടുള്ളത് മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്തിലാണല്ലോ. അതുകൊണ്ടുതന്നെ ആസിയ(റ)യെ സത്യവിശ്വാസികള്‍ക്ക് മാതൃകയാക്കികൊണ്ട് അല്ലാഹു പ്രസ്താവിച്ചത് എന്താണറിയിക്കുന്നത് എന്ന് ആ പ്രാര്‍ത്ഥനയുടെ സന്ദര്‍ഭം അറിഞ്ഞാലേ വ്യക്തമാകൂ. മുഖാമുഖം ലേഖകന്‍ പറയാന്‍ മടിച്ച, എന്നാല്‍ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയ പ്രസ്തുത ചരിത്രത്തിന്റെ സംക്ഷിപ്തം ഇപ്രകാരമാണ്:
“ആസിയാ ബീവി പ്രാര്‍ത്ഥിച്ച സംഭവം വിവരിക്കുന്നു: അല്ലാഹുവില്‍ വിശ്വസിച്ച അടിമ സ്ത്രീയെയും അവളുടെ മക്കളെയും അഹങ്കാരിയായ ഫിര്‍ഔന്‍ കൊലപ്പെടുത്തി. തുടര്‍ന്ന് ആസിയാബിവിയും അല്ലാഹുവില്‍ വിശ്വസിച്ചത് ഫിര്‍ഔന്‍ അറിയുന്നു. ആ സന്ദര്‍ഭത്തില്‍ തന്റെ പ്രമാണിമാരോട് ആസിയാ ബീവിയെപ്പറ്റി സംസാരിക്കുകയും അവര്‍ ആസിയാ ബീവിയെ കൊല്ലാന്‍ പറയുകയും ചെയ്തു. അതിനുകാരണം ഫിര്‍ഔനിനെ ഇബാദത്ത് ചെയ്യാതെ അല്ലാഹുവിനെ അരാധിച്ചു.
“അയാള്‍ (ഫിര്‍ഔന്‍) അവരോട് പറഞ്ഞു: അവള്‍ ഞാനല്ലാത്തവനെ ആരാധിക്കുന്നു”
അതുകൊണ്ട് മരത്തിന്‍മേല്‍ കെട്ടിയിട്ട് അവരെ വധിക്കാന്‍ ശ്രമം ആരംഭിച്ചു. ആ സന്ദര്‍ഭത്തിലാണ് ആസിയാ ബീവി പ്രാര്‍ത്ഥിക്കുന്നത്.” (തഫ്സീര്‍ ഇബ്നു കഥീര്‍)
ഇവിടെ ഇബ്നു കഥീര്‍(റഹി) അനുസരണം എന്ന അര്‍ത്ഥം വരുന്ന ഇത്വാഅത്ത്  എന്ന പദമുണ്ടായിട്ട് പോലും തഅ്ബുദ് എന്ന പദമാണ് ഉപയോഗിച്ചത്. ഇതില്‍ നിന്നും മനസ്സിലാകുന്നത് ആസിയാ ബീവി ഫിര്‍ഔനിന്റെ ഭരണത്തെയല്ല, പ്രത്യുത അയാളെ ആരാധിക്കുന്നതിനെയാണ് നിഷേധിച്ചത് എന്നാണ്.  ഫിര്‍ഔനാകട്ടെ താന്‍ ദൈവമാണെന്ന് അവകാശവാദമുന്നയിച്ച വ്യക്തിയാണെന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട്.(ക്വുര്‍ആന്‍. 28:38) അപ്രകാരമുള്ള ഒരു ആാരാധനാ രീതി അക്കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി ഈജിപ്റ്റോളജിയുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് മേല്‍ വിശദീകരണത്തെ കൂടുതല്‍ സത്യപ്പെടുത്തുന്നു. ഈജിപ്തുകാര്‍ അന്ന് അനേകം ദൈവങ്ങളെ ആരാധിക്കുന്നുണ്ടായിരുന്നു എന്നും സൂര്യദേവതയുടെ അവതാരമെന്ന നിലക്കാണ് ഫറവോന്‍ തന്നെയും ആരാധ്യനായിത്തീര്‍ന്നത് എന്ന് മൌദൂദിയും സമ്മതിക്കുന്നുണ്ട്.(തഫ്ഹീമുല്‍ ഖുര്‍ആന്‍. ഖസസ്. 28-ാം ആയത്ത് വ്യാഖ്യാനം) ഈ ആശയങ്ങളെല്ലാം മറച്ചു വെച്ചുകൊണ്ട് കേവലം ഭരണകൂടത്തെ അനുസരിക്കാത്തതാണ് ആസിയ(റ) മാതൃകാവനിതയാകാന്‍ കാരണം എന്ന് തൌഹീദിനെ ഭരണത്തിലേക്ക് ചുരിക്കിക്കെട്ടിയ ജമാഅത്തെ ഇസ്ലാമി ധ്വനിപ്പിക്കുന്നു. പൂര്‍വ്വ മുഫസ്സിറുകളിലേക്ക് നോക്കാതെ ചരിത്രവായനയില്‍ മൌലാനാ മൌദൂദിയുടെ ബുദ്ധിയെ ആശ്രയിച്ചതു കൊണ്ട് പറ്റിയ അബദ്ധമാണ് മുഖാമുഖത്തിലെ മറുപടി എന്ന് ഇവിടെ വ്യക്തമാവുകയാണ്. കാരണം താന്‍ ദൈവമാണെന്ന് ഫിര്‍ഔന്‍ വാദിച്ചത് ക്വുര്‍ആനിലൂടെ അല്ലാഹു അറിയിച്ചു തന്നതാണ്, എന്നാല്‍ അക്കാര്യം മൌദൂദി ഇങ്ങിനെ ദുര്‍വ്യാഖ്യാനിക്കുന്നു:
“ഫറവോന്‍ ഇവിടെ ‘ദൈവം’ എന്നു പ്രയോഗിച്ചത് ‘സ്രഷ്ടാവ്’, ‘ആരാധ്യന്‍’ എന്നീ അര്‍ത്ഥങ്ങളിലല്ലെന്നും പ്രത്യുത, ചോദ്യം ചെയ്യാത്ത അനുകരിക്കപ്പെടേണ്ടവനും പരമാധികാരിയും എന്ന അര്‍ത്ഥത്തിലാണെന്നും സ്പഷ്ടമാകുന്നു. അതിന്റെ താത്പര്യമിതാണ്: ഈ മിസ്രയിം രാജ്യത്തിന്റെ യജമാനനും ഉടമസ്ഥനും ഞാനാണ്. എന്റെ അധികാരമാണിവിടെ നടക്കുക. എന്റെ നിയമങ്ങളാണിവിടെ നിയമങ്ങളായി അംഗീകരിക്കപ്പെടുക, ഞാന്‍ മാത്രമാണിവിടെ വിധിയുടെയും വിലക്കിന്റെയും സ്രഷ്ടാവ്. മറ്റാരുടെയും ശാസന ഇവിടെ നടപ്പായിക്കൂടാ………. ഈ സന്ദര്‍ഭത്തെ ക്കുറിച്ച് ആഴത്തില്‍ ആലോചിച്ചു നോക്കിയാല്‍ ഫറവോന്റെ ഈ നിലപാടും, ദൈവനിര്‍ദ്ദിഷ്ടമായ ശരീഅത്തുകളില്‍ നിന്നും മുക്തരായി രാഷ്ട്രീയവും നിയമനിര്‍മാണപരവുമായ കാര്യങ്ങളില്‍ സ്വതന്ത്രമായ പരമാധികാരം അവകാശപ്പെടുന്ന മറ്റു ഗവണ്‍മെന്റുകളുടെ നിലപാടും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് മനസ്സിലാകുന്നതാണ്. അവര്‍ നിയമനിര്‍മ്മാണത്തിന്റെ ഉറവിടമായി അംഗീകരിക്കുന്നത് ഏതെങ്കിലും രാജാവിനെയാകട്ടെ, അല്ലെങ്കില്‍ ജനകീയാഭിലാഷത്തെയാകട്ടെ. ഏതവസ്ഥയിലും രാജ്യത്ത് അല്ലാഹുവിന്റെയും റസൂലിന്റെയും ശാസനകളല്ല, തങ്ങളുടെ ശാസനകളാണ് നടപ്പിലാക്കേണ്ടത് എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അതും ഫറവോന്റെ നിലപാടും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവു മില്ലാതെയാകുന്നു.” (തഫ്ഹീമുല്‍ഖുര്‍ആന്‍. ഖസസ്. 28-ാം ആയത്തിന്റെ വ്യാഖ്യാനം)
എന്തിനു വേണ്ടിയാണ് ഈ രൂപത്തില്‍ ജമാഅത്തെ ഇസ്ലാമി ചരിത്രത്തെ തെറ്റായ ദിശയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്? അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ കീഴില്‍ ഒരു മുസ്ലിം അവിടത്തെ ഭരണ വ്യവസ്ഥ അനുസരിച്ച് ജീവിച്ചാല്‍ അത് ശിര്‍ക്കാവും എന്ന് പഠിപ്പിക്കുകയും അതുവഴി അനുയായികളെ നിലവിലുള്ള അനിസ്ലാമിക ഭരണം അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. ഇത് നമ്മുടെ പരിശുദ്ധ ദീനിനെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കലാണ്. വാസ്തവത്തില്‍ അല്ലാഹുവിനോടുള്ള ആരാധനയുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യത്തില്‍ അനിസ്ലാമിക രാജ്യത്തെ ഭരണവ്യവസ്ഥ എതിരായി നില്‍ക്കുമ്പോള്‍ മാത്രമേ ഒരു മുസ്ലിമിന് അത് അനുസരിക്കേണ്ടി വരാത്തതായുള്ളൂ. അല്ലാഹുവിന്റെ കല്‍പനക്ക് എതിരാകാത്തിടത്തോളം കാലം അവരെ അനുസരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇസ്ലാമിക ചരിത്രം പഠിപ്പിക്കുന്നത്. ഭരണവും അധികാരവും അല്ലാഹു നല്‍കുന്ന അനുഗ്രഹവും അമാനത്തുമാണ് എന്ന രീതിയില്‍ പഠിപ്പിച്ചു തന്ന ഒരു പ്രവാചകന്റെ പേരിലാണ് അദ്ദേഹം നടപ്പിലാക്കിയ കര്‍മ്മങ്ങളുടെയെല്ലാം ലക്ഷ്യം അധികാരം പിടിച്ചടക്കലായിരുന്നു എന്ന് ജമാഅത്തെ ഇസ്ലാമി വാദിക്കുന്നത്. ഭരണം അഥവാ നവലോകം കെട്ടിപ്പടുക്കാന്‍ ഉതകുന്ന ഒരു ശക്തി നബി(സ്വ) നുബുവ്വത്തിന്റെ മുമ്പ് ആഗ്രഹിച്ചിരുന്നു എന്ന് മൌദൂദി തന്റെ ‘ഇസ്ലാം മതം’ എന്ന ഗ്രന്ഥത്തിലൂടെ ആരോപിക്കുകയും ചെയ്യുന്നു:
“അവസാനം ജനവാസ സ്ഥലങ്ങളില്‍ നിന്നും ദൂരെ ഒരു പര്‍വ്വത ഗുഹയിലെ ശാന്തവും ഏകാന്തവുമായ ചുറ്റുപാടില്‍ അദ്ദേഹം പല ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നു; പട്ടിണി കിടന്നു ആത്മാവിനേയും ഹൃദയ മസ്തിഷ്കങ്ങളേയും കൂടുതല്‍ നിര്‍മ്മലവും പരിശുദ്ധവുമാക്കുന്നു; അവിടെ ഇരുന്നു ആലോചിക്കുന്നു; ചിന്താമഗ്നനായി പല രാത്രികള്‍ കഴിച്ചുകൂട്ടുന്നു; ചുറ്റുപാട് വ്യാപിച്ചുകിടക്കുന്ന അന്ധകാരത്തെ നീക്കം ചെയ്യാനുതകുന്ന ഒരു വെളിച്ചത്തെ അദ്ദേഹം അക്ഷമയോടെ പരതുന്നു; അതെ നാശഗര്‍ത്തത്തില്‍ ആണ്ടുകിടക്കുന്ന ആ ദുഷിച്ച ലോകത്തെ അപ്പാടെ മാറ്റി പരിശുദ്ധവും സമാധാനപരവുമായ ഒരു നവലോകം കെട്ടിപ്പടുക്കാനുതകുന്ന ശക്തി തനിക്ക് കരഗതമായെങ്കില്‍ എന്നദ്ദേഹം ആശിക്കുന്നു.” (സയ്യിദ് മൌദുദി. ഇസ്ലാം മതം. പേജ്. 66. പഴയ പതിപ്പ്)
ഇതിലൂടെ മനസിലാകുന്നത് ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണം തന്നെ അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നു തന്നെയാണ്. നബി(സ്വ)യുടെ അധ്യാപനങ്ങള്‍ക്ക് എതിരില്‍ ഇത്തരത്തില്‍ മൌദൂദി എഴുതിയ കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടുകഴിഞ്ഞാല്‍ നാം എന്താണ് ചെയ്യേണ്ടത്? ആ തെറ്റിനെ പിന്‍തുടരലാണോ അതോ തിരുത്തുകയാണോ? പക്ഷെ മൌദൂദികള്‍ നബി(സ്വ) അധികാരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്് എന്നു പറഞ്ഞ് സൂറഃ ഇസ്റാഇലെ 80-ാം സൂക്തം തെളിവിന് വേണ്ടി ദുരുപയോഗിക്കാറാണ് പതിവ്. ഇവിടെയാണ് സലഫിയ്യത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്. അതായത്, ഓരോ ആയത്തുകളും സ്വഹാബിമാര്‍ക്ക് നബി(സ്വ) വിവരിച്ചു കൊടുത്തത്, അവര്‍ അത് ഏത് രൂപത്തിലാണോ മനസ്സിലാക്കിയത്, അങ്ങനെ തന്നെയാവണം നമ്മളും അക്കാര്യം മനസ്സിലാക്കേണ്ടത്. അപ്രകാരം ചര്‍ച്ചാവിഷയമായ ക്വുര്‍ആനിലെ ആയത്ത് നമുക്ക് പരിശോധിക്കാം:
“എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്റെ ബഹിര്‍ഗ്ഗമന മാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പ്പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക.” (ക്വുര്‍ആന്‍. 17:80)
ഇവിടെ നബി(സ്വ) ആവശ്യപ്പെടുന്ന ‘സുല്‍ത്വാന്‍’ അഥവാ ശക്തി, അധികാരം എന്നത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയാല്‍ ജമാഅത്തിന് തങ്ങളുടെ മതരാഷ്ട്ര വാദത്തില്‍ നിന്നും പിന്തിരിയാന്‍ സഹായകമാകും. നബി(സ്വ) മക്കയിലായിരുന്നു, പിന്നീട് തിരുമേനിയോടു ഹിജ്റ പോകുവാന്‍ കല്‍പിക്കപ്പെട്ടു. അപ്പോഴാണ് സൂറഃ ഇസ്റാഇലെ 80-ാം സൂക്തം അവതരിച്ചത് എന്ന് അഹ്മദ ് (റഹി), തിര്‍മുദി(റഹി), ഹാകിം(റഹി), ത്വബ്റാനി (റഹി) തുടങ്ങിയവര്‍ ഇബ്നു അബ്ബാസ് (റ)വില്‍ നിന്നും പ്രസ്താവിച്ചതായി ഉദ്ധരിച്ചിരിക്കുന്നു. ഈ പ്രസ്താവന അടിസ്ഥാനമാക്കിയാണ് ഇബ്നു ജരീര്‍(റ)നെ പോലെയുള്ളവര്‍ മദീനായിലേക്കുള്ള പ്രവേശനവും, മക്കായില്‍ നിന്നുള്ള പുറപ്പാടും, മദീനായല്‍ ചെന്നതിനു ശേഷം ശത്രുക്കളെ ജയിച്ചടക്കുവാനുള്ള സഹായ ശക്തിയുമാണ് ‘സുല്‍ത്വാന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടത്. ഇമാം ബുഖാരിയുടെ കിതാബു തഫ്സീറുല്‍ ക്വുര്‍ആനില്‍ ഇബ്നു അബ്ബാസ്(റ) വിശദീകരിക്കുന്നത് പേര്‍ഷ്യയും റോമുമെല്ലാം ഇസ്ലാമിന്റെ അധീനതയല്‍ വരുമെന്ന് അല്ലാഹു നബി(സ്വ)ക്ക് അറിയിച്ചുകൊടുത്തിരുന്നു. അവരെയെല്ലാം ജയിച്ചടക്കാനായി ഒരു സഹായശക്തിയാണ് നബി(സ്വ) ആവശ്യപ്പെട്ടതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ‘സുല്‍ത്വാന്‍’ എന്ന പദത്തിന് ഖുര്‍ത്തുബി(റഹി), ശഅബി(റഹി), ഇഖ്രിമ(റഹി) തുടങ്ങിയവര്‍ ശക്തമായ തെളിവ് എന്നും മുജാഹിദ്(റ) വ്യക്തമായ തെളിവ് എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. അതോടൊപ്പം തന്നെ വളരെ സുപ്രധാനമായ ഒരു തെളിവാണ് നബി(സ്വ) ക്വുര്‍ആനിന്റെ അറിവ് നല്‍കുവാന്‍ വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിച്ച ഇബ്നു അബ്ബാസ്(റ) ഇവ്വിഷയകമായി പറഞ്ഞത്. അത് ഇമാം ബുഖാരിയുടെ കിത്താബു തഫ്സീറുല്‍ ക്വുര്‍ആനില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു;
“ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ക്വുര്‍ആനില്‍  പറഞ്ഞ എല്ലാ ‘സുല്‍ത്വാന്‍’ എന്ന പദങ്ങള്‍ കൊണ്ടും ഉദ്ദേശിക്കുന്നത് ‘ഹുജ്ജത്ത്’ (തെളിവ്) ആകുന്നു.” (സ്വഹീഹുല്‍ ബുഖാരി; കിതാബു തഫ്സീറില്‍ ക്വുര്‍ആന്‍. 8/389)
മൌദൂദി സാഹിബ് വ്യാഖ്യാനിക്കുന്നതു പോലെ ഭരണം തൌഹീദിന്റെ ഭാഗമാണ്, അതിനാല്‍ ഭരണമില്ലാതെ ദീനിന്റെ നിലനില്‍പില്ല എന്നുള്ള രൂപത്തില്‍ ഒരു ഭരണകൂടത്തിന്റെ നിര്‍മ്മിതിക്കുള്ള പ്രാര്‍ത്ഥനയോ മുസ്ലിമായി ജീവിക്കാന്‍ സ്വാതന്ത്രമുള്ള ഒരു രാഷ്ട്രത്തിനെതിരില്‍ കലാപം അഴിച്ചുവിടാനുള്ള ആഹ്വാനമോ അല്ല മേല്‍ സൂക്തത്തിലെ പ്രാര്‍ത്ഥന എന്ന് സുതരാം വ്യക്തമാണ്.
ഇനി, യൂസുഫ് നബി(അ)യുടെ ചരിത്രത്തിലേക്ക് തന്നെ മടങ്ങാം. അവിടുത്തേക്ക് ഭരണത്തില്‍ നിന്ന് ചില അധികാരം കിട്ടിയെന്ന് നാം മനസ്സിലാക്കി.(ക്വുര്‍ആന്‍. 12:101) അത് അല്ലാഹുവിന്റെ അനുഗ്രവുമായിരുന്നു. എന്നിട്ടും ജമാഅത്തെ ഇസ്ലാമി അദ്ദേഹത്തിന് സമ്പൂര്‍ണ അധികാരമാണ് ഉണ്ടായിരുന്നതെന്ന് വാദിക്കുന്നു. എന്നാല്‍ ക്വുര്‍ആനില്‍ നിന്നും വ്യക്തമാകുന്നത് അങ്ങനെയല്ല. അല്ലാഹു പറയുന്നത് കാണുക:
“എന്നിട്ട് അദ്ദേഹം തന്റെ സഹോദരന്റെ ഭാണ്ഡത്തെക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു.” (ക്വുര്‍ആന്‍. 12:76)
ഇവിടെ നാം ചിന്ത കൊടുക്കേണ്ട ഒരു കാര്യമുണ്ട്. ബിന്‍യാമിനെതിരെ നടപടിയെടുക്കേണ്ട നിയമത്തിന്റെ കാര്യത്തില്‍ രാജാവിന്റെ നിയമമനുസരിച്ച് (മൌദൂദിയുടെ പരിഭാഷ പ്രകാരം ‘രാജാവിന്റെ ദീനില്‍) എന്ന് ക്വുര്‍ആന്‍ പറഞ്ഞതെന്തിന്? യൂസുഫ് നബി(അ)ക്ക് സമ്പൂര്‍ണ്ണ ഭരണാധികാരം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ നിയമമനുസരിച്ചല്ലെ ശിക്ഷ വിധിക്കേണ്ടിയിരുന്നത്? രാജാവിന്റെ നിയമം മറികടക്കാന്‍ അല്ലാഹു തന്ത്രം പ്രയോഗിച്ചതെന്തിന്? മാത്രമല്ല, യൂസുഫ് നബി(അ) അവിടത്തെ സമ്പൂര്‍ണ ഭരണാധികാരി ആയിരുന്നെങ്കില്‍ പിന്നെ അവിടെത്തന്നെ മറ്റൊരു അനിസ്ലാമിക രാജാവിനെ അദ്ദേഹം വെച്ചുപൊറുപ്പിച്ചതെന്തിന്? ഇതിനൊക്കെ പ്രാമാണികവും വ്യക്തവുമായ ഉത്തരം നല്‍കാന്‍ ദുര്‍വ്യാഖ്യാനക്കാര്‍ ബാധ്യസ്ഥരാണ്. മറുപടി എന്ന് പറയുമ്പോള്‍ അഹ്ലുസ്സുന്നത്തിന്റെ മുഫസ്സിറുകളെ ഉദ്ധരിച്ചു കൊണ്ടാണ് അത് വിശദീകരിക്കേണ്ടത്. ഇതുപോലെ:
പ്രസ്തുത വിഷയത്തെക്കുറിച്ച് ഇബ്നു കഥീര്‍(റഹി) പറയുന്നത് കാണുക:
“രാജാവിന്റെ ദീന്‍ അനുസരിച്ച് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല. അതായത് ഈജിപ്ത് രാജാവിന്റെ നിയമമനുസരിച്ച് അദ്ദേഹത്തിന്റെ സഹോദരനെ തടഞ്ഞ് വെക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഇമാം ളഹ്ഹാകും മറ്റും ഇങ്ങിനെയാണ് വിശദീകരിച്ചത്.” (തഫ്സീര്‍ഇബ്നു കഥീര്‍)
വാസ്തവത്തില്‍ യൂസുഫ് നബി(അ)യുടെ വിഷയത്തില്‍ മൌദൂദി സാഹിബ് ചില കാര്യങ്ങള്‍ സ്ഥാപിക്കാന്‍ ഒരുപാട് വ്യാഖ്യാനിച്ച് ബുദ്ധിമുട്ടുന്നുണ്ട്. ബിന്‍യാമിനെ പിടിച്ചുവെക്കുവാന്‍ അല്ലാഹു തന്ത്രം പ്രയോഗിച്ചതിനെകുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് തന്നെ എല്ലാം നേരില്‍ കണ്ടത് പോലെയാണ്. അദ്ദേഹം കൊടുത്ത തരത്തിലുള്ള ഒരു വ്യാഖ്യാനം പൂര്‍വ്വകാല മുഫസ്സിറുകള്‍ ആരും തന്നെ പറഞ്ഞതായി കാണില്ല. നോക്കൂ മൌദൂദിയുടെ വിശദീകരണം:
“ക്രിമിനല്‍ നിയമങ്ങള്‍ പോലും ദീനില്‍പ്പെട്ടതാണെന്നത്രെ ഇത് മനസ്സിലാക്കിത്തരുന്നത്. ഒരാള്‍ അല്ലാഹുവിന്റെ ക്രിമിനല്‍ നിയമങ്ങളനുസരിച്ച് നടക്കുമ്പോള്‍ അയാള്‍ അല്ലാഹുവിന്റെ ദീനിന്റെ അനുയായിയാണ്. രാജാവിന്റെ നിയമങ്ങളനുസരിച്ച് നടക്കുമ്പോഴോ, രാജദീനിന്റെ അനുയായിയും.” (തഫ്ഹീമുല്‍ ഖുര്‍ആന്‍. യൂസുഫ് 76-ാം ആയത്ത് വ്യാഖ്യാനം)
ഇവിടെ മൌദൂദി പറയുന്നത് രാജാവിന്റെ നിയമങ്ങളനുസരിച്ചാല്‍ രാജദീനിന്റെ അനുയായി ആകും എന്നാണ്. രാജാവിന്റെ ദീനിന്റെ അനുയായി ആകില്ലെങ്കിലും ഭരണത്തിന്റെ അഥവാ നിയമത്തിന്റെ അനുയായി ആയിരുന്നില്ല എന്നു കാണിക്കാനായി അദ്ദേഹം ആ ആയത്തിനെ പരിഭാഷപ്പെടുത്തിയത് കാണുക:
“രാജാവിന്റെ ദീനനുസരിച്ച് സഹോദരനെ പിടിച്ചുവെക്കുക അദ്ദേഹത്തിന് ഹിതകരമായിരുന്നില്ല.” (ക്വുര്‍ആന്‍. 12:76)
ഈ സൂക്തത്തിന് ഇപ്രകാരം അര്‍ത്ഥം കൊടുത്ത ഏതെങ്കിലും പൂര്‍വ്വകാല മുഫസ്സിറുകളുണ്ടോ? ഇല്ല എന്നുറപ്പാണ്. അതു കൊണ്ടാണ് ഈ ചോദ്യം മുമ്പില്‍ കണ്ട മൌദൂദി അതിനുള്ള ദുര്‍ന്യായവും തയ്യാറാക്കിയത്. അത് കേട്ടോളൂ:
“രാജ്യനിയമമനുസരിച്ച് യൂസുഫിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ സാധ്യമായിരുന്നില്ല എന്നാണ് സാധാരണ ഇതിനു പരിഭാഷ പറയാറുള്ളത്. ‘മാ കാന ലി യഅ്ഖുദ’ എന്നതിന് ‘പിടിച്ചു വെക്കുന്നത് ശരിയല്ല’ എന്നോ ‘പിടിച്ചു വെക്കുന്നത് ഭൂഷണമല്ല’ എന്നോ പറയുന്നതിനു പകരം ‘പിടിച്ചുവെക്കാന്‍ സാധ്യമായിരുന്നില്ല’ എന്നാണ് പരിഭാഷകരും വ്യാഖ്യാതാക്കളും പറയാറുള്ളതെന്നര്‍ത്ഥം.” (തഫ്ഹീമുല്‍ഖുര്‍ആന്‍. യൂസുഫ് 76-ാം ആയത്ത് വ്യാഖ്യാനം)
ഈയടുത്തു വന്ന മൌദൂദി പറയുന്ന വ്യാഖ്യാനമാണോ അതോ നബി(സ്വ)യില്‍ നിന്നും നേര്‍ക്കുനേരെ ദീന്‍ പഠിച്ച സ്വഹാബികളില്‍ നിന്നും, അവരില്‍ നിന്നും കേട്ടു പഠിച്ച ത്വാബിഉകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത മുഫസ്സിറുകള്‍ പറയുന്നതാണോ നമ്മള്‍ സ്വീകരിക്കേണ്ടത്? അവര്‍ക്കൊന്നും വക്രമായി ഒന്നും സ്ഥാപിക്കാനില്ലാത്തതുകൊണ്ട് അവര്‍ നേര്‍ക്കുനേരെ എല്ലാം തുറന്നെഴുതി. എന്നാല്‍ ഈ ഒരു ആയത്ത് വ്യാഖ്യാനിക്കാന്‍ വേണ്ടി മാത്രം മൌദൂദി എത്ര പേജുകളിലായാണ് മിനക്കെടുന്നത്! അദ്ദേഹം പറയുന്നു ‘സാധ്യമായിരുന്നില്ല’ എന്നാണ് സാധാരണ പരഭാഷ പറയാറുള്ളതെന്ന്. ആരാണ് അപ്രകാരം ചെയ്തിട്ടുള്ളതെന്ന് നാം ആലോചിക്കേണ്ടതില്ലേ? അഹ്ലു സ്സുന്നത്ത് വല്‍ ജമാഅത്ത് അംഗീകരിക്കുന്ന ഇബ്നു കഥീര്‍, ഖുര്‍ത്തുബി, ളഹാക്ക്, മുജാഹിദ് തുടങ്ങിയ ഇമാമുകള്‍. ഇവര്‍ രേഖപ്പെടുത്തിയതെല്ലാം തെറ്റും പിന്നെ മൌദൂദി കൊണ്ടു വന്നത് ശരിയും! നഊദുബില്ലാഹ്.
മിസ്റില്‍ ഒരു രാജാവുണ്ടെന്നും യൂസുഫ് നബി(അ) അവിടുത്തെ രാജനിയമത്തില്‍ പങ്കാളിയാണെന്നും ഒരു വ്യാഖ്യാന കസര്‍ത്തില്‍ മൌദൂദിക്ക് പറയേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അതും ബുദ്ധിപരമല്ലാത്ത ഉദ്ധരണിയായിപ്പോയി. അതിങ്ങനെയാണ്:”പിടിച്ചുവെക്കാന്‍ അധികാരമില്ലാത്തതുകൊല്ല, പ്രത്യുത, പ്രവാചകനെന്ന നിലയില്‍ തന്റെ വ്യക്തിഗതമായ കാര്യങ്ങളിലെങ്കിലും അല്ലാഹുവിന്റെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് അദ്ദേഹത്തിനു നിര്‍ബന്ധമായതു കൊണ്ടും അതില്‍ രാജനിയമത്തെ അനുസരിക്കുന്നത് തികച്ചും അനുചിതമായതു കൊണ്ടും മാത്രമായിരുന്നു.” (തഫ്ഹീമുല്‍ഖുര്‍ആന്‍, യൂസുഫ് 76-ാം ആയത്ത് വ്യാഖ്യാനം)
അപ്പോള്‍ അവിടെ ഒരു രാജാവും, രാജനിയമവും ഉണ്ടെന്ന് മൌദൂദി അംഗീകരിക്കുന്നു. എന്തൊക്കെയാണ് യൂസുഫ് നബി(അ)യുടെ വ്യക്തിഗതമല്ലാത്ത കാര്യങ്ങള്‍? വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് എന്തും എഴുതി വിടുകയോ? എന്തൊരു     ദുരന്തം!!!

യഥാര്‍ത്ഥത്തില്‍ വരാനിരിക്കുന്ന ക്ഷാമകാലാവസ്ഥയെ മുന്‍നിര്‍ത്തിയാണ് രാജാവില്‍ നിന്നും യൂസുഫ് നബി(അ) അധികാരത്തില്‍ നിന്നും ചോദിച്ചു വാങ്ങുന്നത്. രാജാവ് കണ്ട സ്വപ്നത്തിന് യൂസുഫ് നബി(അ) വ്യാഖ്യാനം നല്‍കുമ്പോള്‍ വരാനിരിക്കുന്ന ക്ഷാമവും വരള്‍ച്ചയുമെല്ലാം പറയുന്നുണ്ട്. അതെല്ലാം മനസ്സിലാക്കിയ യൂസുഫ് നബി(അ) മിസ്റിലെ അധികാരത്തില്‍ നിന്ന് ചോദിച്ചു വാങ്ങി പ്രസ്തുത ഉദ്വോഗം കൃത്യമായി നിര്‍വഹിക്കുകയും അങ്ങനെ അവിടത്തെ രാജാവിന് പ്രിയപ്പെട്ടവനും, ആ ഭരണത്തിന്റെ അമരക്കാരനുമായി തീര്‍ന്നു. അതല്ലാതെ തന്റെ പ്രവാചകത്വത്തിന്റെ നിയോഗം എന്ന അടിസ്ഥാനത്തിലല്ല അങ്ങനെ അധികാരം ചോദിച്ചു വാങ്ങിയത്. പ്രവാചകത്വ നിയോഗം എന്നത് ഇസ്ലാമിക ഭരണകൂടത്തിനു വേണ്ടി പരിശ്രമിക്കലാണെന്ന് ക്വുര്‍ആനില്‍ നിന്ന് നമുക്ക് തെളിവ് കാണുവാനേ കഴിയില്ല.
പ്രവാചകന്‍മാരുടെ നിയോഗ ദൌത്യം ഭരണ സംസ്ഥാപനമാണ് എന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ യൂസുഫ് നബി(അ) തനിക്ക് അധികാരത്തില്‍ നിന്ന് ചിലത് കിട്ടിയതിന് ശേഷം സമ്പൂര്‍ണ അധികാരത്തിനു വേണ്ടി ശ്രമിക്കുകയോ അനുയായികളെ അതിനുവേണ്ടി പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു ഇസ്ലാമിക ഭരണകൂട നിര്‍മ്മിതിക്ക് എല്ലാ സാധ്യതകളും വന്നു കിട്ടിയ മൂസാ നബി(അ) മുങ്ങിച്ചത്ത ഫിര്‍ഔനിന്റെ സിംഹാസനത്തില്‍ കയറിയിരിക്കാന്‍ ചെന്നിട്ടില്ല. ഫിര്‍ഔന്‍ വിട്ടേച്ചുപോയ അയാളുടെ പ്രജകളെകൂടി ഉള്‍കൊള്ളുന്ന ഒരു ഭരണകൂടം ഈജിപ്തില്‍ നടപ്പാക്കിയില്ല. ആസിയാ ബീവിയുടെ അവസ്ഥയും പ്രാര്‍ത്ഥനയും അറിയാമായിരുന്ന മൂസാ നബി(അ) ഒരവസരം കിട്ടിയിട്ടും, ആസിയാ ബീവിക്ക് അനുഭവിക്കാനായില്ലെങ്കിലും, മറ്റുള്ളവര്‍ക്കു വേണ്ടിയെങ്കിലും മിസ്റിന്റെ രാജാവായി വാഴാന്‍ തിരിച്ചു ചെന്നില്ല. അല്ലാഹുവിന്റെ നഷ്ടപ്പെട്ടുപോയ പരമാധികാരം തിരിച്ചു പിടിച്ചുകൊടുക്കേണ്ട ബാധ്യതയാണ് ഇതെല്ലാം എന്ന ജമാഅത്തുകാരുടെ അഹങ്കൃതി മൂസാ നബ(അ) ഉള്‍പ്പടെയുള്ള മറ്റു പ്രവാചകന്‍മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ല എന്ന് വ്യക്തം.
യൂസുഫ് നബി(അ) തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ ഇരുത്തിയത് കൊണ്ട് ആ രാജ്യത്തിന്റെ സമ്പൂര്‍ണ അധികാരം യൂസുഫ് നബി(അ)ക്കാണെന്ന് വാദിക്കുകയാണ് ജമാഅത്തെ ഇസ്ലാമി പിന്നീടായി ചെയ്യാറുള്ളത്. പ്രസ്തുത സംഭവം സൂറത്ത് യൂസുഫിലെ 100-ാം ആയത്തിലാണ് ഉള്ളത്. ഇവിടെയും നമ്മള്‍ സലഫുകളിലേക്ക് തിരിഞ്ഞുകൊണ്ട് പ്രസ്തുത സംഭവത്തിന്റെ വിശദീകരണം വായിക്കണം. യൂസുഫ് നബി(അ) തന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയ രംഗം അല്ലാഹു നമുക്ക് അറിയിച്ചു തന്നത് ഇപ്രകാരമാണ്:
“അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക.” (ക്വുര്‍ആന്‍.12:99)

ഇനി ഇബ്നു കഥീര്‍(റഹി) ഈ ആയത്തിന്റെ വിഷദീകരണത്തില്‍ കൊടുത്ത ചരിത്രത്തിന്റെ ഒരു ഭാഗം കാണുക:
“യഅ്ഖൂബ്(അ)യും കുടുംബവും അടുത്തെത്തി എന്ന വിവരം ലഭിച്ചപ്പോള്‍ യൂസുഫ്(അ) അവരെ സ്വീകരിക്കാന്‍ പുറപ്പെട്ടു. അല്ലാഹുവിന്റെ പ്രവാചകനായ യഅ്ഖൂബ്(അ)യെ സ്വീകരിക്കാന്‍ രാജാവ് മന്ത്രിമാരോടും പൌരപ്രമുഖരോടും അദ്ദേഹത്തോടൊപ്പം പുറപ്പെടാന്‍ കല്‍പിച്ചു. രാജാവടക്കം പുറപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു. അതാണ് കൂടുതല്‍ ശരി.” (തഫ്സീര്‍ഇബ്നു കഥീര്‍)
ഇവിടെ നാം മനസ്സിലാക്കി, യൂസുഫ് നബി(അ)യുടെ കുടുംബത്തെ സ്വീകരിക്കുന്നതിനു വേണ്ടി എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നത് മിസ്റിലെ രാജാവായിരുന്നു. ആ രാജാവ് അവിടെയുള്ള എല്ലാ പ്രമാണിമാരോടും യൂസുഫ് നബി(അ)യുടെ കുടുംബത്തെ സ്വീകരിക്കാന്‍ വേണ്ടി അതിര്‍ത്തിയിലേക്ക് പോകാന്‍ ആഹ്വാനം ചെയ്തതായും നാം കണ്ടു. എന്നിട്ട് ആ രാജാവടക്കം യൂസുഫ് നബി(അ)യോടൊപ്പം രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പോയി അവരെ സ്വീകരിച്ചതായും കാണുന്നു. തനിക്ക് ഇഷ്ടമുള്ള യൂസുഫ് നബി(അ)യുടെ മാതാപിതാക്കളെ അത്യുത്സാഹത്തോടു കൂടി രാജാവ് ആദരിച്ചു. അപ്പോള്‍ നേതൃത്വകാര്യങ്ങളില്‍ ആഹ്വാനം ചെയ്യുന്ന ഒരു രാജാവ് ഉണ്ട് എന്ന് വ്യക്തമാകുന്നു. അങ്ങനെയുള്ള ഒരു രാജാവിന്റെ അധികാരത്തില്‍ വരുന്ന ഒരു സിംഹാസനത്തില്‍ യൂസുഫ് നബി(അ)യുടെ മാതാപിതാക്കളെ ഇരുത്തിയതാണ് ജമാഅത്തെ ഇസ്ലാമിക്ക് തങ്ങളുടെ തീവ്രമതരാഷ്ട്ര വാദം സ്ഥാപിക്കുവാനുള്ള തെളിവ്! കഷ്ടം!!!
ജമാഅത്തെ ഇസ്ലാമി അതിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് ഇഖാമത്തുദ്ദീന്‍ (ദീനിനെ സ്ഥാപിച്ചു നിലനിര്‍ത്തുക) ആണല്ലോ. ഇഖാമത്തുദ്ദീനിന്റെ അര്‍ഥവും വിവക്ഷയും ജ.ഇ.യുടെ സ്ഥാപകന്‍ വിശദമാക്കുന്നത് അതിപ്രാധാന്യത്തോടെ മൌദൂദികള്‍ ചുമക്കാറുണ്ട്. വിശുദ്ധ ക്വുര്‍ആനിലെ 42:13 സൂക്തത്തിന് മൌദൂദി നല്‍കിയ വ്യാഖ്യാനമാണ് അത്. പ്രബോധനം ജ.ഇ. അമ്പതാം വാര്‍ഷിക പതിപ്പിലും ഇത് ഒരു ലേഖനമായി കൊടുത്തിട്ടുണ്ട്. ദീനിന്റെ സംസ്ഥാപനം എന്ന് പറഞ്ഞാല്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കലാണെന്ന് അവകാശപ്പെടുന്ന ഇവര്‍ അതിന് മുഖ്യമായും എടുത്തുകാണിക്കുന്ന ഈ ആയത്തിന് ഭരണവുമായി എത്രമാത്രം ബന്ധമാണ് ഉള്ളതെന്ന് നമ്മള്‍ ചിന്തിക്കേണ്ടതാണ്. ആയത്തും മൌദൂദിയുടെ പരിഭാഷയും താഴെ:
“നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ താങ്കളിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനു ശാസിച്ചിരുന്നതുമായ അതേ ദീനീസരണി തന്നെ നിങ്ങള്‍ക്ക് നിയമിച്ചു തന്നിരിക്കുന്നു. ഈ ദീനിനെ നിലനിര്‍ത്തുവിന്‍, ഇതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടു കൂടി.” (ക്വുര്‍ആന്‍. 42:13)
ഈ ആയത്തില്‍ നിന്നു തന്നെ സംശയമുക്തമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും ദീനിനെ നിലനിര്‍ത്തുവിന്‍, ഇതില്‍ ഭിന്നിക്കരുത് എന്ന് പറയുന്നതില്‍ അവര്‍ അവകാശപ്പെട്ട രൂപത്തിലുള്ള ഭരണവും അധികാരവും ഉള്‍ക്കൊള്ളുന്നില്ല എന്ന്. കാരണം നൂഹ്(അ), ഇബ്രാഹിം(അ), മൂസാ(അ), ഈസാ(അ) ഇവരില്‍ ആരെങ്കിലും ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുന്ന രീതിയില്‍ ഭരണം നിലനിര്‍ത്തിയിട്ടുണ്ടോ? ഇവിടെ അല്ലാഹു പറയുന്നത് നിങ്ങള്‍ ഈ ദീനിനെ നിലനിര്‍ത്തുവിന്‍ എന്നാണല്ലോ? നിലനിര്‍ത്തുവിന്‍ എന്നതിന്റെ ഉദ്ദേശ്യം മൌദൂദി തന്നെ പറയട്ടെ:
“ഈ ദീന്‍ എവിടെ സ്ഥാപിതമായിട്ടില്ലയോ അവിടെ അത് സ്ഥാപിക്കയായിരുന്നു അവരുടെ പ്രഥമബാധ്യത. അത് സ്ഥാപിച്ചിടത്ത് അല്ലെങ്കില്‍ നേരത്തെ സ്ഥാപിതമായിട്ടുള്ളിടത്ത് അതിനെ നിലനിര്‍ത്തുക അവരുടെ ദ്വിതീയ ബാധ്യതയായിരുന്നു. ഒരു സംഗതി സ്ഥാപിതമായി കഴിഞ്ഞ ശേഷമാണല്ലോ അതിനെ നിലനിര്‍ത്തല്‍ പ്രസക്തമാകുക. അല്ലെങ്കില്‍ സംസ്ഥാപനം നേരത്തെ നടന്നിരിക്കുകയും തുടര്‍ന്ന് നിലനില്‍ക്കാന്‍ നിരന്തര യത്നം ആവശ്യമാവുകയും ചെയ്ത സാഹചര്യത്തി.” (തഫ്ഹീമുല്‍ ഖുര്‍ആന, അശ്ശൂറാ 42:13 വ്യഖ്യാനം)
ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണപ്രകാരമുള്ള ഒരു ദീന്‍ ഈ പ്രവാചകന്‍മാരില്‍ ആരെങ്കിലും സ്ഥാപിച്ചിട്ടുണ്ടോ? ഒരു സംഗതി സ്ഥാപിതമായി കഴിഞ്ഞ ശേഷമാണല്ലോ അതിനെ നിലനിര്‍ത്തല്‍ പ്രസക്തമാകുക! മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ ഇഖാമത്തുദ്ദീന്‍ പ്രകാരം പ്രവാചകന്‍മാരില്‍ ഏറ്റവും ശ്രേഷ്ഠരായി അല്ലാഹു പരിചയപ്പെടുത്തിയ ഈ നാലു പ്രവാചകരില്‍ ഭരണം കിട്ടിയ ആരുമില്ലാഞ്ഞിട്ടും, എന്തുകൊണ്ട് ബഹുമതസമൂഹത്തില്‍ ജീവിച്ച അവരുടെ ദീനീസരണി മുഹമ്മദ് നബി(സ്വ)ക്കും അല്ലാഹു നിശ്ചയിച്ചു. ജമാഅത്തിന്റെ വീക്ഷണ പ്രകാരം അതിനേറ്റവും അര്‍ഹര്‍ രാജാധിപത്യം സമ്പൂര്‍ണ്ണമായിട്ടും ഉണ്ടായിരുന്ന ദാവൂദ്(അ)യും സുലൈമാന്‍(അ)യും ആയിരുന്നില്ലേ?! അല്ലാഹു ക്വുര്‍ആന്‍ സംരക്ഷിച്ചതില്‍ അവന് സര്‍വ്വ സ്തുതിയും.
കൂടാതെ, അല്ലാഹു ഈ ദീന്‍ നിലനിര്‍ത്തുവാന്‍ ആവശ്യപ്പെട്ടതിനു ശേഷം ഇതില്‍ ഭിന്നിക്കരുത് എന്ന താക്കീതും നല്‍കുന്നുണ്ട്. ഇതില്‍ നിന്നും വ്യക്തമാകുന്നത് ജമാഅത്ത് വിശദീകരിക്കുന്ന ഒരു ദീന്‍ അല്ല അതെന്നാണ്. ജമാഅത്ത് പഠിപ്പിക്കുന്ന ഒരു വീക്ഷണം നമുക്ക് നബി(സ്വ) പഠിപ്പിച്ചു തന്നതായി ഒരു രേഖയുമില്ല, മറിച്ച് മുഫസ്സിറുകള്‍ രേഖപ്പെടുത്തി കാണുന്നത് ആദം(അ)ന് അല്ലാഹു സത്യത്തെപ്പറ്റി ബോധനം നല്‍കിയിരുന്നു. അനന്തര തലമുറകളില്‍ എങ്ങനെയോ ചില തെറ്റായ വിശ്വാസാചാരങ്ങള്‍ കടന്നുുകൂടാന്‍ തുടങ്ങി. സത്യമതത്തില്‍ നിന്നുള്ള ഇത്തരം വ്യതിയാനങ്ങള്‍ തിരുത്തുവാനും മതത്തെ നേരാംവണ്ണം നിലനിര്‍ത്തുവാനുമാണ് പ്രവാചകന്‍മാരെല്ലാം നിയുക്തരായത് എന്നുള്ളതാണ്. അതേ ആയത്തില്‍ നമുക്ക് ഇപ്രകാരം കൂടി കാണാന്‍ സാധിക്കും:
“പ്രവാചകരേ, താങ്കള്‍ ഇവരെ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഗതി ഈ ബഹുദൈവവിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു.” (ക്വുര്‍ആന്‍. 42:13)
നബി(സ്വ) പ്രബോധനം ചെയ്ത സംഗതിയില്‍ ബഹുദൈവവിശ്വാസികള്‍ക്ക് എന്താണ് അസഹ്യമായി തോന്നിയിരുന്നത്? നൂഹ് നബി(അ), ഇബ്രാഹിം(അ), മൂസാ(അ), ഈസാ(അ) തുടങ്ങിയവര്‍ പ്രബോധനം ചെയ്ത അതേ സംഗതി തന്നെയല്ലെ മുഹമ്മദ് നബി(സ്വ)യും പ്രബോധനം ചെയ്തത്. ഇതില്‍ ഭരണ സംസ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കാര്യം പോലും നബി പ്രബോധനം ചെയ്യുകയോ, അത് ബഹുദൈവ വിശ്വാസികള്‍ക്ക് അസഹ്യമായി അനുഭവപ്പെടുകയോ ചെയ്തതായി പ്രമാണങ്ങളില്‍ കാണാന്‍ കഴിയില്ല. മറിച്ച് അവര്‍ക്ക് അസഹ്യമായിരുന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വിഷയമാണ്.
സഹോദരങ്ങളെ, ഏതെങ്കിലും വ്യക്തികളോടോ സംഘടനകളോടോ ഉള്ള അനുരാഗാത്മകഭ്രമം സത്യാന്വേഷണത്തിന്റെ പാതയില്‍ നമുക്ക് ഒരിക്കലും തടസ്സമായിക്കൂടാ. ഭരണം അട്ടിമറിക്കാന്‍ അനുയായികളെ പ്രേരിപ്പിക്കുയും അനിസ്ലാമിക ഭരണകൂടത്തില്‍ ജീവിക്കുന്ന മുസ്ലിമുകള്‍ യഥാര്‍ത്ഥ മുസ്ലിമുകളല്ല എന്ന സന്ദേഹം ജനിപ്പിക്കുയും, അതിനായി പ്രവാചകന്‍മാരുടെയെല്ലാം ചരിത്രത്തെ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നത് അപകടകരമാണ്. പൂര്‍വ്വസൂരികളുടെ നിലപാടുകള്‍ക്ക് എതിരാണ് സമകാലികരായ പണ്ഡിതരുടെ ഈ രൂപത്തിലുള്ള വ്യാഖ്യാനമെങ്കില്‍, സലഫുകളിലേക്ക് തിരിയാന്‍ തടസ്സം നില്‍ക്കുന്നത് എന്താണോ; അത് വലിച്ചെറിയാനാണ് നമ്മള്‍ ആദ്യം തയ്യാറാകേണ്ടത്. അതിനുപകരം കേവലം ജമാഅത്തെ ഇസ്ലാമിയുടെ ഭൂതകണ്ണാടിയിലൂടെ മാത്രം ചരിത്രത്തെ പുനര്‍വായന നടത്തിയാല്‍ തികച്ചും ഇസ്ലാമിക വിരുദ്ധമായ ആദര്‍ശങ്ങള്‍ മാത്രമായിരിക്കും ആ അന്വേഷകന് ലഭിക്കുക. അഭാഹുവേ നിന്റെ കാവലിനായി തേടുന്നുു!

ലേഖകന്‍
Mar-2012